Sunday 6 September 2015

പേരിടാനാവാത്ത ചിത്രം




ഒരു ചിത്രം ..അതെന്നെ അലോസരപ്പെടുത്തുവാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി.വർണ്ണ ശബളമായ കുട്ടിയുടുപ്പുമണിഞ്ഞ് തിരമാലകളുടെ താരാട്ട് പാട്ടിൽ ലയിച്ച് മണൽതരികളിൽ തുടുത്തകവിളുകളമർത്തി, ഐലാൻ കുർദി നിന്റെ മരണ ചിത്രം. കണ്ണുകൾ തുറന്നു പിടിച്ചാലും ഇറുക്കിയടച്ചാലും ഈയൊരു ചിത്രം മാത്രം. നിദ്രയുടെ,അല്ലെങ്കിൽ പിണക്കത്തിന്റെ, ഓമനത്തം തുളുമ്പുന്ന ഈയൊരു ശരീര ഭാഷ ഒരുപാട് കുഞ്ഞുങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്.പക്ഷെ അവരൊക്കെയും ഉറക്കമുണർന്ന് നിറപുഞ്ചിരി ഈ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്.പക്ഷെ ഐലാൻ നീമാത്രം ഒരിക്കലുമുണരാത്ത നിദ്രയിൽ നിസ്സഹായനായി കിടക്കുന്നു.

കെട്ടുകഥയല്ലിത്, സാഹിത്യ സൃഷ്ടിയുമല്ല.ഇന്നലെ, ഇരുളടഞ്ഞ രാത്രിയിലെപ്പോഴൊ, ഭയപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടു.വലിയ മാളികയുടെ ജനലഴികളിലൂടെ ഒരു നനുനനുത്ത പുലരി.റോഡിൽ നിറയെ മഞ്ഞ ജമന്തിപ്പൂക്കൾ. ഇന്നെന്താഘോഷം എന്ന് ചിന്തിച്ചിരിക്കെ വഴിയോരങ്ങളിൽ ആളുകൾ കൂടിതുടങ്ങി.പിന്നെ സൂചി കുത്തുവാനിടമില്ലാത്തവണ്ണം ജനസാഗരം.പാദങ്ങൾക്കടിയിൽ പെട്ട് ഞെരിഞ്ഞമരുന്ന ജമന്തിപ്പൂക്കൾ.ഉയരുന്ന നിലവിളികൾ,നിശബ്ദമായ തേങ്ങലുകൾ.ഒരു കൈകുഞ്ഞിന്റെ ശവമഞ്ചലുമേന്തി ഒരു കൂട്ടർ ആ തിരക്കിലൂടെ പതിയെ നീങ്ങുന്നു.വേദനയോടെ നോക്കി നില്ക്കെ, അതിനു പിന്നിൽ മറ്റൊരു കുഞ്ഞിന്റെ മഞ്ചൽ..അതിനു പിന്നിൽ മറ്റൊന്ന്..പത്ത്..നൂറ​‍്..ആയിരം..എണ്ണിയാലൊടുങ്ങാത്ത ശവമഞ്ചലുകൾ.എല്ലാത്തിലും വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞുങ്ങൾ മാത്രം.ഒന്നുമറിയാതെ, കണ്ണുകളടച്ച് ദൈവിക സൗന്ദര്യത്തിൽ അവർ.എന്റെ ഹൃദയമിടിപ്പിനു കട്ടികൂടി,രോദനം തൊണ്ടയിൽ കുടുങ്ങി.ഒക്കെയും എനിക്ക് പരിചിതരായ കുഞ്ഞുങ്ങൾ.ഉറ്റവരുടെ, ഉടയവരുടെ, സുഹൃത്തുക്കളുടെ.ഇരുണ്ട പുലരിയിൽ അവർ മുന്നോട്ടൊഴുകുന്നു.
‘എന്താണു സംഭവിച്ചത്??’
.ആരും കേൾക്കാത്ത നിലവിളിയിൽ ഞാൻ ജനൽ ചില്ലുകളിൽ  ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.
‘ഞങ്ങൾ പ്രതിഷേധിക്കുകയാണു..ഇനിയൊരിക്കലും ഞങ്ങൾ തിരികെ വരില്ല..ഞങ്ങൾ പ്രതിഷേധിക്കുകയാണു..’   കണ്ണുകൾ തുറക്കാതെ ,ചുണ്ടുകളനക്കാതെ,ഒളിപ്പിച്ചു വെച്ച കള്ള ചിരികളോടെ, മരിച്ച കുഞ്ഞുങ്ങൾ ഒരേ സ്വരത്തിൽ എന്നോട് സംസാരിക്കുന്നു.
ഉറക്കെ കരഞ്ഞു കൊണ്ട് ,ഒരിക്കലും തുറക്കാത്ത ജനൽ പാളികളിൽ ഞാൻ ആഞ്ഞടിച്ച് കൊണ്ടേയിരുന്നു.
‘അവർ ഉറങ്ങുകയാണു..നമ്മളെ പറ്റിക്കുകയാണു..ആ കുഞ്ഞുങ്ങൾ മരിച്ചിട്ടില്ല..അവരൊക്കെയും നമ്മളെ പറ്റിക്കുകയാണു’ -വിളിച്ചു പറയാൻ ശ്രമിച്ചതൊക്കെയും തൊണ്ടയിൽ കുരുങ്ങിക്കിടന്നു.സംസാരശേഷിയില്ലാത്തവന്റെ വിലാപം പോലെ അവയെന്നെ വീർപ്പുമുട്ടിച്ചു.
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഓരോരുത്തരെയും ഞാൻ പേരു ചൊല്ലി വിളിച്ചു.കുഞ്ഞു പിടിവാശിയെന്ന പോൽ ആരുമാരും കണ്ണു തുറന്നില്ല.‘ഇനി ഞങ്ങൾ തിരികെ വരില്ല’ ആ വാക്കുകൾ മാത്രം എല്ലായിടത്തും അലയടിച്ചു കൊണ്ടേയിരുന്നു.
നിസ്സഹായതയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കാഴ്ചകളൊക്കെയും മറഞ്ഞു.കാഴ്ചകൾ വീണ്ടും തെളിഞ്ഞപ്പോൾ വഴി വിജനമായിരുന്നു. ചതഞ്ഞരഞ്ഞ ജമന്തിപ്പൂവുകൾക്ക് മുകളിൽ കുഞ്ഞുടുപ്പുകൾ, പല വർണ്ണത്തിലുള്ള കുഞ്ഞു ചെരിപ്പുകൾ, കളിക്കോപ്പുകൾ, നന്നെ ചെറിയ വളപ്പൊട്ടുകൾ.എല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഭ്രാന്തമായി അവയൊക്കെയും ചികഞ്ഞു മാറ്റിയപ്പോൾ മുഷ്ടി ചുരുട്ടിയ ഒരു കുഞ്ഞു കൈ തെളിഞ്ഞു വന്നു.  ഞെട്ടിത്തെറിച്ച് ഞാൻ ഉണർന്നു, എന്റെ സ്വപ്നത്തിൽ നിന്നും. ആരുടേതായിരുന്നു ആ കൈകൾ?ഐലാൻ നിന്റേതോ? 

അതോ എന്റെ പൊന്നോമനകളുടേത്? അറിയില്ല.ഉണർന്നെഴുന്നേറ്റപ്പോഴും സിരകളെ മരവിപ്പിച്ച് ആ സ്വപ്നത്തിന്റെ തിരുശേഷിപ്പ് എന്നിൽ ബാക്കി കിടപ്പുണ്ടായിരുന്നു.ഇരുട്ടിലേക്ക് നോക്കുവാൻ എന്റെ ഈ പ്രായത്തിലും ഞാൻ ഭയപ്പെട്ടു എന്ന് ലജ്ജയോടെ പറയട്ടെ..  

ഐലാൻ ,പിണങ്ങിയെന്ന മട്ടിലുള്ള നിന്റെയീ കിടപ്പ് ഒരു മരണ ചിത്രമായി കാണുവാൻ എനിക്ക് 

സാധിക്കുന്നില്ല. ഒരു പ്രതിഷേധമായി കാണുവാനാണെനിക്കിഷ്ടം.മതങ്ങളുടെ പേരിൽ കടിച്ചു കീറുന്നവനോടുള്ള പ്രതിഷേധം, അധികാരത്തിനും പണത്തിനും വേണ്ടി രാജ്യങ്ങൾ 
പിടിച്ചടക്കുന്നവനോടുള്ള പ്രതിഷേധം,ജീവൻ ഭയന്ന് പലായനം ചെയ്യപ്പെടേണ്ടി വരുന്നവന്റെ പ്രതിഷേധം,അന്ധത ബാധിച്ച കോടാനുകോടി ദൈവങ്ങളോടുള്ള പ്രതിഷേധം. 
പ്രതീകമാണു നീ..കായലുകളിലും കടലുകളിലും ഇനിയും അടിഞ്ഞു കൂടുവാനുള്ള കുഞ്ഞുങ്ങളുടെ, മത വൈരാഗ്യത്തിന്റെ പേരിൽ വന്മരങ്ങളുടെ ചില്ലകളിൽ കുരുങ്ങിക്കിടക്കുവാൻ പോകുന്ന കുഞ്ഞുങ്ങളുടെ,അധികാര വടംവലിയിൽ തകർന്നടിയുന്ന കെട്ടിടങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ബാല്യങ്ങളുടെ, ശക്തി പ്രകടനങ്ങൾക്കിടയിൽ ചിതറിത്തെറിക്കുന്ന കുഞ്ഞു ശരീരങ്ങളുടെ..എല്ലാത്തിന്റെയും എല്ലാത്തിന്റെയും പ്രതീകമാണു നീ.പക്ഷെ നീയറിയുന്നുവോ?അന്നും എന്നെ പോലുള്ളവർ ചങ്ക് പറിച്ചെഴുതും , കരയും..മൂന്നാം നാൾ എല്ലാം മറക്കും, ദേശത്തിനും മതത്തിനും സംഘടനകൾക്കും വേണ്ടി പുതിയ പ്രത്യയ ശാസ്ത്രങ്ങൾ രചിക്കും..അത് മാത്രമാണു സത്യമെന്ന് വിശ്വസിക്കും,വിശ്വസിപ്പിക്കും...കൊല്ലും..ചാകും..ഏതാനും വ്യക്തികളുടെ സന്തോഷത്തിനും സുഖജീവിതത്തിനും വേണ്ടി ബഹു ഭൂരിപക്ഷം തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഈ നാടകം അന്തമില്ലാതെ നീളും..

കണ്ണുകൾ വീണ്ടും നിറയുന്നു..കാഴ്ചകൾ വീണ്ടും മറയുന്നു, ഐലാൻ,നിന്റെയീ പ്രതിഷേധത്തിൽ, പ്രതീകാത്മകതയിൽ..ഈ കിടപ്പിൽ.. 

9 comments:

  1. enteyum kannu nanayicha chithram, athallenkilum daveen janichathilppinne kanneerodukoodeyallathe oru kunjineyum vayikkan enikk kazhiyarilla, ee chithram njan marakkane sramichu kondirikkunnathan

    ReplyDelete
  2. ണ്ണുകൾ വീണ്ടും നിറയുന്നു..കാഴ്ചകൾ വീണ്ടും മറയുന്നു, ഐലാൻ,നിന്റെയീ പ്രതിഷേധത്തിൽ, പ്രതീകാത്മകതയിൽ..ഈ കിടപ്പിൽ..

    ReplyDelete
  3. മനുഷ്യൻ മൃഗമായി മാറുമ്പോള്‍......മദം കൊണ്ട മൃത്യു ആടിത്തിമിര്‍ക്കുന്നു.......
    ഹൃദയഹാരിയായി എഴുത്ത്......

    ReplyDelete
  4. ഈ കുഞ്ഞിന് ഈ ഗതി വരുത്തിയവര്‍ ഈ ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റപ്പെടുന്ന ഒരു പുലരിക്കു വേണ്ടി നമുക്ക് കാത്തിരിക്കാം.
    അതുണ്ടാവുകതന്നെ ചെയ്യും. ചരിത്രം സാക്ഷി. !!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  5. അവന്‍ മരിച്ചത് അനേകരുടെ കണ്ണ്ണുകള്‍ തുറപ്പിച്ചുകൊണ്ടാണ്.

    ReplyDelete
  6. ബ്ലോഗിൽ കഥയുണ്ടോന്നു നോക്കി വന്നതാണ്. കണ്ണുകൾ നനയിച്ചു. ഇപ്പോഴും ഇടക്കൊക്കെ ടീവിയിൽ ഈ ചിത്രം വീണ്ടും നമ്മുടെ കണ്ണുകൾ നിറയിക്കുകയാണ്. എനിക്കതിലേക്ക് നോക്കാൻ ഉള്ള ശക്തിയില്ല അതാണ്‌ സത്യം.

    ReplyDelete
  7. നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ് പലപ്പോഴും ഇരകളായി മാറുന്നത്......
    എന്നിട്ടും തുറക്കാത്ത കണ്ണുകളിൽ ഒട്ടും നനവു പടരുന്നില്ല.....

    ReplyDelete
  8. എന്ത്‌ ചെയ്യാൻ!!!ഭീകരവാദത്തിന്റെ ഇരകളാകാൻ വിധിയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ പ്രതിനിധി.!!!

    ReplyDelete
  9. പിടിച്ചടക്കുന്നവനോടുള്ള പ്രതിഷേധം,
    ജീവൻ ഭയന്ന് പലായനം ചെയ്യപ്പെടേണ്ടി
    വരുന്നവന്റെ പ്രതിഷേധം,അന്ധത ബാധിച്ച
    കോടാനുകോടി ദൈവങ്ങളോടുള്ള പ്രതിഷേധം.

    ReplyDelete