Saturday, 8 April 2017

വനിതാ ദിനങ്ങൾഏഴെട്ട് വർഷങ്ങൾക്ക് മുൻപാണ്. മഹാ ധൈര്യശാലിയായ ഞാൻ ഒൻപതാം നിലയിലെ ഓഫിസിലേക്കുള്ള മാർഗ്ഗമധ്യേ ലിഫ്റ്റിൽ കുടുങ്ങി.ലിഫ്റ്റ് അക്രമകരമായി പെരുമാറാൻ തുടങ്ങിയപ്പോ, ഏറു കൊണ്ട നാടൻ പട്ടിയെക്കാൾ ഭേഷായി ഞാൻ മോങ്ങി. കൂടെയുണ്ടായിരുന്നവരും നന്നെ പേടിച്ചെങ്കിലും എന്റെ തകർപ്പൻ പ്രകടനം നോക്കി നിന്നതിനാൽ അവർക്കൊന്നും കരയാൻ സമയം കിട്ടിയില്ല.എന്തോ ആവട്ടെ..ദയ തോന്നിയ ലിഫ്റ്റ് പാതി വളഞ്ഞു തുറക്കപ്പെടുകയും ഞങ്ങളെല്ലാവരും ചാടി രക്ഷപ്പെടുകയും ചെയ്തു.ശേഷം കുറെ നാൾ ലിഫ്റ്റിൽ കയറാതെ ഈ ഒൻപത് നിലയും ഞാൻ നടന്നു കയറുകയാണുണ്ടായത്.(അത് പേടി കൊണ്ടൊന്നുമല്ല😎..ഒൻപത് നില നടന്നുകയറുന്നത് ആരോഗ്യത്തിനു വളരെ വളരെ നല്ലതാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുള്ളത് പോലെ ഒരു തോന്നൽ...).

അങ്ങനെയൊരുനാൾ പടികൾ കയറി ക്ഷീണിച്ചു..I mean... സന്തോഷിച്ചു മുകളിലെത്താറായപ്പോഴാണ് ഞാനാ സ്ത്രീയെ കാണുന്നത്. ഓഫീസിൽ തറ തുടയ്ക്കാൻ വരുന്ന സ്ത്രീയാണ്.55-60 വയസ്സുണ്ടേലും നമ്മളെയൊക്കെ ഭയങ്കര ബഹുമാനമാണ്. അവരുടെ നിൽപ്പിൽ എനിക്കല്പം പന്തികേട് തോന്നി.ഗോവണി പിടിയിൽ കയ്യമർത്തി ആസ്മാ രോഗികളെ പോലെ ശ്വാസം വലിച്ചു വിടുന്നു.

"ഏനായിത്തു അമ്മാ..?" 
കന്നഡയിൽ എനിക്കറിയാവുന്ന ശുഷ്ക വാക്കുകൾ ഞാൻ കീച്ചി.

അവർ കണ്ണുകളുയർത്തി എന്നെ നോക്കി.സജലമായ കണ്ണുകൾ.

"എന്നാച്ചു..?യാവുദു പ്രോബ്ലം ഹെ?" ( ഇതേത് ഭാഷ എന്ന് ചോദിക്കരുത്..അറിയാവുന്നതല്ലേ നമുക്ക് പ്രയോഗിക്കാൻ പറ്റൂ..)

അവർ മറുപടിയൊന്നും പറയാതെ കുറച്ചു നേരം എന്നെ നോക്കി നിന്നു.അവർക്ക് നന്നേ ശ്വാസം മുട്ടുന്നപോലെ തോന്നി. പിന്നെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഒരു വലിയ കരച്ചിലോടെ അവർ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.അന്തം വിട്ട് നോക്കി നിന്ന എന്നെ അവർ കയ്യിലെ ചുവന്ന പാടുകൾ കാണിച്ചു തന്നു നിർത്തലില്ലാതെ കരഞ്ഞു. ആരോ തല്ലിയതാണ്. പിന്നെ പിന്നെ ഭാഷയ്ക്ക് തെല്ലും പ്രസക്തിയില്ലാതായി. തല്ലിയത് സ്വന്തം മകനാണെന്നു മനസിലായതോടെ സത്യത്തിൽ ഞാൻ ഞെട്ടി നിന്നു. പാതിയും മനസ്സിലായില്ലെങ്കിൽ കൂടിയും അവർ പറഞ്ഞതൊക്കെയും അരമണിക്കൂറോളം ഞാൻ മൂളിക്കേട്ടുകൊണ്ടിരുന്നു.കണ്ണീർമഴ ശമിച്ചപ്പോൾ അവരിൽ അല്പം ആശ്വാസം കണ്ടു.പറയുവാനൊന്നും എനിക്കില്ലായിരുന്നു.കയ്യിലുള്ള കുറച്ചു കാശ് അവർക്ക് നേരെ നീട്ടിയപ്പോൾ അവർ കണ്ണീരിൽ കുതിർന്ന ചിരിയോടെ 'ബേഡ സാർ'  എന്ന് പറഞ്ഞ് തറ തുടയ്ക്കാനുള്ള സാമഗ്രികളുമായി ഓഫീസിനകത്തേക്ക് കയറി.കുറച്ചു നാളത്തേക്ക് ആ കണ്ണുനീർ എന്നെ  ഉലച്ചിരുന്നു.സാക്ഷരതയിൽ പിന്നോക്കം നിൽക്കേണ്ടി വരുന്ന നാടുകളുടെ ദുരവസ്ഥയെന്നു നിരീച്ചു സമാധാനിച്ചു.

ഈ സംഭവം ഇപ്പോൾ ഓർക്കുവാൻ ഒരു കാരണമുണ്ട്.ഇക്കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോ ഒരു ബന്ധു വീട് സന്ദർശിച്ചു. അകന്ന ബന്ധത്തിലെ ഒരു വല്യമ്മാവന്റെ വീടാണ്.അമ്മാവൻ കാലങ്ങൾക്ക് മുന്നെ മരിച്ചതാണ്. വല്യമ്മായി ഒറ്റയ്ക്കാണ് താമസം.മക്കളൊക്കെ നല്ല നിലയിൽ. മക്കളെക്കുറിച്ചു ചോദിച്ചപ്പോൾ വല്യമ്മായി വളരെ ദൃഢമായ വാക്കുകളിൽ  പറഞ്ഞു. 

"ആ..അവർക്കൊന്നും ഇപ്പൊ എന്നെ വേണ്ട. കൊടുക്കേണ്ടതൊക്കെ,
അത് സ്നേഹമായാലും സ്വത്തായാലും കൊടുക്കേണ്ട സമയത്തു കൊടുത്തിട്ടുണ്ട്.ഇപ്പൊ ദേ..ഇക്കാണുന്ന കൊച്ചുപറമ്പിനും പൊളിഞ്ഞു വീഴാറായ കൂരയ്ക്കും വേണ്ടിയാ വഴക്ക്..അങ്ങനെ ഇതൊക്കെ കൊടുത്താലേ അവർക്ക് സ്നേഹിക്കാൻ പറ്റുള്ളൂവെങ്കിൽ ആ സ്നേഹം എനിക്ക് വേണ്ടന്ന്...!!".
അവരുടെ മറുപടി വളരെ ഉറച്ചതായിരുന്നു.

"എന്നാലും..ഒറ്റയ്ക്ക്..അതും ചുറ്റുവട്ടത്ത് ആൾ താമസം പോലുമില്ലാത്ത ഈ സ്ഥലത്തു..??" ഞാൻ ചോദിച്ചു.

"എടാ മോനെ..നെനക്കറിയാവോ..കഴിഞ്ഞ  കുറെ കാലമായി ഞാനിവിടെ ഒറ്റയ്ക്കാ..ഒരാളുടേം സഹായം തേടി ഞാൻ പോയിട്ടില്ല. സ്വന്തം മക്കള് തിരിഞ്ഞു നോക്കാത്ത ഞാനെങ്ങനാടാ വേറൊരാളുടെ അടുത്തു സഹായത്തിനു പോണത്..??"

അവരുടെ ഉറച്ച ശബ്ദത്തിൽ വിള്ളലുകൾ വീഴുന്ന പോലെ. ഒരു നിമിഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.

"കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ പനി പിടിച്ചു കിടപ്പിലായിരുന്നു.ഒന്നെഴുന്നേറ്റു നടക്കാൻ പോലും ത്രാണിയില്ലാരുന്നു. എന്നിട്ടും ഞാൻ പിടിച്ചു നിന്നു.ഒറ്റയ്ക്ക് കഞ്ഞിയുണ്ടാക്കി കുടിച്ചു. എന്റെ മക്കളെ ഒരു ദിവസം പോലും ഈ വഴിക്ക് കണ്ടില്ല.."

ഒരൊറ്റ നിമിഷം കൊണ്ട് ആ അമ്മ ചങ്ക് തടവി കരയാൻ തുടങ്ങി. കാലങ്ങളായി അവരടക്കി വെച്ചിരുന്ന കണ്ണുനീരൊക്കെയും അണപൊട്ടിയൊഴുകി.

ഇതേ കണ്ണുനീരും ഇതേ കരച്ചിലുമാണ് വർഷങ്ങൾക്ക് മുൻപ്  ഓഫിസ് ഗോവണിയിൽ വെച്ചു ഞാൻ കണ്ടത്. നിശബ്ദനായി ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതി. എന്നാൽ പിന്നീട് നാട്ടിൽ നിന്ന ഒരു മാസത്തിനുള്ളിൽ ഇങ്ങനെ ഒരുപാട് പേരെ കണ്ടു. 'ഒരുപാട് പേർ' എന്ന വാക്കിൽ അതിശയോക്തി അല്പം പോലുമില്ല!!
സത്യമാണ്!!ഒരുപാട് പേർ..സമ്പൂർണ്ണ സാക്ഷരതയെന്നാൽ എഴുത്തും വായനയും അറിയാമെന്നുള്ളത് മാത്രമല്ലെന്ന് എന്നാണു നമ്മൾ മനസിലാക്കുക? അമ്മ- അച്ഛൻ എന്ന വാക്കുകളുടെ വിലയറിയണമെങ്കിൽ ഒന്നോ രണ്ടോ അനാഥാലയങ്ങൾ സന്ദർശിച്ചാൽ തന്നെ ധാരാളം.ആ കുരുന്നുകളുടെ കണ്ണുകളിലെ,ഒരിക്കലും നടക്കാത്ത പ്രതീക്ഷകളാണ് നമ്മളിൽ പലരും പുച്ഛിക്കുന്ന ഈ വാർധക്യ ദേഹങ്ങൾ..
അമ്മമാരോട്  അവരുടെ ചങ്ക് തകർക്കുന്ന വാക്കുകൾ പുലമ്പുമ്പോൾ നമ്മുടെ ശൈശവ-ബാല്യ-കൗമാരങ്ങളെ പറ്റിയും ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്. അവർ കൈപിടിച്ച് തന്നാണ് നമ്മൾ നടന്നു തുടങ്ങിയത്. ഓരോ കരച്ചിലിലും ആദ്യം കണ്ണുനീരൊപ്പി തന്നത് അമ്മമാരാണ്.നമ്മുടെ ഓരോ മുറിവുകളിലും നമ്മളെക്കാൾ കരഞ്ഞത് അവരാണ്.ഒരു പനി വരുമ്പോൾ കൂടെ കെട്ടിപ്പിടിച്ചു കിടക്കാൻ അവരെ ഉണ്ടായിരുന്നുള്ളു. നമുക്ക് വേണ്ടി പല രാത്രികളും ഉറക്കമൊഴിച്ചിരുന്ന ഒരേയൊരു സ്‌ത്രീ അമ്മ മാത്രമാണ്. ഇന്നിതൊക്ക ഓർക്കുമ്പോൾ പുച്ഛം തോന്നുമായിരിക്കും.കാരണം നമ്മളൊക്കെ അവരെക്കാളും വിദ്യാഭ്യാസം നേടി..വളർന്നു..ലോകം ഒരുപാട് കണ്ടു.. പക്ഷെ കണ്ണടച്ചാൽ ഇരുട്ടാവില്ലെന്നു ഓർക്കുന്നത് നല്ലതാണ്..ഒക്കെയും നമ്മൾ വെട്ടിപ്പിടിച്ചത് അവർ തന്ന കരുതലുകൾ കൊണ്ടാണ്..സ്നേഹം കൊണ്ടാണ്..രാവിലെ നമുക്കും മുൻപേ എഴുന്നേറ്റു ഒരുക്കി വെച്ച ഭക്ഷണമാണ് നമ്മുടെ ഇന്നത്തെ ഈ തടി..ഈ ആരോഗ്യം..അമ്മമാരുടെ കണ്ണുനീരിന് നീറ്റൽ കൂടും..വീട്ടിലൊരു യുദ്ധമുണ്ടായാൽ പുരുഷഗണങ്ങൾ സാധാരണ ഇറങ്ങിപ്പോകാറാണ് പതിവ്. സ്വസ്ഥത കിട്ടുന്ന സ്ഥലം തേടി പോകും. അമ്മമാരൊക്കെയും അടുക്കളയെന്ന നാല് ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടി കരയാറെ ഉള്ളു. അവരുടെ ആ കണ്ണുനീരിനോളം വരുന്ന ശാപം മറ്റൊന്നുമുണ്ടാവില്ല. 

അമ്മൂമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. 'ആറും അറുപതും ഒരുപോലെ' യാണെന്ന്.. നമ്മുടെ ആറാം വയസിൽ നമ്മുടെ മാതാപിതാക്കന്മാർ എത്ര കരുതലോടെ നമ്മളെ നോക്കിയോ അത് പോലെ അവരുടെ അറുപത് വയസ്സിൽ നമ്മളവരോട് പെരുമാറണം..അതാണ് ഹീറോയിസം!!ശരിയും തെറ്റും ആരുടെ പക്ഷത്തു എന്ന വാദത്തിനു ഇവിടെ അല്പം പോലും പ്രസക്തിയില്ല. അവർ പറയുന്നതിലും ചെയ്യുന്നതിലും ഒരുപാട് ശരികേടുകൾ ഉണ്ടായേക്കാം..നമ്മുടെ മുൻകാലങ്ങളിൽ നമ്മൾ കാണിച്ച ശരികേടുകളൊക്കെയും ക്ഷമിച്ചവരാണവർ. തെമ്മാടിയും തന്നിഷ്ടക്കാരനുമായി ജീവിക്കാം. പക്ഷെ പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന തെമ്മാടിത്തരത്തെ ഒരിക്കലും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. 

...ഈ അമ്മമാരുടെ കണ്ണുനീരിനിടയിലും  ആരൊക്കെയോ 'വനിതാ ദിനം' ന്നൊക്കെ പറയുന്നു!എന്താത്..??

(Nb: ഇത്രയൊക്കെ പറഞ്ഞ ഞാൻ ഒരു ഭയങ്കര മാന്യനും സ്നേഹം വഴിഞ്ഞൊഴുകുന്നവനാണെന്നും ഒന്നും ആരും തെറ്റിദ്ധരിക്കേണ്ട... മാതാശ്രീ,പെങ്ങൾശ്രീ,സൗഹൃദശ്രീ  ഗണത്തിൽ പെടുന്ന എല്ലാ സ്ത്രീജനങ്ങളുമായി  ഒരുളുപ്പുമില്ലാതെ ഗംഭീര വഴക്കടിച്ചിട്ടുണ്ട്..ഇപ്പോഴും വഴക്കിടാറുണ്ട്!!
പക്ഷെ യുദ്ധങ്ങളൊക്കെയും, ഏറിയാൽ ഒരു മണിക്കൂർ..അതിനപ്പുറത്തേക്ക്  കൊണ്ട് പോവ്വാറില്ല!!വെള്ളക്കൊടിയുമായി ചെന്ന് ഞാൻ തന്നെ യുദ്ധം അവസാനിപ്പിക്കാറുണ്ട്..)

Thursday, 7 July 2016

വെറുമൊരു മോഷ്ടാവായോരെന്നെ...

ചില സമയത്ത് വണ്ടികളു പണി തരും.നല്ല എട്ടിന്റെ പണി.അയലോത്തെ സുന്ദരിയും അപ്പനും അമ്മയും ഇപ്പൊ താഴെ എത്തും.എയർപോർട്ടിലേക്ക് ടാക്സിക്ക് പോകാൻ പ്ളാൻ ചെയ്ത അവരെ പിന്തിരിപ്പിച്ച് ,കഴിഞ്ഞ ആഴ്ച മേടിച്ച എന്റെ സ്വന്തം കാറിലു...(എന്താ പറഞ്ഞെ..??)എന്റെ സ്വന്തം കാറിലു കൊണ്ട് വിടാംന്നൊരു വാഗ്ദാനം കൊടുത്തു.രാത്രി പതിനൊന്ന് മണിക്കാണു ഫ്ളൈറ്റ്.നേരത്തെ എറങ്ങേണ്ട ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് വൈകിപ്പിച്ചത് ഈയുള്ളവൻ തന്നെ.വണ്ടിയുടെ ഡിക്കിയിലുള്ള ആക്രി സാധനങ്ങളൊക്കെ ഒന്നെടുത്ത് മാറ്റി ലഗ്ഗേജ് വയ്ക്കാനുള്ള സ്ഥലമൊരുക്കാൻ താഴേക്ക് വന്നതാണു ഞാൻ.ദേ മുട്ടൻ പണി.ഡിക്കി തുറക്കുന്നില്ല.അത് പോട്ടെ.ഡോറും പണിമുടക്കി.ഹൊ!! ഇന്നലെ വരെ എന്തൊരു ആർമ്മാദിപ്പായിരുന്നു.വണ്ടിയുടെ ഗുണഗണങ്ങൾ വർണ്ണിപ്പിച്ച് കേൾപ്പിക്കൽ,സൗന്ദര്യ വിവരണം...ഈ അവസ്ഥ അവരു കണ്ടാ..നാണം കെട്ട് ചാവും.വണ്ടിയുടെ ചില്ലു പൊളിച്ച് അകത്ത് കടന്നാലോന്ന് വരെ ആലോചിച്ചു.ടയറിനിട്ട് നാലു ചവിട്ടും കൊടുത്ത് തലയിൽ കയ്യ് വെച്ച് കുന്തിച്ചിരുന്നു.സുന്ദരി വരെ കളിയാക്കും.ആദ്യമായിട്ട് ഐ ലവ് യൂ ന്നു പറഞ്ഞവളാണു.ഒരു ചോക്കളേറ്റ് ബിസ്കറ്റ് കൊടുത്തതിനാണു അത് പറഞ്ഞതെങ്കിലും ആദ്യായിട്ട് ഒരാളു മുഖത്ത് നോക്കി ഐ ലവ് യു ന്നൊക്കെ പറയുന്നത്.അവളുപോലും കളിയാക്കും.എന്തും ഞാൻ സഹിക്കും..കുഞ്ഞു പിള്ളേരുടെ കളിയാക്കലുകൾ താങ്ങാൻ എന്റെ ഇളം മനസ്സിനു പറ്റൂല്ല.
ഇനിയെന്തു ചെയ്യും!!തലപുകച്ചു.മൊബൈലെടുത്ത് ചുണ്ണാമ്പു തേച്ചു.യൂ ട്യൂബ് ദൈവങ്ങളെ!!
താക്കോലില്ലാതെ എങ്ങനെ ഡോർ തുറക്കാം..
ചോദ്യം ചോദിച്ചതെ ഉള്ളു.ആയിരക്കണക്കിനു ഉത്തരങ്ങൾ.വടിവാൾ,പാറക്കഷ്ണം, സ്കെയിൽ,നൂൽ..കൊള്ളാവുന്നതും അധികം അപകടകാരിയുമല്ലാത്ത ഒരു ഓപ്ഷനു വേണ്ടി പരതി.
ദേ വരുന്നു സുന്ദരി. പതിവ് പോലെ ഒരു കള്ളച്ചിരിയും ചിരിച്ച്..
എന്റെ കാറിനെ അശേഷം മൈന്റ് ചെയ്യാതെ തൊട്ടപ്പുറത്തെ കൂതറ കാറിന്റെ ഡോറിൽ പിടിച്ച് തൂങ്ങുന്നു.വൃത്തിയും മെനയുമില്ലന്നെയുള്ളു.കണ്ടാൽ ഏതാണ്ട് എന്റെ കാറു പോലെ തന്നെ.പാവം തെറ്റിദ്ധരിച്ച് പോയതാണു.നാലു വയസ്സിന്റെ ബുദ്ധികേട്!!
“അരുണങ്കിളെ പാം..” സുന്ദരിയതിൽ തൂങ്ങിയാടുന്നു.
ദൈവമെ..അതിന്റെ ഓണറെങ്ങാനും ഇത് കണ്ടാൽ..
“മക്കളെ ഇങ്ങട്ട് വാ...അതേലൊന്നും തൊടാതെ..ദേ മേലു നിറയെ അഴുക്കാകും..”- ഏതോ അലമ്പു ടീമിന്റെ വണ്ടിയാണു..അത്രയ്ക്ക് ചെളി.അറബി നാട്ടിൽ ഇങ്ങനത്തെ വണ്ടിയൊക്കെ...?
പരമ കഷ്ടം!!

അവളു വരുന്നില്ല.
“ഡോറു തൊറക്ക് ..ഞാം കേറട്ടെ..”- അവളാ ഡോറിന്ന് പറിച്ചെടുക്കും.
ഞാനടുത്ത് ചെന്നു.അവളെ കുറ്റം പറയാൻ പറ്റൂല്ല.ഏതാണ്ട് എന്റെ വണ്ടി പോലെ തന്നെ.എന്തിനു.. നമ്പർ പ്ളേറ്റ് വരെ കറക്ട്!!

ങെ!!!

ഉള്ളിൽ ഇടിവെട്ടും മഴ പെയ്ത്തും ഒരുമിച്ചാരുന്നു.
ദൈവമെ ഇതാണല്ലൊ എന്റെ വണ്ടി.അപ്പൊ ഇത്ര നേരവും അക്രമം കാണിച്ചത്...?

ഒന്നും അറിയാത്തവനെ പോലെ അപ്പുറോം ഇപ്പുറോം നോക്കി.ഭാഗ്യം രാത്രിയായതു കൊണ്ട് ആൾശൂന്യം.മോളിലൊട്ട് നോക്കി.ക്യാമറയൊന്നും കാണുന്നില്ല. അപ്പഴേക്കും കൂട്ടുകാരനും ഭാര്യയും താഴേക്കെത്തി. "ഡാ..ഡിക്കി നിറയെ സാധനങ്ങളാണല്ലൊ.."- ലവന്‍.
“ലഗ്ഗേജ് അതിന്റെ മോളിലോട്ട് ചാമ്പീട്ട് വണ്ടീലോട്ട് ചാടി കേറിക്കൊ..”- ഞാൻ അലറി.ശൂന്യതയിൽ നിന്നെവിടുന്നോ ഒരു കാർ ഓണർ എന്റെ നേരെ ദംഷ്ട്രയും കാണിച്ചു കൊണ്ട് ഓടി വരുന്ന പോലെ ഒരു തോന്നൽ...
* * *
ബാംഗ്ളൂർ നഗരത്തിൽ വെച്ച് സമാന സംഭവം ഉണ്ടായി.അന്നെനിക്കു ബൈക്കായിരുന്നു ശകട സഹായി.എന്നും ഓഫീസിൽ വളരെ കറക്ട് സമയത്ത് എത്തിക്കൊണ്ടിരുന്നത് കൊണ്ട് എന്റെ ബൈക്കിനു ടെക്ക്  പാര്‍ക്കി ന്റെ ഉൾവശം കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. പുറത്ത് നിരത്തി വെച്ചിരിക്കുന്ന ലക്ഷക്കണക്കിനു(സോറി ആവേശം കൂടിപ്പോയി) ബൈക്കുകളിൽ ഒരാളായി വെയിലും മഴയുമേറ്റ് അവനങ്ങനെ കാത്തിരിക്കും.അന്ന് നല്ല മഴയായിരുന്നു. ഓഫീസിൽ നിന്നും ഇമ്മിണി നേരത്തെ ഇറങ്ങാൻ പറ്റി(എന്ന് വെച്ചാ പാതി രാത്രി.). മഴയൊന്നും നമ്മക്ക് വിഷയമല്ല.അല്ലെങ്കിൽ തന്നെ മഴ നനഞ്ഞ് ബൈക്കോടിക്കുന്നതിന്റെ ത്രില്ല് വേറെന്തുണ്ട്.ബൈക്കിൽ കയറി.താക്കോലിട്ടു.തിരിച്ചു.വണ്ടി സ്റ്റാർട്ടായി.ഓടിച്ച് പോയി.മഴ നനഞ്ഞതു കൊണ്ടൊ എന്തോ വണ്ടി നല്ല സ്മൂത്ത് ആയി ഓടുന്നു.പതിവ് മ്യൂസിക്കൊന്നും ഇടുന്നില്ല.
“ഓഹൊ..ഒന്ന് വെള്ളം തളിച്ചാൽ തീരുന്ന പ്രശ്നമെ നിനക്കുണ്ടായിരുന്നുള്ളു അല്ലെ കൊച്ചു ഗള്ളി..”- വണ്ടിയെ ഒന്ന് പുന്നാരിച്ച് ഞാൻ മിന്നിച്ച് വിട്ടു.
എന്നാലും എന്തോ ഒരു അസ്കിത..വണ്ടിയോടിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമില്ലായ്മയുടെ സുഖം കിട്ടുന്നില്ല. എന്ത് പറ്റി??
വണ്ടി നിർത്തി ഒന്ന് പരിശോധിച്ചു.
എല്ലാം ഓക്കെ.ഇതിലും നമ്പർ പ്ളേറ്റ് ചതിച്ചു.ആരാണു എന്റെ വണ്ടിയിൽ പുതിയ നമ്പർ പ്ളേറ്റ് കൊണ്ട് വെച്ചത്?

ഇടി വെട്ടി.ബോധം വന്നു.

വണ്ടി തിരിച്ച് പറപ്പിച്ചു.ഏതാണ്ട് മൂന്ന് നാലു കിലോമീറ്റർ ഞാൻ വന്ന്.
ഈശ്വരാ..ഇന്നാട്ടുകാരെ ആലോചിച്ചാണു എനിക്ക് പേടി.ഭയങ്കര സ്നേഹമുള്ളോരാണു. സമയത്തെ ഒരു പാട് ബഹുമാനിക്കുന്നവരും.ആയതിനാൽ തന്നെയും സംസാരത്തിനു അധികം പ്രാധാന്യമുണ്ടാവില്ല.പ്രവർത്തിയായിരിക്കും ആദ്യം.ഹൊ!! ഇന്ന് രാവിലെ കഴിച്ച പരട്ട പഫ്സ് വരെ അവരിടിച്ച് പുറത്തെത്തിക്കും.വണ്ടി ഒരു ഡസൻ ബ്രേക്കിട്ട് നിർത്തി.ദേ നില്ക്കുന്നു ഘടാഘടിയൻ മാരായ നാലഞ്ചു പേർ അവിടെ.
അടിപൊളി!!
കന്നടയിൽ മാപ്പിനു എന്താണാവോ പറയുക. തല്ക്കാലം ലേലു അല്ലു വിൽ പിടിക്കാം.
വണ്ടിയിൽ നിന്നിറങ്ങി, മെല്ല തള്ളി വണ്ടികൾക്കിടയിലോട്ട് കേറി. ശേഷം തിരിഞ്ഞു നിന്ന് കൈകൾ കൂപ്പി..“ബ്രദർ..ലേലു അല്ലു..ബൈക്കുലു മാറിപ്പോകലു..”

“ഏനു?? ഏനായിത്തു..?” -ഘടാഘടിയന്റെ തൊണ്ടയിൽ നിന്നും പൂച്ച കരയുന്ന ശബ്ദം..

പകുതി ആശ്വാസമായി.

“അ യാം സോറി ബ്രദർ..ഐ..ബൈക്ക്..ഗൊ..മിസ് അണ്ടർസ്റ്റാന്റിങ്ങ്..” പുല്ല്!! പേടിച്ചാ പിന്നെ ഇംഗ്ളീഷ് ഔട്ട് കമ്പ്ളീറ്റ്ലി!!

ഡയലോഗ് അടിക്കുമ്പോ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. സ്നേഹം കൊണ്ടല്ല.ഒരക്രമം തടയുനുള്ള ഏക മാർഗ്ഗം.

അയാൾ കൈകുടഞ്ഞ് മാറിപ്പൊയി.എഹ്!! അപ്പൊ ലവനല്ലെ ഓണർ. ശ്ശെ!! ഇനിയിപ്പൊ സോറി പറഞ്ഞതിനും സോറി പറയേണ്ടി വരുമല്ലൊ!!

ഒരു കൂതറ ചിരി ചിരിച്ച് എന്റെ ബൈക്കിലൊട്ട് നോക്കി. ദെ ഇരിക്കുന്നു ഒന്നുമറിയാത്ത പോലെ.

എടാ..പരട്ടെ..ഞാൻ ആ ബൈക്കിൽ കേറിപ്പോകുന്നത് നീ കണ്ടതല്ലെ..എന്നിട്ട് വായും പൊളിച്ച് നൊക്കി നിക്ക്യാർന്നല്ലെ..- സൈലൻസറിനു ഒരു തൊഴി കൊടുത്ത് ഞാൻ അതിൽ ചാടി ക്കേറി. പിന്നെ പറത്തി വിട്ടു.

എനിക്ക് പ്രാന്തു തന്നെയെന്നുറപ്പിച്ച് കാണും അവിടെയുണ്ടായിരുന്ന ഗഡികൾ!!

എന്തൊ ആവട്ടെ..ഞാനീ രണ്ട് കഥകളും മൊഴിഞ്ഞതെന്തിനെന്ന് വെച്ചാ..നാളെ ചെലപ്പൊ നിങ്ങളുടെ വണ്ടി മോഷണം പോയേക്കാം..അങ്ങനെയെങ്കിൽ പോലീസിനെ വിളിക്കുന്നതിനു മുൻപ് ഒരു പത്ത് മിനുറ്റ് കാത്തിരിക്കണം. അപേക്ഷയാണു..ഉപേക്ഷിക്കരുത്!! 

Sunday, 22 November 2015

ഈ ലോകം ഇങ്ങനാണ് ഭായ്..

കോളേജ് കാലഘട്ടം അനുഭവങ്ങളുടെ അല്ലെങ്കിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളുടെ കാലമാണു.എത്ര പറഞ്ഞാലും തീരാത്ത കഥകൾ.അതിൽ ഏറെ ഇഷ്ടപ്പെട്ട കഥ ഈ ബ്ളോഗിന്റെ പുറത്ത് കോറിയിടാം (ബ്ളോഗ് എന്നെ സംബന്ധിച്ചിടത്തോളം ഗജിനി സിനിമയിലെ നായകനാണു..ഒരിക്കലും മറക്കാതിരിക്കാൻ ബ്ളോഗാകുന്ന ബോഡിയിൽ ഞാൻ കോറിയിടുന്ന നല്ല ഓർമകൾ :))
നുമ്മട കോളേജിലെ ചെസ്സ് ടീം ലോകപ്രശസ്തമാണു.എല്ലാവർഷവും യൂണിവെർസിറ്റി മൽസരങ്ങളിൽ പങ്കെടുക്കും.കൂടെ മൽസരിക്കുന്ന പന്ത്രണ്ടു കോളേജിലെ ടീമുകളെയും കടത്തി വെട്ടിക്കൊണ്ട് അവസാന സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്ന കോളേജ്.വർഷാവർഷങ്ങളായി ഈ അവസാന സ്ഥാനവും അപമാനഭാരവും ഞങ്ങൾ വേറൊരു കോളേജിനും വിട്ട് കൊടുത്തിട്ടില്ല.
പുതിയ വർഷത്തെ ചെസ് ടീമിന്റെ ക്യാപ്റ്റനായി സമദിനെയും വൈസ് ക്യാപ്റ്റനായി എന്നെയും (കാട്ടാളരിൽ കാപ്പിരി കാമദേവൻ :) )തെരഞ്ഞെടുത്തു.ശേഷം ഗെയിംസ് അധ്യാപിക ഒരു വാക്കെ പറഞ്ഞുള്ളു.
“നിങ്ങളു സമ്മാനമൊന്നും മേടിക്കേണ്ട..അവസാന സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മുകളിലോട്ട് കയറിയാ മതി..”.
വർഷാ വർഷങ്ങളായി കൊണ്ടാടുന്ന ആചാരം നിർത്തലാക്കുവാനാണു മാഡം ആവശ്യപ്പെട്ടത്.എന്തായാലും സമദ് അതംഗികരിച്ചു.സമദിന്റെയും എന്റെയും മേൽനോട്ടത്തിൽ ടീമിലേക്ക് മൂന്ന് പേരെ കൂടി തെരഞ്ഞെടുത്തു.അങ്ങനെ ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ചെസ്സ് ചാവേറുകൾ ദൂരെയുള്ള മറ്റൊരു കോളേജിലേക്ക് അങ്കം കുറിക്കുവാൻ പോയി.പറയാൻ മറന്നു.കൂടെ ഒരു ചാവേറു കൂടെയുണ്ടായിരുന്നു.ഞങ്ങൾക്ക് മോറൽ സപ്പോർട്ടിനായി കൂടെ വന്ന അസ്സി.കായികാധ്യാപകൻ.
അങ്ങനെ വളരെ നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ മൽസരം നടക്കുന്ന കോളേജിലെത്തി. കോളെജിൽ തന്നെയാണു താമസ സൗകര്യവും.ഓരോ കോളെജ്കാർക്കും ഓരൊ മുറി.മൽസരം പിറ്റേന്നാണു.ചെന്ന പാടെ ഞങ്ങൾ കുളിപോലും ഉപേക്ഷിച്ച് പ്രാക്ടീസ് ആരംഭിച്ചു.ഊണും ഉറക്കവും ഉപേക്ഷിച്ചു.പാതിരാത്രിയിൽ സമദ് ഞങ്ങളെയൊക്കെ വിളിച്ചെഴുന്നേല്പ്പിച്ചു.
“എടാ..മറ്റവന്മാരൊക്കെ ഇപ്പൊ സുഖ നിദ്രയിലാണു...കമോൺ..നമുക്ക് ഒരു നിഷം പോലും കളയാതെ പ്രാക്ടീസ് ചെയ്യാം..”
വിജയശ്രീലാളിതരാവണം എന്ന ചിന്തയുണ്ടായിരുന്നത് കൊണ്ട് ഞങ്ങളൊക്കെയും ക്യാപ്റ്റന്റെ വാക്കുകളെ അനുസരിച്ചു.
“വരാന്തയിലിരുന്ന് പ്രാക്ടീസാം..അതാകുമ്പോ പ്രകൃതിയുടെ മടിത്തട്ടിലിരുന്ന്...”- സമദ് സാഹിത്യത്തിന്റെ കെട്ടഴിച്ചു.ഞങ്ങൾ പുളകിതരായി.
ശബ്ദമുണ്ടാക്കതെ വതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അതിനേക്കാൾ പുളകമണിയിച്ചു. വരാന്തയിലിരുന്ന് നിരനിരയായി പ്രാക്ടീസ് ചെയ്യുന്ന മറ്റ് ടീമുകൾ.
“നാറികൾ..ഇവന്മാർക്കൊന്നും ഉറക്കമില്ലെ”- ഞാനും സമദും ഒരേ സമയം ചോദിച്ചു പോയി.
എന്തായാലും ഞങ്ങളും വിട്ട് കൊടുത്തില്ല.പുലരുവോളം പ്രാക്ടീസി.മാത്രവുമല്ല മറ്റൊരു കോളെജിനുമില്ലാത്ത ഒരു ‘ഭാഗ്യം’ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.ഞങ്ങളുടെ മോറൽ സപ്പോർട്ട് സാർ.ചെസ്സിനെക്കുറിച്ച് ശുഷ്കമായ അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും സാറിന്റെ സപ്പോർട്ട് അക്ഷരാർത്ഥത്തിൽ ഭീകരമായിരുന്നു.
കളിയുടെ മൂർദ്ധന്യാവസ്ഥയിൽ സാറു അലറും.
“വെട്ടിയെറിയെടാ അവന്റെ കിങ്ങിനെ..”
“സാറെ ..കിങ്ങിനെ വെട്ടാൻ പറ്റില്ല..”- നമ്മൾ പറയും.
“പറ്റും..നിന്നെക്കൊണ്ട് പറ്റും..മനസ്സിരുത്തി ഏകാഗ്രതയോടെ കളി..നിന്നെ കൊണ്ട് പറ്റും..കമോൺ മാൻ..”
“എത്ര ഏകാഗ്രതയോടെ കളിച്ചാലും കിങ്ങിനെ വെട്ടാൻ പറ്റില്ല സാർ..അത് ചെസ്സ് കളിയിലെ നിയമമാ..”- നമ്മളു പറയും.
“ഓ..അതൊക്കെയറിയാം..എന്നാലും ശ്രമിച്ചു നോക്കുന്നതിനിപ്പോ എന്താ..” സാറു കിടന്നുരുളും.
അങ്ങനെ ആദ്യ ദിവസം പിറന്നു.
മോറൽ സാർ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.
“എന്റെ എല്ലാ പ്രാർത്ഥനയും ഊർജ്ജവും നിങ്ങളോടൊപ്പം ഉണ്ടാകും”
‘അതാണു സാർ ഞങ്ങളുടെ ഭയം“- ഞങ്ങൾ അഞ്ചു പേരും മനസ്സിൽ പറഞ്ഞു. അങ്ങനെ
ജയിക്കാനായി ജനിച്ച ഞങ്ങൾ അങ്കത്തട്ടിലേക്ക് ചാടി വീണു.പൊരിഞ്ഞ പോരാട്ടമായിരുന്നു.നിലം തൊടീച്ചില്ല..ഞങ്ങളെ എതിരാളികൾ.എല്ലാ കളികളും എറിഞ്ഞു പൊട്ടി.ആദ്യം ക്യാപ്റ്റൻ പൊട്ടി.പിന്നെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മറ്റ് ചാവേറുകളും.അവസാന രണ്ട്മൽസരം എന്റേതായിരുന്നു.പ്രതീക്ഷയുടെ തിരിനാളമായി ഞാൻ കത്തി ജ്വലിച്ചു.
സമദും കോമ്രേഡ്സും എന്റെ ചുറ്റും അണി നിരന്നു.
”നീയാണു അവസാന പ്രതീക്ഷ..സ്കോർബോർഡിൽ നമ്മൾ സം പൂജ്യരായി നില്ക്കുകയാണു..“- സമദ് ചെവിയിൽ മന്ത്രിച്ചു.
പ്രതീക്ഷ ഞാൻ തെറ്റിച്ചില്ല. സത്യത്തിൽ എതിരാളികൾക്ക് എന്നെ തോല്പ്പിക്കാനായില്ല.എന്റെ ബുദ്ധിപരമായ പല നീക്കങ്ങളും കണ്ട്, വെറുത്ത് പണ്ടാരമടങ്ങി എന്റെ കിങ്ങ് ചെസ്സ് ബോർഡിൽ നിന്ന് ഇറങ്ങിപ്പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
അങ്ങനെ ആദ്യ ദിവസം തന്നെ ഞങ്ങൾ താരങ്ങളായി.സ്കോർബോർഡിൽ ഒന്നാമത് നിൽക്കുന്ന കോളേജിന്റെ ക്യാപ്റ്റൻ,സമദിനു ഷേക്ക് ഹാന്റ് കൊടുത്തു.
“ആദ്യമായിട്ടാ ഒരു കോളെജ്,ഫസ്റ്റ് ഡേ തന്നെ മുഴുവൻ പേരും പൊട്ടുന്നത്..കൺഗ്രാറ്റ്സ്”
അവമാനഭാരം താങ്ങാൻ വയ്യാതെ ഞങ്ങളുടെ തലകൾ തറയിൽ മുട്ടി.
ഷേക് ഹാന്റ് കാഴ്ച്ച കണ്ട് കൊണ്ടായിരുന്നു രാവിലെ കറങ്ങാൻ പോയ സപ്പോർട്ട് സാർ തിരിച്ചു വന്നത്.
കഥയറിയാതെ സാർ പുളകിതനായി.
“നിങ്ങളുതകർക്കുമെന്ന് എനിക്കറിയാരുന്നു.”
ഒരു കാര്യവുമില്ലാതെ പകുതി ഷേക് ഹാന്റ് സാറും മേടിച്ചു.
ശേഷമാണു സ്കോർബോർഡ് കണ്ടത്.
“എല്ലാ കളിയിലും നമ്മളു പൊട്ടി സാർ”- അഭിമാനത്തോടെ ടീമിലെ പ്രധാന ചാവേർ ശശിക്കുട്ടൻ മൊഴിഞ്ഞു.
സാറു രണ്ട് നിമിഷം തളർന്നിരുന്നു.പിന്നെ പൂർവാധികം ശക്തിയോടെ എഴുന്നേറ്റു.രണ്ട് ചാൽ നടന്നു.പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ സമദിന്റെ അടുക്കലേക്കെത്തി.കീശയിൽ നിന്ന് കാശെടുത്ത് സമദിനു നല്കിക്കൊണ്ട്പറഞ്ഞു.
“ഇത് നിങ്ങൾടെ അടുത്ത രണ്ട് ദിവസത്തേക്കുള്ള ബത്തയാണു..മൽസരം കഴിയുമ്പോ ഒരു വണ്ടി വിളിച്ചു വന്നേരെ..”
“അപ്പോ സാറു...”
“ഞാൻ..എനിക്ക്..നാട്ടിൽ ചെന്നിട്ട് അത്യാവശ്യമുണ്ട്.എനിക്ക്...കുഞ്ഞിനു.. ചെറിയ അസുഖം...”
ആറു മാസം മുൻപ് വിവാഹം കഴിഞ്ഞ സാറിനു പെട്ടന്നു കുഞ്ഞുണ്ടായതറിഞ്ഞതിൽ ഞങ്ങൾ അഭിമാനിച്ചു.അങ്ങനെ അപമാനത്തിന്റെ തീച്ചൂളയിൽ ഞങ്ങളെ ഇട്ടുകൊടുത്തിട്ടു സാറു വിദഗ്ദമായി ഊരി.
രാത്രിയായപ്പോൾ ശശിക്കുട്ടൻ ചെസ്ബോർഡും പൊക്കിപ്പിടിച്ചു കൊണ്ട് എന്റെ അരികിലെത്തി.
“പ്രാക്ടീസ്..?”
ഞാൻ സമദിനു നേരെ വിരൽ ചുണ്ടി.ശശിക്കുട്ടൻ ലാലാലാ പാടിക്കൊണ്ട് സമദിനരുകിലേക്ക് പോയി.വിശന്ന് വലഞ്ഞ സിംഹത്തിനടുക്കലേക്ക് ആട്ടിൻ കുട്ടിയെ പറഞ്ഞു വിട്ട കൃതാർത്ഥതയിൽ ഞാൻ കാത്തിരുന്നു.പ്രതീക്ഷ തെറ്റിയില്ല.ആദ്യം ചെസ്സ് കരുക്കുക്കൾ പറന്നു വീണു.പിന്നെ ചെസ്സ് ബോർഡ്..അവസാനം ശശിക്കുട്ടനും.
“നമ്മുടെ സമദേട്ടനു പ്രാന്തായിട്ടാ...”
ഭയന്ന് വിറച്ച് ശശിക്കുൻ പറഞ്ഞു.
ഇരുണ്ട മുഖത്തോടെ സമദ് വന്നു.
“പ്രാക്ടീസ്..മണ്ണാങ്കട്ട”
സമദ് സ്വന്തം തലകൊണ്ട് ചുമരിൽ നാലിടി.
“സമദേ..ഇങ്ങനെ ഇമോഷൻ ആവേണ്ട കാര്യമുണ്ടൊ?കളിയിൽ തോൽ വിയൊക്കെ സാധാരണമല്ലെ..വിട്ട് കള..” - ഞാൻ സമദിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ശ്ശെ..എന്നാലും..ഒരു പോയന്റ് പോലും...നമ്മളെല്ലാരും തനി കൂതറകളായില്ലെ അവ്ന്മാരുടെ മുൻപിൽ..” സമദിനു നല്ല സങ്കടമുണ്ടെന്ന് എനിക്ക് മനസിയായി.
“സമദേ..വാ..നമുക്കു പുറത്തിറങ്ങി കുറച്ച് കാറ്റുകൊള്ളാം..നിന്റെ തലയൊന്ന് തണുക്കട്ടെ..”
ഞാൻ സമദിനെയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്ത് രാക്ഷസന്മാർ ഇരുന്ന് പ്രാക്റ്റീസ് ചെയ്യുന്ന കാര്യം ഞാനങ്ങ് വിട്ടുപോയി.
കളിയാക്കിച്ചിരിക്കലും കമന്റുകളും മുറയ്ക്ക് വന്നു.
“ചെസ്സ് കളി തോറ്റതു കൊണ്ട് കരയണ്ട..കാവിലെ പാട്ട് മൽസരത്തിൽ പിടിച്ചാ മതി..” - ഇരുളിൽ നിന്നും ഒളിയമ്പുകൾ സമദിന്റെ ചങ്കു കീറി.
“ധൈര്യമുണ്ടേൽ നേരിട്ടു മുന്നിൽ വന്ന് പറയിനെടാ..”- ശശിക്കുട്ടൻ ചീറി.
കരുക്കൾക്കിടയിൽ നിന്നും ഒരു ആജാനുബാഹു പൊങ്ങി.
“ശശിക്കുട്ടാ..ഓവറാക്കണ്ടാ..ബുദ്ധീലു മാത്രമല്ല..ശക്തീലും അവരാ മുന്നിൽ”- ഞാൻ കുട്ടനെ ഉപദേശിച്ചു
ശശിക്കുട്ടൻ അടങ്ങി.
“ഞാൻ പോണു..”- സമദ് പുറത്തെക്കിറങ്ങി.
“എങ്ങോട്ട്..പെർമിഷൻ ഇല്ലാതെ പുറത്തേക്ക് പോകൻ പാടില്ലാന്നാ”
“പോയാൽ അവന്മാരു പിടിച്ചു വിഴുങ്ങുവോ..സമദ് ഗേറ്റ് തള്ളിത്തുറന്ന് നെഞ്ചു വിരിച്ച് പുറത്തേക്കിറങ്ങി.ഞങ്ങൾ നാലു പേരും ആരും കാണാതെ മതിലു ചാടി.യാതൊരു പരിചയവുമില്ലാത്ത നഗരത്തിലൂടെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ഞങ്ങൾ അഞ്ചു പേരും നടന്നു.വഴിയിൽ കണ്ട തട്ട് കടയിൽ കയറി ദേഷ്യം മുഴുവൻ ഭക്ഷണത്തോട് തീർത്തു.വയറു വീർത്തപ്പൊ മനസ്സ് തണുത്തു. എല്ലാവരിലും ടെൻഷൻ കെട്ടടങ്ങിയപോലെ.സമദിന്റെ ചിളിയും കരിയുമൊക്കെ, സോറി ചിരിയും കളിയുമൊക്കെ തിരിച്ചു വന്നു.നടന്ന് നടന്ന് ഏതോ ഒരു ഓലത്തിയേറ്ററിന്റെ മുന്നിലെത്തി.
”ഒരു സിനിമ അങ്ങട്ട് കണ്ടാലൊ“ - സമദ് ആക്ടീവായി.
”പിന്നല്ല..“- ഞങ്ങൾ നാലു പേരും ഒരേ സ്വരത്തിൽ.
പേരു പോലും നോക്കാതെ അകത്തേക്ക് കയറി.
ടിക്കറ്റ് കൊടുക്കുന്ന അപ്പൂപ്പനു ഞങ്ങളെ അത്ര പിടിച്ചില്ലെന്ന് തോന്നി.
”സിനിമ കാണാൻ വന്നതാണൊ“ -അപ്പൂപ്പന്റെ അനാവശ്യ ചോദ്യം.
”അല്ല..പൊറോട്ടയടിക്കാൻ വന്നതാ..“- ശശിക്കുട്ടന്റെ പതിവ് തർക്കുത്തരം.
”നീയൊക്കെ എവിടുന്നാടാ വരുന്നത്..“ -അപ്പൂപ്പൻ ചുമ്മ ചൂടാകുന്നു.
”ഗുജറാത്തീന്ന് ഒലിച്ചു വന്നതാ..തനിക്കു ടിക്കറ്റ് തന്നാ പോരേടോ..“ -ശശിക്കുട്ടൻ അടി ഇരന്നു മേടിക്കും എന്ന ഒരേ വാശിയിൽ.ശശിക്കുട്ടനെ ഞങ്ങൾ രംഗത്ത് നിന്ന് മാറ്റി.ശശിക്കുട്ടൻ നല്ല ബുദ്ധിയുള്ള കൂട്ടത്തിലാണേലും ചെല സമയങ്ങളിൽ ബ്രെയ്ൻ ഡെത്ത് സംഭവിച്ചവരെ പോലെയാണു.കലിപ്പിലാണേലും അപ്പൂപ്പൻ ടിക്കറ്റ് മുറിച്ചു തന്നു.
”സമദേ..അങ്ങേരു ടിക്കറ്റ് മുറിച്ചു തന്നതു കണ്ടോ? സ്വന്തം കിഡ്നി പറിച്ചു തരുന്ന ഒരസ്കിത ഇല്ലാരുന്നൊ?“ - ഞാൻ സമദിനോട് ചോദിച്ചു.
”ഇവിടുത്തുകാരൊക്കെ ഇങ്ങനാരിക്കും..നീ വാ..“
തീയേറ്ററിനകത്തും ആകെ ഒരു അവലക്ഷണം. അത്യാവശ്യം നിറഞ്ഞതാണേലും ആരുടെ മുഖവും കാണാൻ പറ്റുന്നില്ല. ചിലർ കുനിഞ്ഞിരിക്കുന്നു.ചിലർ സീറ്റിൽ താഴ്ന്നിരിക്കുന്നു.പകുതി തുവാല കൊണ്ട് ചിലർ മുഖം മറച്ചിരിക്കിന്നു.
സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പൊ ശശിക്കുട്ടന്റെ അത്ഭുതവും ഭയവും സന്തോഷവും സമ്മിശ്രമായ നിലവിളിയോടെ ഞങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.
”അയ്യോ..അണ്ണാ​‍ാ..എ പടം“ -ശശിക്കുട്ടൻ കീറി.
ഠിഷ്!!!
ഇപ്പഴല്ലെ ടെക്നിക് പിടികിട്ടിയത്.മര്യാദയ്ക്ക് മീശപോലും മുളയ്ക്കാത്ത ഞങ്ങളോട് ടിക്കറ്റ് അപ്പൂപ്പൻ ചൂടായതിന്റെ ഗുട്ടൻസ്.
”സമദേ..എഴുന്നേക്ക്..നമ്മക്കു പോകാം..ഇതൂടെ ആരേലും പൊക്കിയ നമ്മളു ആകെ നാറും..“ - ഞാൻ മാന്യനാവാൻ ശ്രമം നടത്തി.
.
ചവേറുകളും ചെറിയ പേടിയിലായി.
”ശരിയ സമദേട്ടാ..നമ്മക്ക് പോവാം..“ - മറ്റ് ചാവേറുകളും മൊഴിഞ്ഞു.(അവരുടെ ‘പോവാം’ എന്ന വാക്കിനു അത്ര ബലമില്ലായിരുന്നു എന്നുള്ളത് വേറെ കാര്യം..)
”ഇന്ന് കളിയിൽ തോറ്റ് നമ്മൾ നാറിയതിൽ കൂടുതൽ ഒന്നും നാറാനില്ല...എന്തായാലും പൈസ കൊടുത്തു..വേണേൽ ഇരുന്ന് കാണു..ഇല്ലേൽ കെടന്നുറങ്ങ്..“- സമദിന്റെ തേൻ മൊഴി.
സിനിമ കഴിഞ്ഞു ആകെ ചമ്മലോടെയും ഭയത്തോടെയും ഞങ്ങൾ ഇറങ്ങി.ഇന്നത്തെ ഹിന്ദി സിനിമകളും അന്നത്തെ ആ പടവും തമ്മിൽ കാര്യമായ വ്യത്യാസ്സമൊന്നുമില്ല. എന്നാലും ഇതുവരെ ഇങ്ങനൊരു അക്രമം കാണിച്ചിട്ടില്ല.
കൊറേ നേരം ആരുമൊന്നും സംസാരിച്ചില്ല.പിന്നെ മുഖത്തോട് മുഖം നോക്കി വെറുതെ ചിരിച്ചു..പിന്നെയും ചിരിച്ചു..ഒരു കണ്ട്രോളുമില്ലാതെ.കോളേജിനടുത്തുള്ള ഒരു തോടിന്റെയരുകില പുലരുവോളം ഞങ്ങൾ ഓരോന്ന് പറഞ്ഞ് ചിരിച്ച് സമയം കൊന്നു.തിരികെയെത്തിയപ്പോഴും രാക്ഷസ്സന്മാർ കണ്ണിൽ ഈർക്കിലിയും കുത്തി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. പരമ പുച്ഛത്തോടെ അവരെ നോക്കി ഞങ്ങൾ പോയി പുതച്ച് മൂടിക്കെടന്നു. മൽസരം തുടങ്ങുന്നതിനു അഞ്ചു മിനുറ്റ് മുൻപ് എഴുന്നേറ്റ് പോയി മൽസരിക്കാനിരുന്നു.ആൾക്കാരുടെ പുച്ഛനോട്ടത്തിലും സംസാരത്തിലും ഒരു ദേഷ്യവും തോന്നിയില്ല.
”ഇന്നും മൊട്ടയിടുമോ..?“
ഒന്നാം നമ്പർ ക്യാപ്റ്റൻ വീണ്ടും ചൊറിയാൻ വന്നു.
”രണ്ട് ദിവസം കൂടിയുണ്ടല്ലോ..ലോകം ംകീഴ്മേൽ മറിയാൻ ഒരു നിമിഷം മതി മോനെ..“ -ശശിക്കുട്ടന്റെ ഓവർ കോൺഫിഡൻസ്.
”ഉവ്വാ..കാക്ക മലന്ന് പറക്കണം..“ -ചിറി കോട്ടിക്കൊണ്ട് ഒന്നാം നമ്പർ ക്യാപ്റ്റൻ രംഗം വിട്ടു.
ശശിക്കുട്ടന്റെ ആതവിശ്വാസം ഞങ്ങൾക്ക് ‘ക്ഷ’ പിടിച്ചു.എന്നാലും തോൽ വി എന്നുള്ളത് അനിവാര്യ സത്യമായി ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു.കാരണം ഇന്നലെ ഞങ്ങൾ തോറ്റത് മുഴുവൻ ഏറ്റവും കുഞ്ഞു ബുദ്ധികളോടാണു. ഇനിയുള്ള കളിമുഴുവൻ ഭീകര ഘടോല്ക്കചൻ മാരോടാണു. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് റിസൽട്ടിനെ കുറിച്ച് ഒരു ടെൻഷനുമില്ലായിരുന്നു.ഒരു നഗ്മ സത്യം പങ്കു വയ്ക്കട്ടെ? ഈ ലോകത്ത് രണ്ടേ രണ്ട് പേരാണു ടെൻഷനില്ലാത്തവർ.ഒന്ന്, തോല്ക്കുനെന്നുറപ്പുള്ളവർ. രണ്ട്, ജയിക്കുമെന്നുറപ്പുള്ളവർ.ആദ്യ ശ്രേണിയിൽ പെട്ട ഞങ്ങൾ ഒരു ടെൻഷനുമില്ലാതെയാണു അന്ന് കളിച്ചത്.
ഇനി കേൾക്കാൻ പോകുന്നത് കെട്ടുകഥയേക്കാൾ ഭയാനകമായ സത്യകഥ.അന്നത്തെ ദിവസം ശശിക്കുട്ടന്റെ നാവിനെ പൊന്നാടയണിയിച്ചു കൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞു..ഒരു തവണയല്ല..പല തവണ..അന്നാട്ടിലെ കാക്കകൾ മുഴുവൻ മലർന്നും ചെരിഞ്ഞും ഒടിഞ്ഞും വളഞ്ഞുമൊക്കെ പറന്നു.ബുദ്ധിജീവികളെ മുഴുവൻ മലർത്തിയടിച്ചു കൊണ്ട് സമദ് അന്നത്തെ മിന്നും താരമായി.ഞാനടക്കമുള്ള ബാക്കി ചാവേറുകൾ ഭൂരിഭാഗം വിജയിക്കുകയും ബാക്കി സമനില പിടിക്കുകയും ചെയ്തു.അത് വരെ ജയം മാത്രം കണ്ടിരുന്ന ഒന്നാം നമ്പർ ക്യാപ്റ്റനെ ശശിക്കുട്ടൻ ചാവേർ സമനിലയിൽ തളച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
അന്നത്തെ കളിയോടെ അവസാന സ്ഥാനത്ത് നിന്ന് ഞങ്ങൾ ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തി.മറ്റ് ടീമുകളെക്കാൾ ,കളി നടത്തിപ്പുകാരേക്കാൾ അന്തം വിട്ട് അസ്ത്രപ്രജ്ഞരായി ഞങ്ങൾ അഞ്ചു പേരും തലകറങ്ങിയിരുന്നു.
”എന്താടാ ഇതൊക്കെ..?“ -സമദ് വിജയ ഷോക്കിൽ നിന്നും മുക്തനയില്ല.
”പടച്ചോന്റെ കാരുണ്യം..“ സമദ് ആകാശത്തിലേക്ക് നോക്കി.
”പടച്ചോന്റെ കൂടെ ഭഗവാൻ കൃഷ്ണന്റെ പുണ്യവുമുണ്ട്..“- ശശിക്കുട്ടൻ കുഞ്ഞു വർഗ്ഗീയവാദിയായി.
”സൈഡിൽ കർത്താവുമുണ്ടായിരുന്നു“- ഞാനും ഒട്ടും കുറച്ചില്ല.
ഞങ്ങൾ സന്തോഷം കൊണ്ട് ചിരിച്ച് മറിഞ്ഞു.
അന്ന് രാത്രിയിലും പതിവ് പോലെ ഞങ്ങൾ പുറത്തേക്കിറങ്ങി.പ്രാക്ടീസ് ചെയ്യുന്ന ബുദ്ധിജീവികളുടെ ഇടയിൽ കയറിനിന്ന് കൊണ്ട് കിരീടത്തിലെ കൊച്ചിൻ ഹനീഫയെ പോലെ കൈകൾ തെറുത്തുകയറ്റി ശശിക്കുട്ടൻ അലറി.
“ഒരുത്തനും ഒന്നും പറയാനില്ലേടാ...!!”
അന്നും ഞങ്ങൾ മതിലുചാടി..തോട്ടിൻ കരയിലിരുന്നു കത്തിവെച്ചും പരസ്പരം കളിയാക്കിയും സമയം കൊന്നൊടുക്കി.തിരിച്ചുവന്ന് സുഖമായി കിടന്നുറങ്ങി പിറ്റേന്ന് നിറഞ്ഞ മനസ്സോടെ ആശങ്കയില്ലാതെ കളിച്ചു.ഇന്നലത്തേത് സാമ്പിൾ വെടിക്കെട്ടായിരുന്നെങ്കിൽ ഇന്നത്തേത് തൃശ്ശൂർ പൂരമായിരുന്നു. ഒരു കളിയിലും തോല്ക്കുകയോ സമനില പിടിക്കുകയോ ചെയ്തില്ല.എല്ലാവരും എല്ലാകളിയിലും പൊളിച്ചടുക്കി ജയിച്ചു.മൂന്നു ദിവസത്തെ മുഴുവൻ കളികളും അവസാനിച്ചപ്പൊ ഞങ്ങളുടെ കോളേജ് മറ്റൊരു കോളേജിനോടൊപ്പം മൂന്നാം സ്ഥാനം പങ്ക് വെച്ചു (നറുക്കെടുപ്പിലൂടെ നാലാം സ്ഥാനത്തേക്ക് പോയെങ്കിലും ഞങ്ങൾക്ക് അശേഷം ദുഖം തോന്നിയില്ല). ഫീനിക്സ് പക്ഷികളെന്ന് ഞങ്ങളെ സംബോധന ചെയ്ത് അവാർഡ് ദായകൻ സംസാരിച്ചപ്പോൾ നിറഞ്ഞ കയ്യടിയിൽ ഞങ്ങൾ ധൃതംഗപുളകിതരായി നിന്നു. വ്യക്തിഗതയിനത്തിൽ സമദിനും കിട്ടി അവാർഡ്.
തിരികെ കോളെജിൽ എത്തിയ ഞങ്ങൾക്ക് ഗംഭീര സ്വീകരണം കിട്ടി.അടക്കാനാവാത്ത സന്തോഷത്തോടെ ഗെയിംസ് അധ്യാപിക ചോദിച്ചു.
“എന്നാലും മക്കളെ..എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..അത്രേം തോറ്റ് നിന്നിട്ട് നിങ്ങളിതെങ്ങനെ...?”
വാതില്ക്കൽ ചാരി നില്ക്കുകയായിരുന്ന ശശിക്കുട്ടൻ, നഖം കൊണ്ട് ചുവരിൽ കോറി കാലുകൾ കൊണ്ട് നിലത്ത് വൃത്തം വരച്ച് നാണത്തോടെ മൊഴിഞ്ഞു.
“ഞങ്ങളൊരു സിനിമ കണ്ടു മാഡം..”

ഠിഷ്!!!
ബ്രെയിന്‍  ഡെത്ത് സംഭവിച്ച    ശശിക്കുട്ടനെ വലിച്ചു കൊണ്ട് ഞങ്ങളോടി!!

എന്ത് തന്നെയായാലും ആ മൽസരം വലിയൊരു പാഠമായിരുന്നു. ജീവിതത്തിൽ ഒരു ടെൻഷൻ വരുമ്പോ ഈ മൽസരത്തെക്കുറിച്ചും ശശിക്കുട്ടന്റെ പൊന്നണിയിച്ച വാക്കുകളും ഓർമ്മയിൽ വരും.
‘ഈ ലോകം കീഴ്മേൽ മറിയാൻ ഒരു നിമിഷം മതി മോനെ..’

(വാല്ക്കഷ്ണം : തൊട്ടടുത്ത വർഷം ഈയുള്ളവന്റെ നേതൃത്വത്തിലുള്ള ടീം കോളേജിലേക്ക് രണ്ടാം സ്ഥാനക്കരുടെ ഗപ്പ് ആദ്യമായി കൊണ്ടെത്തിച്ചു. ഇതിവിടെ ഇപ്പൊ പറയേണ്ട കാര്യമൊന്നുമില്ല..എന്നാലും വല്ലപ്പോഴും ഒരു പൊങ്ങച്ചം പറഞ്ഞില്ലേൽ..എന്താന്നറിയില്ല ഒരു സുഖമില്ല.. :) ) 

Friday, 13 November 2015

സതി (കാഴ്ചകൾ,കഥാപാത്രങ്ങൾ)


യാത്രകൾ പലപ്പോഴും ചെന്നെത്തിയിരുന്നത് അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലുമായിരുന്നു.നല്ല മനസ്സെന്ന തോന്നൽ സ്വയം ഉണ്ടാക്കിയെടുക്കുവാനോ അതോ ദുരന്ത ജീവിതങ്ങളെ നേരിട്ടു കാണുമ്പോഴുണ്ടാകുന്ന സുഖകരമായ അസ്വസ്ഥതയെ ആസ്വദിക്കുകയെന്ന സാഡിസ്റ്റ് ചിന്തയൊ? ഒന്നെനിക്കറിയാം.ഏതൊരാളുടെയും തീക്ഷ്ണമായ അനുഭവങ്ങളെ നല്ലതൊ ചീത്തയൊ എന്ന വേർത്തിരിവില്ലാതെ അടുത്തറിയുവാൻ എനിക്കേറെ തല്പര്യമാണു.
സതിയെ കാണുന്നതും അങ്ങനെയൊരു യാത്രയിലാണു. വൃദ്ധസദനത്തിൽ നിന്നും തൊട്ടടുത്തുള്ള ഒരു കൂരയിലേക്ക് ഞങ്ങളെ സിസ്റ്റർ കൂട്ടിക്കൊണ്ട് വന്നപ്പോൾ,അനാഥ വാർദ്ധക്യത്തേക്കാൾ വലിയ ശാപം എന്തുണ്ട് എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
വാതിൽ തുറന്ന് രണ്ട് മൂന്ന് സ്ത്രീകൾ ഇറങ്ങി വന്നു.
“ശരീരം വിറ്റ് ജീവിച്ചിരുന്നവരാണു...” -സിസ്റ്റർ പറഞ്ഞു.
കുഴിഞ്ഞ കണ്ണുകൾ.മെലിഞ്ഞ ശരീരങ്ങൾ.
ബാംഗ്ലൂർ നഗരത്തിന്റെ ഒരു രാത്രി യാത്രയിലാണു ആദ്യമായി ശരീരം വിറ്റ് നടക്കുന്നവരെ കാണുന്നത്.എം.ജി റോഡിന്റെ വഴി വിളക്കുകളില്ലാത്ത മൂലകളിൽ നിറം കൂടിയ സാരികളുമായി നില്ക്കുന്ന അവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് കൂട്ടുകാരൻ പറഞ്ഞു
“ഇതൊക്കെ മറ്റേ ടീമാണു..”
വഴിയൊരത്ത് നിരത്തി വെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളെ നോക്കുന്ന കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ,ട്രാഫിക് ജാമിൽ പെട്ടു നില്കുന്ന കാറിൽ നിന്ന് ഞാൻ ‘മറ്റേ ടീമിനെ ’ കണ്ടു.
അടുത്ത നിമിഷം വലിയൊരു നിലവിളിയോടെ അവരൊക്കെയും ചിതറിയോടി.കനത്ത ലാത്തികൾ അവരുടെ പുറത്ത് വീഴുന്നത് നേർത്ത ഇരുട്ടിലും കണ്ടു.കാറുകൾക്കിടയിൽ നിലവിളികൾ പൊലിഞ്ഞു തീർന്നു.
“ഇത് പതിവാ..പോലീസു വന്ന് അടിച്ച് പുറം പൊളിക്കും.ഒരു കാര്യവുമില്ല..കുറച്ചു കഴിയുമ്പൊ എല്ലാം ദേ..പിന്നേം അവിടെത്തും.” -നഗരത്തിന്റെ മറ്റൊരു മുഖം.
വെറുപ്പിൽ നിറഞ്ഞ ആദ്യകൗതുകം ചങ്കിൽ കോറിയിട്ട ഒരു വേദനയായി മാറുവാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.എന്തായാലെന്ത്?എല്ലാം മനുഷ്യ ജീവികളല്ലെ.(അവരെ പറ്റി ഒരു documentary എടുക്കണമെന്നുള്ളത് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.)
പിന്നീടുള്ള യാത്രകളിലും വഴിയോരത്ത് നിരന്ന് നില്ക്കുന്ന മറ്റേടീമിനെ കണ്ടിട്ടുണ്ട്.സഹതാപമല്ലാതെ മറ്റൊരു വികാരവും അവരോട് തോന്നിയിട്ടുമില്ല.
പണത്തിനു വേണ്ടി ഐ.ടി. കമ്പനികളിൽ തലച്ചോറു വില്ക്കുന്ന ഞങ്ങളും അതേ പണത്തിനു വേണ്ടി വഴിയോരങ്ങളിൽ ശരീരം വില്ക്കുന്ന നിങ്ങളും ഒരേ സഹതാപമർഹിക്കുന്നു.
ഒരു കൊച്ചു പെൺകുട്ടിയുടെ ചിരികളികൾ ഓർമ്മകളിൽ നിന്നും പിടിച്ചുണർത്തി.സിസ്റ്ററുടെ ഒക്കത്തിരിക്കുന്ന ഒരു കുസൃതി.
“സതിയുടെ കുഞ്ഞാ..”- സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ സതിയെ പേരുനീട്ടി വിളിച്ചു.
കൂരയുടെ ഏതോ മുറിയിൽ നിന്ന് വിളികേട്ടുകൊണ്ട് സതി ഇറങ്ങി വന്നു.

വിളറിയ വെളുപ്പിലും സതി അതീവ സുന്ദരിയായിരുന്നു.ഇവരെങ്ങനെ ഈയൊരു കൂട്ടത്തിനെ ഭാഗമായി എന്ന് വെറുതെ ചിന്തിച്ചു.സതി കൈകൾ കൂപ്പി വന്ദനമറിയിച്ചു.ഞാനും തിരികെ കൈകൾ കൂപ്പി.
“സതി ഒരു എയ്ഡ്സ് രോഗിയാണു..”- സിസ്റ്റർ സതിയെ പരിചയപ്പെടുത്തിയ രീതി എന്നിൽ അമ്പരപ്പും ഞെട്ടലും ഒരുപോലുണ്ടാക്കി.
വേദനയിൽ തീർത്ത മറ്റൊരു കഥാപാത്രം എന്റെ മുന്നിൽ ജനിക്കുന്നു.
“സതി നല്ല കുടുംബത്തിൽ പിറന്നതാ..”-സിസ്റ്റർ
“പിന്നെ..നിങ്ങൾക്കെങ്ങനെ..??”- മുറിവുകളിൽ കുത്തിയാഴ്ത്തി കഥകൾ കണ്ടെത്താൻ ഞാൻ ക്രൂരമായി ശ്രമിച്ചു.
സതി എന്നെ നിർവികാരമായി നോക്കുക മാത്രം ചെയ്തു.
“ഭർത്താവ് കൊടുത്തതാ..”- സിസ്റ്ററാണു ഉത്തരം നല്കിയത്.
“എന്നിട്ടയാളെവിടെ..?”
സതിയുടെ നോട്ടത്തിനു ഒരു മാറ്റവുമില്ല.
“അയാളു പോയി..”- സിസ്റ്റർ.
‘എങ്ങോട്ട്’ എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാൽ ചോദിച്ചില്ല. ചോദിച്ചാൽ തന്നെയും സതി സംസാരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.
സതിയുടെ കുഞ്ഞ് എന്റെ കാല്ക്കൽ മുട്ടിയുരുമ്മി നിന്നു. വല്ലാത്തൊരു ഭയം എനിക്ക് തോന്നി എന്നുള്ളത് സത്യം സത്യമായി ഞാൻ പറഞ്ഞു കൊള്ളട്ടെ(എനിക്ക് മാത്രമല്ല..എന്റെ കൂടെയുണ്ടായിരുന്നവരിലും) .എയ്ഡ്സ് എന്ന ഭീകര രോഗത്തിന്റെ സന്താനമെന്ന് എന്റെ മനസ് പറഞ്ഞു.കാലുകൾ വലിച്ചില്ലെങ്കിലും വല്ലാത്തൊരു ഭാവത്തോടെയായിരിക്കണം ഞാനാ കുഞ്ഞിനെ നോക്കിയത്. 

ആദ്യമായി സതി സംസാരിച്ചതപ്പോഴാണു.അതും അതീവ ദയനീയമായി.
“കുഞ്ഞിനു എയ്ഡ്സില്ല..അവൾക്ക് ഒരു കുഴപ്പവുമില്ല..”
സിസ്റ്റർ അത് ശരിവെച്ചുകൊണ്ട് എന്നെ നോക്കി.
എന്റെ ചിന്തകളിൽ എനിക്ക് അതീവ കുറ്റബോധം തോന്നി.കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.
“എയ്ഡ്സ് എന്ന രോഗത്തെ കുറിച്ചും അതെങ്ങനെ പകരും എന്നതിനെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം സതി..”
ശേഷം കുഞ്ഞിനെ ഞാൻ ചേർത്ത് പിടിച്ചപ്പോൾ സതിയിൽ ആദ്യമായി ചിരിയുടെ നേർത്ത അലകൾ ഞാൻ കണ്ടു.
കുഞ്ഞ് ഊർന്നിറങ്ങി  സതിയുടെ അടുക്കലേക്കോടി.
ആയുസ്സ് എണ്ണപ്പെട്ട ഒരാളുടെ വേദന അവരുടെ മുഖത്തുണ്ടായിരുന്നില്ല
കയ്യിലവശേഷിച്ചിരുന്ന ചോക്ളേറ്റ് സതിയ്ക്ക് നല്കി.അവരത് സന്തോഷ പൂർവ്വം മേടിച്ച് ഏവർക്കും പകുത്ത് നല്കി.
ശേഷം കൂടെ ചെല്ലാൻ കരഞ്ഞ കുഞ്ഞിനെ കണ്ടില്ലെന്ന് നടിച്ച് അകത്തേക്ക് പോയി.
കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ സിസ്റ്റർ പറഞ്ഞു.
“ഒക്കെ അറിയാമെങ്കിലും ഒരു പരിധിയിൽ കൂടുതൽ അവളാ കുഞ്ഞിനെ അടുപ്പിക്കാറില്ല.അവളിലെ അമ്മയിലെ അതീവ ശ്രദ്ധ,വാൽസല്യം..കുഞ്ഞിനെക്കാൾ ഉച്ചത്തിൽ അവൾ നെഞ്ച് പൊട്ടി കരയുന്നുണ്ടാവാം."


സതിയുടെ ജീവിത കഥകൾ കൂടുതല്‍ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല. ചില കഥകളും കഥാപാത്രങ്ങളും ഒന്നും പറയാതെ ഇടയിൽ വച്ചു പിരിഞ്ഞു പോകുന്നതും നേരത്തെ പറഞ്ഞ സുഖകരമായ ഒരസ്വസ്ഥതയാണു. 


                                                                    *   *   *

(സതി അവൾക്ക് ഞാനിട്ട പേരാണു. ഭർത്താവൊരുക്കിയ തീക്കുണ്ഡത്തിൽ ചാടി മരിക്കാൻ വിധിക്കപ്പെട്ടവളെ മറ്റെന്ത് പേരിട്ട് വിളിക്കണം?) 

Sunday, 6 September 2015

പേരിടാനാവാത്ത ചിത്രം
ഒരു ചിത്രം ..അതെന്നെ അലോസരപ്പെടുത്തുവാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി.വർണ്ണ ശബളമായ കുട്ടിയുടുപ്പുമണിഞ്ഞ് തിരമാലകളുടെ താരാട്ട് പാട്ടിൽ ലയിച്ച് മണൽതരികളിൽ തുടുത്തകവിളുകളമർത്തി, ഐലാൻ കുർദി നിന്റെ മരണ ചിത്രം. കണ്ണുകൾ തുറന്നു പിടിച്ചാലും ഇറുക്കിയടച്ചാലും ഈയൊരു ചിത്രം മാത്രം. നിദ്രയുടെ,അല്ലെങ്കിൽ പിണക്കത്തിന്റെ, ഓമനത്തം തുളുമ്പുന്ന ഈയൊരു ശരീര ഭാഷ ഒരുപാട് കുഞ്ഞുങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്.പക്ഷെ അവരൊക്കെയും ഉറക്കമുണർന്ന് നിറപുഞ്ചിരി ഈ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്.പക്ഷെ ഐലാൻ നീമാത്രം ഒരിക്കലുമുണരാത്ത നിദ്രയിൽ നിസ്സഹായനായി കിടക്കുന്നു.

കെട്ടുകഥയല്ലിത്, സാഹിത്യ സൃഷ്ടിയുമല്ല.ഇന്നലെ, ഇരുളടഞ്ഞ രാത്രിയിലെപ്പോഴൊ, ഭയപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടു.വലിയ മാളികയുടെ ജനലഴികളിലൂടെ ഒരു നനുനനുത്ത പുലരി.റോഡിൽ നിറയെ മഞ്ഞ ജമന്തിപ്പൂക്കൾ. ഇന്നെന്താഘോഷം എന്ന് ചിന്തിച്ചിരിക്കെ വഴിയോരങ്ങളിൽ ആളുകൾ കൂടിതുടങ്ങി.പിന്നെ സൂചി കുത്തുവാനിടമില്ലാത്തവണ്ണം ജനസാഗരം.പാദങ്ങൾക്കടിയിൽ പെട്ട് ഞെരിഞ്ഞമരുന്ന ജമന്തിപ്പൂക്കൾ.ഉയരുന്ന നിലവിളികൾ,നിശബ്ദമായ തേങ്ങലുകൾ.ഒരു കൈകുഞ്ഞിന്റെ ശവമഞ്ചലുമേന്തി ഒരു കൂട്ടർ ആ തിരക്കിലൂടെ പതിയെ നീങ്ങുന്നു.വേദനയോടെ നോക്കി നില്ക്കെ, അതിനു പിന്നിൽ മറ്റൊരു കുഞ്ഞിന്റെ മഞ്ചൽ..അതിനു പിന്നിൽ മറ്റൊന്ന്..പത്ത്..നൂറ​‍്..ആയിരം..എണ്ണിയാലൊടുങ്ങാത്ത ശവമഞ്ചലുകൾ.എല്ലാത്തിലും വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞുങ്ങൾ മാത്രം.ഒന്നുമറിയാതെ, കണ്ണുകളടച്ച് ദൈവിക സൗന്ദര്യത്തിൽ അവർ.എന്റെ ഹൃദയമിടിപ്പിനു കട്ടികൂടി,രോദനം തൊണ്ടയിൽ കുടുങ്ങി.ഒക്കെയും എനിക്ക് പരിചിതരായ കുഞ്ഞുങ്ങൾ.ഉറ്റവരുടെ, ഉടയവരുടെ, സുഹൃത്തുക്കളുടെ.ഇരുണ്ട പുലരിയിൽ അവർ മുന്നോട്ടൊഴുകുന്നു.
‘എന്താണു സംഭവിച്ചത്??’
.ആരും കേൾക്കാത്ത നിലവിളിയിൽ ഞാൻ ജനൽ ചില്ലുകളിൽ  ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.
‘ഞങ്ങൾ പ്രതിഷേധിക്കുകയാണു..ഇനിയൊരിക്കലും ഞങ്ങൾ തിരികെ വരില്ല..ഞങ്ങൾ പ്രതിഷേധിക്കുകയാണു..’   കണ്ണുകൾ തുറക്കാതെ ,ചുണ്ടുകളനക്കാതെ,ഒളിപ്പിച്ചു വെച്ച കള്ള ചിരികളോടെ, മരിച്ച കുഞ്ഞുങ്ങൾ ഒരേ സ്വരത്തിൽ എന്നോട് സംസാരിക്കുന്നു.
ഉറക്കെ കരഞ്ഞു കൊണ്ട് ,ഒരിക്കലും തുറക്കാത്ത ജനൽ പാളികളിൽ ഞാൻ ആഞ്ഞടിച്ച് കൊണ്ടേയിരുന്നു.
‘അവർ ഉറങ്ങുകയാണു..നമ്മളെ പറ്റിക്കുകയാണു..ആ കുഞ്ഞുങ്ങൾ മരിച്ചിട്ടില്ല..അവരൊക്കെയും നമ്മളെ പറ്റിക്കുകയാണു’ -വിളിച്ചു പറയാൻ ശ്രമിച്ചതൊക്കെയും തൊണ്ടയിൽ കുരുങ്ങിക്കിടന്നു.സംസാരശേഷിയില്ലാത്തവന്റെ വിലാപം പോലെ അവയെന്നെ വീർപ്പുമുട്ടിച്ചു.
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഓരോരുത്തരെയും ഞാൻ പേരു ചൊല്ലി വിളിച്ചു.കുഞ്ഞു പിടിവാശിയെന്ന പോൽ ആരുമാരും കണ്ണു തുറന്നില്ല.‘ഇനി ഞങ്ങൾ തിരികെ വരില്ല’ ആ വാക്കുകൾ മാത്രം എല്ലായിടത്തും അലയടിച്ചു കൊണ്ടേയിരുന്നു.
നിസ്സഹായതയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കാഴ്ചകളൊക്കെയും മറഞ്ഞു.കാഴ്ചകൾ വീണ്ടും തെളിഞ്ഞപ്പോൾ വഴി വിജനമായിരുന്നു. ചതഞ്ഞരഞ്ഞ ജമന്തിപ്പൂവുകൾക്ക് മുകളിൽ കുഞ്ഞുടുപ്പുകൾ, പല വർണ്ണത്തിലുള്ള കുഞ്ഞു ചെരിപ്പുകൾ, കളിക്കോപ്പുകൾ, നന്നെ ചെറിയ വളപ്പൊട്ടുകൾ.എല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഭ്രാന്തമായി അവയൊക്കെയും ചികഞ്ഞു മാറ്റിയപ്പോൾ മുഷ്ടി ചുരുട്ടിയ ഒരു കുഞ്ഞു കൈ തെളിഞ്ഞു വന്നു.  ഞെട്ടിത്തെറിച്ച് ഞാൻ ഉണർന്നു, എന്റെ സ്വപ്നത്തിൽ നിന്നും. ആരുടേതായിരുന്നു ആ കൈകൾ?ഐലാൻ നിന്റേതോ? 

അതോ എന്റെ പൊന്നോമനകളുടേത്? അറിയില്ല.ഉണർന്നെഴുന്നേറ്റപ്പോഴും സിരകളെ മരവിപ്പിച്ച് ആ സ്വപ്നത്തിന്റെ തിരുശേഷിപ്പ് എന്നിൽ ബാക്കി കിടപ്പുണ്ടായിരുന്നു.ഇരുട്ടിലേക്ക് നോക്കുവാൻ എന്റെ ഈ പ്രായത്തിലും ഞാൻ ഭയപ്പെട്ടു എന്ന് ലജ്ജയോടെ പറയട്ടെ..  

ഐലാൻ ,പിണങ്ങിയെന്ന മട്ടിലുള്ള നിന്റെയീ കിടപ്പ് ഒരു മരണ ചിത്രമായി കാണുവാൻ എനിക്ക് 

സാധിക്കുന്നില്ല. ഒരു പ്രതിഷേധമായി കാണുവാനാണെനിക്കിഷ്ടം.മതങ്ങളുടെ പേരിൽ കടിച്ചു കീറുന്നവനോടുള്ള പ്രതിഷേധം, അധികാരത്തിനും പണത്തിനും വേണ്ടി രാജ്യങ്ങൾ 
പിടിച്ചടക്കുന്നവനോടുള്ള പ്രതിഷേധം,ജീവൻ ഭയന്ന് പലായനം ചെയ്യപ്പെടേണ്ടി വരുന്നവന്റെ പ്രതിഷേധം,അന്ധത ബാധിച്ച കോടാനുകോടി ദൈവങ്ങളോടുള്ള പ്രതിഷേധം. 
പ്രതീകമാണു നീ..കായലുകളിലും കടലുകളിലും ഇനിയും അടിഞ്ഞു കൂടുവാനുള്ള കുഞ്ഞുങ്ങളുടെ, മത വൈരാഗ്യത്തിന്റെ പേരിൽ വന്മരങ്ങളുടെ ചില്ലകളിൽ കുരുങ്ങിക്കിടക്കുവാൻ പോകുന്ന കുഞ്ഞുങ്ങളുടെ,അധികാര വടംവലിയിൽ തകർന്നടിയുന്ന കെട്ടിടങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ബാല്യങ്ങളുടെ, ശക്തി പ്രകടനങ്ങൾക്കിടയിൽ ചിതറിത്തെറിക്കുന്ന കുഞ്ഞു ശരീരങ്ങളുടെ..എല്ലാത്തിന്റെയും എല്ലാത്തിന്റെയും പ്രതീകമാണു നീ.പക്ഷെ നീയറിയുന്നുവോ?അന്നും എന്നെ പോലുള്ളവർ ചങ്ക് പറിച്ചെഴുതും , കരയും..മൂന്നാം നാൾ എല്ലാം മറക്കും, ദേശത്തിനും മതത്തിനും സംഘടനകൾക്കും വേണ്ടി പുതിയ പ്രത്യയ ശാസ്ത്രങ്ങൾ രചിക്കും..അത് മാത്രമാണു സത്യമെന്ന് വിശ്വസിക്കും,വിശ്വസിപ്പിക്കും...കൊല്ലും..ചാകും..ഏതാനും വ്യക്തികളുടെ സന്തോഷത്തിനും സുഖജീവിതത്തിനും വേണ്ടി ബഹു ഭൂരിപക്ഷം തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഈ നാടകം അന്തമില്ലാതെ നീളും..

കണ്ണുകൾ വീണ്ടും നിറയുന്നു..കാഴ്ചകൾ വീണ്ടും മറയുന്നു, ഐലാൻ,നിന്റെയീ പ്രതിഷേധത്തിൽ, പ്രതീകാത്മകതയിൽ..ഈ കിടപ്പിൽ.. 

Friday, 28 August 2015

വീണ്ടും ഒരു ഓണം

രാവിലെ പുതപ്പിനടിയിൽ നിന്ന് തല വെളിയിലേക്കിട്ട് നോക്കി. നേരം വെളുത്ത് തുടുത്തിരിക്കുന്നു.എന്നിട്ടും ഉറക്കം അങ്ങ് വിട്ട് പോണില്ല.പെട്ടന്നാണോർത്തത്, ഇന്ന് ഓണമാണല്ലോന്ന്..ശുഭ കാര്യത്തോടെ തന്നെ തുടങ്ങാമെന്ന് കരുതി തൊട്ടപ്പുറത്തെ റൂമിൽ കിടക്കുന്ന ചങ്ങാതിക്ക് ഇപ്പുറത്തെ റൂമിൽ നിന്ന് കിടന്ന കിടപ്പിൽ നീട്ടി വിളിച്ച് ഒരാശംസ അങ്ങ് കൊടുത്തു.
“മച്ചാനെ..ഹാപ്പി ഓണം”
ഉടനെത്തന്നെ ഉത്തരം കിട്ടി.
“കാപ്പി വേണേൽ തന്നത്താൻ ഇട്ടു കുടിക്ക്..ഇന്നലേം ഞാനല്ലെ കാപ്പി ഉണ്ടാക്കിയത്..” 


പ്ളിങ്ങ്!!

വല്ല കാര്യവുമുണ്ടായിരുന്നോ..നല്ല തുടക്കം.അധികം എക്സ്പ്ലനേഷൻ ഒന്നും കൊടുക്കാതെ തലവഴി പുതപ്പിട്ട് ചുരുണ്ട് കൂടി.ഉച്ച ഉച്ചമുക്കാലോടെ എഴുന്നേറ്റു.ഇനി ഓണ സദ്യ കഴിക്കണം...ചിന്തിച്ചതെ ഉള്ളു.ഒരു കോൾ, കൂട്ടുകാരൻ
“ഞാൻ താഴെ നില്പ്പുണ്ട്..നിങ്ങൾക്കുള്ള സദ്യ കൊണ്ട് വന്നതാ..”
മഹാൻ..മഹാമനസ്കൻ..ചങ്ങാതിയുടെ വീട്ടിൽ ഇത്തവണ സദ്യ ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്ക് പാഴ്സൽ മേടിച്ചു കൊണ്ട് വന്നിരിക്കുന്നു. മനസ്സാ നമിച്ചു.
ഏമ്പക്കം വിട്ട് എഴുന്നേറ്റതെ ഉള്ളു. അടുത്ത കൂട്ടുകാരന്റെ വിളി വന്നു.
“സദ്യ റെഡിയാണു..ഉടൻ വീട്ടിലേക്ക് വരണം..”
വയറ്റിലേക്ക് നോക്കി.കുഞ്ഞു കലം കമഴ്ത്തി വെച്ചപോലെ..എന്നിട്ടും പോയി കഴിച്ചു. ആസ്വദിച്ച് തന്നെ.. ഏമ്പക്കം പോലും പോകാൻ സ്ഥലമില്ലാത്തവണ്ണം വയർ നിറച്ചു.
മാസം തികഞ്ഞ ഗർഭിണിയെപോലെ വയറും വീർപ്പിച്ച് എളിക്ക് കയ്യും കൊടുത്ത് തിരിച്ചു വന്ന് കട്ടിലു കണ്ടത് മാത്രം ഓർമ്മയുണ്ട്.
വൈകുന്നേരം കോളിങ്ങ് ബെൽ ശബ്ദം  കേട്ടാണു എഴുന്നേറ്റത്.വാതിൽ തുറന്നു. പുറത്തെ നല്ല ചൂടിൽ വിയർത്ത് കുളിച്ച് അടുത്ത സുഹൃത്ത്. കൈയ്യിൽ വലിയ പാത്രം നിറയെ സേമിയ പായസം, വേറൊരു പാത്രം നിറയെ പൈനാപ്പിൾ കറി. 

എത്ര മനോഹരമായ ഓണമാണു ഇത്തവണ ഈ അറബി നാട് എനിക്ക് തന്നത്..എന്നും ഓണമായിരുന്നേൽ എന്ന് ചുമ്മാ ഒന്നാക്രാന്തിച്ചു.
സൗഹൃദങ്ങളെ നിങ്ങൾക്ക് ഒരായിരം നന്ദി!! 

Wednesday, 15 July 2015

ഡാനിയും ഞാനും ദൈവവും..

സുവർണ്ണ സുന്ദരമായിരുന്ന കോളേജ് കാലഘട്ടത്തിൽ നടന്ന സംഭവ കഥയാണിത്. ഡാനിയെന്ന പരമ വിശ്വാസിയും ഞാനെന്ന ലൂസിഫറും കേന്ദ്ര കഥാപാത്രമായുള്ള കദന കഥ.കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ പത്ത് ദിവസത്തെ ക്യാമ്പിൽ വച്ചാണു ഞാൻ ഡാനിയെ പരിചയപ്പെടുന്നത്.നാഷണൽ സർവീസ് സ്കീമിൽ രണ്ട് തരത്തിലുള്ള ആൾക്കരുണ്ടാകും. അതിലൊന്ന് സേവന സന്നദ്ധരായ ഒരു കൂട്ടം. മറ്റൊന്ന് ഇതിൽ പങ്കെടുത്താൽ 10 മാർക്ക് എക്സാമിനു കൂടുതൽ കിട്ടുമെന്നറിഞ്ഞു വരുന്ന, പണിയെടുക്കാൻ താല്പര്യമില്ലാത്ത കൂതറ കൂട്ടങ്ങൾ.രണ്ടാമത്തെ കൂട്ടത്തിന്റെ രാജാവ് ആരായിരിക്കുമെന്ന് പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ലല്ലൊ.നോം തന്നെ.അത്തവണത്തെ ക്യാമ്പിൽ ഒരു ഗ്രാമത്തിനു റോഡ് വെട്ടി കൊടുക്കുക എന്ന പുണ്യമാണു ചെയ്യുന്നത്. നിസ്സാര കാര്യമല്ല.എന്നെ പോലെയുള്ള ചില വക്രബുദ്ധിക്കാരെ ഒഴിച്ചു നിർത്തിയാൽ നന്നായി സേവന മനോഭാവമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ.പിന്നെ സ്നേഹ നിധികളായ നാട്ടുകാർ.ഉച്ച വരെ ജോലി..ഉച്ചയ്ക്കു ശേഷം നാട്ടുകാർക്ക് വേണ്ടി കലാപരിപാടികൾ. പത്ത് ദിവസം ക്യാമ്പിൽ തന്നെ അങ്കം.ഭക്ഷണമുണ്ടാക്കുന്നതൊക്കെ ക്യാമ്പിലെ അന്നന്ന് തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകൾ. ആയതിനാൽ തന്നെയും ഉപ്പുമാവ്,ഉപ്പില്ലാത്ത മാവ്(ഇത് ഞങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കുന്നത്) ഇവ മാത്രമെ ക്യാമ്പിൽ ഉണ്ടാകാറുള്ളു.എന്നാൽ വിശപ്പിന്റെയും വിയർപ്പിന്റെയും അസുഖമുള്ള ഞങ്ങൾ ഈ കടമ്പയെ മനോഹരമായിട്ടാണു മറി കടന്നത്. മണ്ണിനു നോവിക്കാത്ത തരത്തിൽ തൂമ്പകൊണ്ട് രണ്ട് വെട്ട് വെട്ടിയ ശേഷം ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ആരും കാണാതെ മുങ്ങും, തൊട്ടടുത്ത വീടിന്റെ മുറ്റത്ത് പൊങ്ങും.പിന്നെ പിച്ചക്കാർ തോല്ക്കുന്ന തരത്തിൽ നീട്ടി വിളിക്കും..
“അമ്മാ​‍ാ​‍ാ....”
ഏതെലും അമ്മമാർ വാതിൽ തുറക്കും.ഞങ്ങ കുടിവെള്ളം ചോദിക്കും.അമ്മമാർ കൊണ്ടത്തരും. പണിയെടുക്കാൻ വന്ന പിള്ളേരാണെന്ന് അവർക്കറിയാം. സ്നേഹത്തോടെ വിശേഷങ്ങൾ ചോദിക്കും.ഈയവസരം ഒരുളുപ്പുമില്ലാതെ ഞങ്ങ മുതലെടുക്കും.
“അമ്മ കഴിച്ചൊ”?-ഏതെങ്കിലുമൊരുത്തൻ ചോദിക്കും.
“ഉവ്വ..ഇഡ്ഡലിയാരുന്നു”- അമ്മ.
“ഇഡ്ഡലി..” ആ പേരു പറഞ്ഞു ഞങ്ങൾ മൂവരും നഷ്ടപ്രണയ നായകനെ പോലെ ആകാശം നോക്കി , ഞങ്ങൾ പ്രതീക്ഷിക്കുന്ന ചോദ്യവും കാത്തിരിക്കും..
“കുറച്ച് ബാക്കിയിരിപ്പുണ്ട്..മക്കൾക്ക് വേണേൽ...”
ദാറ്റ്സ് ഇറ്റ്.
അമ്മ മുറ്റത്തുന്ന് അകത്തു കയറുന്ന നിമിഷം ഞങ്ങ കൈകഴുകി റെഡിയായി മേശയ്ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും.
അങ്ങനെ നാലു നേരവും അമ്മമാരുണ്ടാക്കി വെച്ച ഭക്ഷണവും കഴിച്ച് ഏമ്പക്കവും വിട്ട് ആസനത്തിൽ വാലുംചുരുട്ടിയിരുന്നു മറ്റുള്ളവർ ചെയ്യുന്ന ജോലിയിലെ ചെറിയ ചെറിയ കുറ്റങ്ങൾ കഷ്ടപ്പെട്ട് കണ്ട്പിടിച്ച് കൊണ്ടിരിക്കുന്ന സമയം.ഒരു പയ്യൻ വിയർത്ത് കുളിച്ച് അടുത്തെത്തി.
“ചേട്ടൻ ക്രിസ്ത്യാനിയാണല്ലെ..”
ഞാൻ ഞെട്ടി.എല്ലാരും ഞെട്ടി. ഇടയ്ക്ക് ആരെങ്കിലും ഇങ്ങനെ ഓർമ്മിപ്പിക്കുമ്പോഴാണു ഞാനും ആ സത്യം മനസിലാക്കുന്നത്.പക്ഷെ ഞെട്ടിയത് ഇവനിതെങ്ങനെ മനസിലാക്കി എന്നതിലാണു.ചിലപ്പോ മുഖത്തുള്ള ആ ദൈവവരപ്രസാദം കൊണ്ടായിരിക്കണം- ഞാൻ ആശ്വസിച്ചു.
“അതേ..എന്തേ..”
“ഞാൻ ഡാനി. ബികോം ഫസ്റ്റ് ഇയർ”
ബീകോം ഫസ്റ്റ് ഇയറും മാത് സ് സെക്കന്റിയറും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമെയുള്ളു. എന്നിട്ടും ഇവൻ ചേട്ടനെന്ന് വിളിച്ചത്...ചിലപ്പൊ മുഖത്തെ ഗാംഭീര്യം കണ്ടിട്ടായിരിക്കണം.- ഞാൻ വീണ്ടും ആശ്വസിച്ചു.
“ക്രിസ്മസ് അല്ലെ..പാതിരാ കുർബാനയ്ക്ക് പോകണമെന്ന് ഉണ്ടായിരുന്നു..”- ഡാനിമൊഴി.
“അതിനെന്താ..പൊയ്ക്കോളു..” - ഗുരുത്വമുള്ള പയ്യൻ. നോം അനുവദിച്ചു.
“അതല്ല..ചേട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരു കമ്പനിയായിരുന്നേനെ.”

“എന്റെ പൊന്നോ​‍ാ​‍ാ...”
ഞാൻ മനസ്സറിഞ്ഞ് വിളിച്ച് പോയി.

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇന്നലെ ക്യാമ്പിൽ നിന്ന് ലീവ് എടുത്ത് പള്ളിയിൽ പോയതാണു. അച്ചന്റെ താരാട്ട് പ്രസംഗം കേട്ട് ഞാനുറങ്ങിയ ഉറക്കം.
“ഇല്ല കുഞ്ഞാടെ.. ഞാനിന്നലെ പോയതാ..”
ഡാനിയുടെ മുഖം വാടി.
“ചേട്ടന്റെ ബൈക്കിൽ പോവാംന്ന് വിചാരിച്ചു. ഇനി രാത്രിയിൽ ഇവിടുന്നു പോകാൻ ഒരു വഴിയുമില്ല..”
ഓഹോ..അപ്പോ എന്നെ ഒരു ഡ്രൈവറായി കണ്ട് കൊണ്ടായിരുന്നു ലവന്റെ ചേട്ടൻ വിളി. ഞാനവനെ ആകമാനം ഒന്ന് നോക്കി. ഷർട്ടിന്റെ മുകൾ ബട്ടൺ മൂന്നെണ്ണം തുറന്നിരിക്കുന്നു.ഒരു പത്ത് പവൻ മതിപ്പുള്ള മാല. പിന്നെ വലിയൊരു കൊന്ത. ഓക്കെ!! ഒരു സത്യക്രിസ്ത്യാനിക്കു വേണ്ട ആദ്യ മൂന്ന് ലക്ഷണങ്ങൾ ഒത്ത് വന്നിട്ടുണ്ട്.അവന്റെ നില്പ്പിൽ എനിക്കല്പം അനുകമ്പ തോന്നി. ശരിയാണു..പാതിരാത്രിയിൽ ആ ഗ്രാമത്തിൽ നിന്ന് ഒരു വണ്ടിയും കിട്ടില്ല.
“ശരി ഡാനി..ഞാൻ ഡാനിയെ കൊണ്ടവിടാം..”- ഞാൻ വിനയ കുലീനനായി.
“അപ്പോ ഞാനെങ്ങനെ തിരിച്ചു വരും” ഡാനി വിനയ കുനയ കുലീന മലീനമായി.
“മാത്രമല്ല..ചേട്ടനും  മുഴുവൻ കുർബാന കാണണം.."- അത് ശരി..അപ്പൊ ഇവനെന്നെ രണ്ടാമതും ക്രിസ്ത്യാനിയാക്കാനുള്ള ശ്രമമാണു.
എന്തെലുമാവട്ടെ..ക്രിസ്ത്മസ് ആയിട്ട് നല്ലൊരു കാര്യം ചെയ്തില്ലെന്ന് വേണ്ട.പ്രോഗ്രാം ഓഫ്ഫിസറുടെ അനുവാദത്തോടെ എന്റെ ശകട സുന്ദരിയിൽ കയറി ഞങ്ങൾ പാതിരാത്രിയിൽ പള്ളിയിലേക്ക് കുതിച്ചു.
"ചേട്ടൻ വിശ്വാസിയല്ലെ?"- ഡാനി ബൈക്കിനു പുറകിലിരുന്ന് എന്റെ പുറം മാന്തി.
"അതെ..പക്ഷെ പള്ളിയിൽ പോകുന്നതാണു യഥാർത്ഥ വിശ്വാസം എന്നൊരു വിശ്വാസത്തിൽ വിശ്വസിക്കുന്നതിൽ എനിക്ക് വിശ്വാസമില്ല.."
പറഞ്ഞതെന്താണെന്ന് എനിക്കോ കേട്ടതെന്താണെന്ന് ഡാനിക്കോ മനസിലായില്ല.
ഡാനിയുടെ വായ അതിന്റെ അണ്ടകടാഹം കാണുന്ന തരത്തിൽ തുറന്നിരിക്കണം. കുറച്ച് നേരത്തേക്ക് അനക്കമൊന്നുമില്ല.
"അതായത്.."- ഡാനി വീണ്ടും മാന്തി.
"അതായത് അത് തന്നെ.."
"അപ്പൊ ചേട്ടൻ പള്ളിയിൽ തീരെ പോവാറില്ല? ഒട്ടും വിശ്വാസമില്ല?"

"വിശ്വാസമില്ലാന്ന് മുഴുവനായി പറയാൻ പറ്റില്ല..പരീക്ഷ റിസൽട്ട് വരാറാവുന്ന ദിവസങ്ങളിൽ ഞാൻ വലിയ വിശ്വാസിയാകും..പള്ളിയിലും പോകും..മെഴുകു തിരീം കത്തിക്കും.."- ഞാൻ സത്യാവസ്ഥ ബോധിപ്പിച്ചു.

ഡാനി ചെറുതായി ഒന്ന് ആശ്വസിച്ചോ?

"പക്ഷെ ഡാനി..റിസൽട് വരുന്ന ദിവസം മുതൽ പിന്നങ്ങോട്ട് ഈശ്വര വിശ്വാസമൊക്കെ പമ്പ കടക്കും..അമ്മാതിരി ചെയ്ത്തല്ലയോ ചെയ്യുന്നത്.."- ഞാൻ പൂർത്തീകരിച്ചു.

"ഫലേച്ഛ കൂടാതെ പ്രാർത്ഥിക്കണമെന്നാ..."- ഡാനി.

"ഓഹോ..പിന്നെന്തിനാ പ്രാർത്ഥിക്കുന്നെ.." - ഞാൻ

"ദൈവരാജ്യത്തിൽ നല്ലൊരു ഇരിപ്പിടം കിട്ടുവാനായി.."

"ഓ..ഞാൻ സൈഡിലെങ്ങാനും നിന്നോളാം"- ഞാൻ തർക്കുത്തരിച്ചു.

"ഡാനി.. യഥാർത്ഥ പ്രാർത്ഥനയെന്നാൽ നമ്മൾ ചെയ്യുന്ന സത്കർമ്മങ്ങൾ  എന്നാണർത്ഥം. അല്ലാതെ പാവത്തുങ്ങളുടെ കഷ്ടപ്പാടുകൾ കാണാതെ കണ്ണുകൾ ഇറുക്കിയടച്ച് തങ്ങളെ ചുമ്മാ സ്തുതിച്ചുകൊണ്ടിരിക്കുന്നവരെ ദൈവങ്ങൾക്ക് ഇഷ്ടപ്പെടത്തൊന്നുമില്ല.."- ഞാൻ ഉപദേശിയായി.
‘എന്നിട്ട് ചേട്ടൻ എന്നെങ്കിലും ഏതെങ്കിലും ഒരു പാവത്തിനെ സഹായിച്ചിട്ടുണ്ടോ’ എന്നൊരു ചോദ്യം ഡാനി ചോദിച്ചിരുന്നേൽ ഞാൻ തെണ്ടിപ്പോയേനെ..ഭാഗ്യം.അതുണ്ടായില്ല.
എന്തായാലും പള്ളിയിലെത്തുന്നവരെ ഡാനി എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു.ഒരു മൊബൈൽ ധ്യാനം കൂടിയ പ്രതീതി.ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അല്ലെങ്കിൽ തന്നെ, മതവിശ്വാസവും രാഷ്ട്രീയ ചിന്തകളും അതിരു കവിഞ്ഞാൽ അതിനോളം ലഹരി മറ്റൊന്നിനുമില്ല എന്ന് അപ്പൻ ഇടയ്ക്കിടെ പറയാറുണ്ട്. അങ്ങനെയുള്ളവരുമായി വാക്കു തർക്കത്തിൽ ഏർപ്പെടരുതെന്ന് പണ്ട് ചാണക്യനും പറഞ്ഞിട്ടുണ്ട്(എന്നോട്). അത് കൊണ്ട് ഞാൻ മൗനിയായി.എങ്കിലും ഇത്രയും പറഞ്ഞു ഞാൻ അവസാനിപ്പിച്ചു.
"ഡാനി..നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..എന്റേത് എന്നെയും.."
"അങ്ങനല്ല ചേട്ടാ..ഇന്ന് ഞാൻ ചേട്ടനു വേണ്ടി പ്രാർത്ഥിക്കും..ചേട്ടനു മറക്കാനാവാത്ത ഒരനുഭവം ദൈവം തരും.."- ഡാനി.
കർത്താവെ..ഇവൻ പ്രാകിയതാണോ? ഞാൻ ഒരു തമാശ പറഞ്ഞതല്ലെ.. ഞാൻ ആകാശത്തേക്കു നോക്കി. ദൈവം നക്ഷത്രങ്ങളായി പുഞ്ചിരി തൂകുന്നു. ഞാനും ചിരിച്ചു. ഞങ്ങൾ തമ്മിൽ അങ്ങനത്തെ ഒരു ബന്ധമാണേയ്..
പള്ളി മുറ്റത്തെത്തി. ഉച്ചഭാഷിണിയിലൂടെയുള്ള പ്രാർത്ഥനകൊണ്ട് ആ ഏരിയ മുഴുവൻ ഉറക്കമില്ലാതിരിക്കുകയാണു. അല്ലെങ്കിൽ തന്നെ എന്തിനാണിത്ര ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത്?നാട്ടുകാരെ കേൾപ്പിക്കാനോ? അതോ അങ്ങ് മുകളിൽ സ്വർഗ്ഗ രാജ്യത്തുള്ള ദൈവത്തിനു കേൾക്കാനോ? ഞാൻ വീണ്ടും മുകളിലേക്ക് നോക്കി.
"കേൾക്കുന്നുണ്ടോ? അതോ അച്ചനോട് പറഞ്ഞ് കുറച്ച് കൂടെ വോള്യം കൂട്ടണോ".
ദൈവം പുഞ്ചിരി തൂകി തന്നെ നില്ക്കുന്നു. ഞാനും ചിരിച്ചു.
"ഡാനി കേറിക്കോ..ഞാൻ പള്ളിയിൽ ഏറ്റവും പുറകിൽ മൂലയ്ക്കുണ്ടാകും. പോകാംനേരത്ത് വിളിച്ചാൽ മതി.."  -  ആ ഏരിയയിലാണു എന്നെ പോലുള്ള അല്പ വിശ്വാസികൾ  സാധാരണ കൂടു കൂട്ടാറുള്ളത്. ചുമരു താങ്ങി ഉറങ്ങാൻ പറ്റിയ ഇടം.
"അത് പറ്റില്ല..ചേട്ടൻ മുന്നിലേക്ക് വരണം.." -ഡാനി എന്നെ പിടിച്ച് വലിച്ചു. സത്യത്തിൽ എനിക്ക് നല്ല കലി വന്നു.സ്വ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേല്പ്പിക്കുന്നവരോട് എനിക്ക് പണ്ട് മുതലേ വിദ്വേഷമാണു.ദേവാലയമാണു..ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
"ഡാനി..ഞാൻ ഉറങ്ങിപ്പോകും..മുന്നിലിരുന്ന് അച്ചൻ കണ്ടാ എന്നെ തൂക്കിയെടുത്ത് സെമിത്തേരിയിലേക്കെറിയും.."- ഞാൻ ഡാനിയുടെ ചെവിയിൽ മന്ത്രിച്ചു.
"ചേട്ടൻ ഉറങ്ങാതെ ഞാൻ നോക്കിക്കോളാം.." ഡാനി.
പ്രാർത്ഥനകളും പാട്ടുമായി ക്രിസ്ത്മസ് രാത്രി..
എല്ലാവരും വിശ്വാസത്തിൽ ആറാടുന്നു. കൈകൾ വിടർത്തി കണ്ണുകളടച്ച് വിശ്വാസികൾ. ഡാനിയും.
ഞാൻ ഡാനിയെ അല്പം അസൂയയോടെ തന്നെ നോക്കി. എങ്ങനെ ഇങ്ങനെ പ്രാർത്ഥിക്കാൻ സാധിക്കുന്നു.ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.പക്ഷെ സാധിച്ചിട്ടില്ല.
“അതെന്താ അങ്ങനെ”?- കുരിശിൽ കിടക്കുന്ന ദൈവരൂപത്തോട് ഞാൻ ചോദിച്ചു.
“നീ നിന്റേതായ രീതിൽ പ്രാർത്ഥിച്ചോ..ഞാൻ കേട്ട് കൊള്ളാം ..” - ദൈവം പ്രതി വചിച്ചു.
അല്ലപിന്നെ.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതേ പള്ളിയിൽ വെച്ച് എന്നെയും കൂട്ടുകാരൻ ജിനുവിനെയും ധ്യാനത്തിനിടയ്ക്ക് ഇറക്കി വിട്ടതാണു. ചിരിച്ചതിനു..എന്തിനാണു ചിരിച്ചതെന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ എന്തോ, മുഖത്തോട് മുഖം നോക്കുമ്പോൾ ചിരി അടക്കാൻ സാധിച്ചില്ല.അതാലോചിച്ചപ്പോ വീണ്ടും ചിരി പൊട്ടി.
അടുത്ത് നിന്ന ചേട്ടൻ കണ്ണുരുട്ടി ‘ചുമ്മാ നിന്ന് കിണുങ്ങാതെടാ നരുന്തേ’ എന്നെന്നോട് പറയാതെ പറഞ്ഞു.
‘എന്റെ മോന്തേലോട്ട് നോക്കാതെ നേരെ നോക്കി പ്രാർത്ഥിക്കടോ ’ എന്ന് ഞാനും കണ്ണുകൾ കൊണ്ട് റിപ്ളെ അയച്ചു.
അച്ചന്റെ പ്രസംഗം തുടങ്ങി.എന്റെ അവസ്ഥ അതി ഭീകരമായിരുന്നു.ഇതേ ശബ്ദത്തിൽ ഇതേ പ്രസംഗം വള്ളി പുള്ളി മാറാതെ ഞാൻ ഇന്നലെ കേട്ടതാണു.ഞങ്ങളുടെ ഇടവകയിൽ അന്നുണ്ടായിരുന്ന ആ അച്ചൻ അന്ന് മിമിക്സ് പരേഡിലൊക്കെ പറയാറുള്ളത് പോലെ വാക്കുകളോക്കെയും നീട്ടിപ്പറയുന്ന ഒരച്ചനായിരുന്നു.
“കർത്താവെ..പരീക്ഷിക്കരുതെ..എന്നെ ഉറക്കിക്കളയല്ലെ...” - കുറേ നാളു കൂടി ഞാൻ മനമുരുകി പ്രാർത്ഥിച്ചു.
അച്ചന്റെ പ്രസംഗം ഉച്ചസ്ഥായിയിലെത്തി. നൂറു കിലോ ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്നവനെക്കാൾ മസിലു പിടിച്ച് ഞാനെന്റെ അടഞ്ഞു വരുന്ന കൺപോളകളെ ഉയർത്തിക്കൊണ്ടിരുന്നു. ആ ഒരു നിമിഷത്തിൽ പള്ളി പറമ്പിൽ തേങ്ങ വീണു.

പ്ധിം!!!!

അച്ചന്റെ പ്രസംഗം ഒന്ന് നിലച്ചു. ഞാൻ അടുത്ത് നിന്ന ചേട്ടനെ ഒന്ന് നോക്കി. ചുവന്ന കണ്ണുകൾ മിഴിച്ച് ചുറ്റും നോക്കുന്നു.
'അത് ശരി..നല്ല ഉറക്കമായിരുന്നല്ലെ..'
ഞാൻ വലത്തോട്ട് തിരിഞ്ഞു ഡാനിയെ നോക്കി.
കർത്താവെ..ഡാനിയെ കാണുന്നില്ല..
താഴെ നിന്ന് ഒരു ഞരക്കം. ഞാൻ നോക്കി.
പാടവരമ്പത്ത് , ചാടണോ വേണ്ടയോ എന്ന ശങ്കയിൽ ഇരിയ്ക്കുന്ന മാക്കാൻ തവളയെപ്പോലെ, ആസനം മുകളിലേക്കുയർത്തി മൂക്കു കുത്തി കൈകൾ പിന്നോക്കം വച്ച് എന്റെ ഡാനി, വീണിതല്ലോ കിടക്കുന്നു ധരണിയിൽ.അപ്പോ തേങ്ങ വീണതല്ല.ഡാനി ഉറങ്ങി വീണതാണു!! ഭൂമി ദേവിയെ ചുംബിക്കാൻ പോയ പോക്കിൽ അടുത്തിരുന്ന പ്രാർത്ഥനാ പുസ്തകത്തിന്റെ കൊച്ചു മേശയടക്കം വീണിരിക്കുന്നു.
ഞാൻ ചുറ്റും നോക്കി. അച്ചൻ, കുരിശു കണ്ട ചെകുത്താനെപോലെ ഡാനിയെ നോക്കുന്നു. ആരൊക്കെയോ വന്ന് ഡാനിയെ പിടിച്ചെഴുന്നേല്പ്പിച്ചു.ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു. പുറത്തേക്ക് നടന്നു. ടോയ്‌ലറ്റിൽ കയറി കതകടച്ച് ടാപ്പു തുറന്നു. എന്നിട്ട് അത്ര നേരം അടക്കി വെച്ച ചിരിയും തുറന്നു വിട്ടു. 
ചിരിച്ച്  ചിരിച്ച് എനിക്ക് ശ്വാസം മുട്ടി.ചെയ്യുന്നത് ക്രൂരതയാണെന്നറിയാം. ഞാൻ നിസ്സഹായനായിരുന്നു.ചില സമയത്ത് ചിരി വന്നാൽ എനിക്കു കണ്ട്രോൾ ചെയ്യാൻ പറ്റാറില്ല. അത് മരിച്ച വീട്ടിലായാൽ പോലും..
പത്ത് മിനുട്ട് നേരമെടുത്ത് ഞാൻ ചിരിയെ വരുതിയിലാക്കി. എന്നെ കൊണ്ട് ചിരി കണ്ട്രോൾ ചെയ്യാൻ സാധിക്കും എന്ന് മനസിനെ ആയിരം വട്ടം പറഞ്ഞ് പഠിപ്പിച്ച് പുറത്തേക്കിറങ്ങിയതും വീണ്ടും ചിരി തുടങ്ങി.
അത് വഴി വന്ന ഒരു ചേട്ടൻ ‘ ഇതിനകത്ത് ഇത്രമാത്രം ചിരിക്കാൻ എന്തുണ്ട്’ എന്ന ഭാവത്തിൽ ആ ടോയ്‌ലറ്റിലേക്ക് എത്തി നോക്കി.


അച്ചന്റെ താരാട്ട് പുനരാരംഭിച്ചു കഴിഞ്ഞു. പള്ളി മുറ്റത്ത് രണ്ട് മൂന്ന് പേർ കൂട്ടം കൂടി നില്പ്പുണ്ട്.
“ചേട്ടാ..ആ പയ്യൻ എവിടെ?”
ഞാൻ ചോദിച്ചു.
“മൂക്കിൽ പഞ്ഞി വെച്ചു കൊണ്ടിരിക്കുകയാ”- ചേട്ടൻ ദുഖത്തോടെ പറഞ്ഞു.
“ങെ!! കർത്താവെ..നീയവനെ കൊണ്ട് പോയോ?”- ഞാൻ മുകളിലേക്ക് നോക്കി.

“പേടിക്കണ്ട..മൂക്കിൽ നിന്നും ചെറുതായി രക്തം വന്നാരുന്നു. അതിനാ പഞ്ഞി വച്ചത്..കൂടെ വന്ന ആളാണല്ലെ..?” - ചേട്ടൻ.


“അതെ ..എങ്ങനെ മനസിലായി..”- ഞാൻ.


“കണ്ണുകൾ നിറഞ്ഞിരിക്കുന്നു. വിഷമിക്കെണ്ടാ..” - ചേട്ടൻ.


ഉവ്വുവ്വേ...ഞാൻ കണ്ണീരു തുടച്ചു.
ഡാനി വന്നു, മൂക്കിൽ പഞ്ഞിയുമായി.ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.ഡാനി പിന്നിൽ കയറി. ആരുമാരും ഒന്നും ഉരിയാടിയില്ല.ഡാനി ഇപ്പോൾ ഒന്നും സംസാരിക്കരുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു. ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല. ഡാനി പുറകിലിരുന്ന് മാന്തി വിളിച്ചു.
“ഹതേയ്..” - മൂക്കടഞ്ഞ ഡാനി ചൈനാക്കാരനെ പോലെ സംസാരിച്ചു തുടങ്ങി.
ഞാൻ വണ്ടി നിർത്തി.‘ഡാനി ഞാൻ ഒന്ന് ഒന്നിനു പോയിട്ട് വരാം എന്ന് പറഞ്ഞ് ദൂരെ മാറി ഒരു കുറ്റിക്കാട്ടിൽ കയറി ദിഗന്തം പൊട്ടുമാറു ഉച്ചത്തിൽ ചിരിച്ചു. കുറുക്കന്മാർ പേടിച്ചോടി.
തിരിച്ചെത്തി , ഗോഡ്ഫാദർ സിനിമയിൽ, ഒന്നുമറിയാത്തവനെ പോലെ നില്ക്കുന്ന ജഗദീഷിന്റെ മുഖഭാവത്തോടെ ചോദിച്ചു.
“എന്താ ഡാനി?”
“ൻഹാൻ പള്ള്ഹിയ്‌ല് വീഹ്ണ ഗാര്യം ആരോട് ഹും പറയല്ല്
..” - ഡാനി.
ഡാനി ഒരു മിനുട്ട്..ഞാൻ ഒന്നൂടെ ഒന്നിനു പോയിട്ട്..." -
പറഞ്ഞു തീർക്കാൻ ഡാനി സമ്മതിച്ചില്ല.
"വേണ്ട് ഹാ..ചേട്ടഹ്ൻ ചിരിക്കാൻ പോ​‍ൂകുന്നതല്ലെ
 ..നേരത്തെ  ചിരിച്ചത്  ഞ്ഹാൻ  ഇവിടെ കേട്ട് ഹു.."

"സോറി ഡാനി(ചിരി)..എനിക്ക് ചിരി നിയന്ത്രിക്കാൻ (ചിരി) പറ്റാത്തതു കൊണ്ടാ(ചിരി)..എന്നോട് ക്ഷമി(ചിരി).." ഞാൻ നടു റോഡിൽ കുത്തിയിരുന്നു ചിരിച്ചു.പുല്ല്..

"എന്നാലും ഡാനി ..ഞാൻ കുറച്ച് വിശ്വാസിയായി കേട്ടോ..എനിക്കു ജീവിതകാലം ഓർത്ത് വയ്ക്കാനുള്ള നീ പറഞ്ഞ ആ അത്ഭുതം ഇതായിരുന്നല്ലെ."
ഇത്തവണ ഞാനും ഡാനിയും ആകാശത്തെ നക്ഷത്രങ്ങളും ഒരുമിച്ച് ചിരിച്ച് മറിഞ്ഞു.
ക്യാമ്പിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
വഴിയോരത്തെ കടത്തിണ്ണയിൽ ഡിസംബറിന്റെ തണുപ്പിൽ ഒരു പുതപ്പ് പോലുമില്ലാതെ ചുരുണ്ട് കിടക്കുന്ന ദൈവങ്ങളെ ഞങ്ങൾ രണ്ട് പേരും കണ്ടില്ലെന്ന് നടിച്ചു.
"ഡാനി വിഷമിക്കെണ്ടാ..പള്ളിയിൽ ഉറക്കം തൂങ്ങി വീണ കാര്യം ഞാൻ ആരോടും പറയില്ല..“ - ഞാൻ ഡാനിക്കു വാക്ക് കൊടുത്തു. ഡാനിക്കു സന്തോഷമായി. എന്നാൽ അതിനിടയിൽ ഞാൻ ആകാശത്തേക്ക് നോക്കി ദൈവത്തെ കണ്ണിറുക്കി കാണിച്ചത് ഡാനി കണ്ടില്ല.
പിറ്റേന്ന്, ക്യാമ്പിൽ ഞാനിറക്കാറുള്ള ‘ തുരിശ് ’ ദിനപത്രത്തിന്റെ പ്രധാന തലക്കെട്ട് ഇതായിരുന്നു. 


തൂങ്ങി മരിച്ചു 
കണ്ണൂർ: ഇന്നലെ രാത്രിയിൽ പള്ളിയിൽ പാതിരാ കുർബാനയ്ക്കിടക്ക് ഡാനി(18 വയസ്) എന്ന മലയാളി യുവാവിനെ ഉറക്കം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.... 

എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ...