
ചിലരെന്നെ അങ്ങേയറ്റം വെറുത്തു. ചിലരെന്നെ ഭ്രാന്തമായി സ്നേഹിച്ചു.ഒരു കൂട്ടർ കല്ലും മണ്ണും വാരിയെറിഞ്ഞെന്നെ ശപിച്ചു. വേറൊരു കൂട്ടർ തലയിൽ കൈവച്ച് ആവോളം അനുഗ്രഹിച്ചു.ചിലരെന്റെ കൈകൾ വിട്ട് ഓടിയകന്നു. ചിലരാകട്ടെ കൈകളിൽ ഇറുകെപ്പിടിച്ചു.ചിലരെന്നെ അവഗണിച്ച് കടന്നു പോയി.ചിലരെന്റെ വരവിനായി കാത്തിരുന്നു. ആയതിനാൽ തന്നെയും,എനിക്കു ചുറ്റുമുള്ള ലോകമെ..വലിയ ശരികളുടെയും വലിയ തെറ്റുകളുടെയും രാജാവെന്ന് ഞാൻ സ്വയം വരയ്ക്കട്ടെയോ!!
Friday, 13 November 2015
സതി (കാഴ്ചകൾ,കഥാപാത്രങ്ങൾ)
യാത്രകൾ പലപ്പോഴും ചെന്നെത്തിയിരുന്നത് അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലുമായിരുന്നു.നല്ല മനസ്സെന്ന തോന്നൽ സ്വയം ഉണ്ടാക്കിയെടുക്കുവാനോ അതോ ദുരന്ത ജീവിതങ്ങളെ നേരിട്ടു കാണുമ്പോഴുണ്ടാകുന്ന സുഖകരമായ അസ്വസ്ഥതയെ ആസ്വദിക്കുകയെന്ന സാഡിസ്റ്റ് ചിന്തയൊ? ഒന്നെനിക്കറിയാം.ഏതൊരാളുടെയും തീക്ഷ്ണമായ അനുഭവങ്ങളെ നല്ലതൊ ചീത്തയൊ എന്ന വേർത്തിരിവില്ലാതെ അടുത്തറിയുവാൻ എനിക്കേറെ തല്പര്യമാണു.
സതിയെ കാണുന്നതും അങ്ങനെയൊരു യാത്രയിലാണു. വൃദ്ധസദനത്തിൽ നിന്നും തൊട്ടടുത്തുള്ള ഒരു കൂരയിലേക്ക് ഞങ്ങളെ സിസ്റ്റർ കൂട്ടിക്കൊണ്ട് വന്നപ്പോൾ,അനാഥ വാർദ്ധക്യത്തേക്കാൾ വലിയ ശാപം എന്തുണ്ട് എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
വാതിൽ തുറന്ന് രണ്ട് മൂന്ന് സ്ത്രീകൾ ഇറങ്ങി വന്നു.
“ശരീരം വിറ്റ് ജീവിച്ചിരുന്നവരാണു...” -സിസ്റ്റർ പറഞ്ഞു.
കുഴിഞ്ഞ കണ്ണുകൾ.മെലിഞ്ഞ ശരീരങ്ങൾ.
ബാംഗ്ലൂർ നഗരത്തിന്റെ ഒരു രാത്രി യാത്രയിലാണു ആദ്യമായി ശരീരം വിറ്റ് നടക്കുന്നവരെ കാണുന്നത്.എം.ജി റോഡിന്റെ വഴി വിളക്കുകളില്ലാത്ത മൂലകളിൽ നിറം കൂടിയ സാരികളുമായി നില്ക്കുന്ന അവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് കൂട്ടുകാരൻ പറഞ്ഞു
“ഇതൊക്കെ മറ്റേ ടീമാണു..”
വഴിയൊരത്ത് നിരത്തി വെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളെ നോക്കുന്ന കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ,ട്രാഫിക് ജാമിൽ പെട്ടു നില്കുന്ന കാറിൽ നിന്ന് ഞാൻ ‘മറ്റേ ടീമിനെ ’ കണ്ടു.
അടുത്ത നിമിഷം വലിയൊരു നിലവിളിയോടെ അവരൊക്കെയും ചിതറിയോടി.കനത്ത ലാത്തികൾ അവരുടെ പുറത്ത് വീഴുന്നത് നേർത്ത ഇരുട്ടിലും കണ്ടു.കാറുകൾക്കിടയിൽ നിലവിളികൾ പൊലിഞ്ഞു തീർന്നു.
“ഇത് പതിവാ..പോലീസു വന്ന് അടിച്ച് പുറം പൊളിക്കും.ഒരു കാര്യവുമില്ല..കുറച്ചു കഴിയുമ്പൊ എല്ലാം ദേ..പിന്നേം അവിടെത്തും.” -നഗരത്തിന്റെ മറ്റൊരു മുഖം.
വെറുപ്പിൽ നിറഞ്ഞ ആദ്യകൗതുകം ചങ്കിൽ കോറിയിട്ട ഒരു വേദനയായി മാറുവാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.എന്തായാലെന്ത്?എല്ലാം മനുഷ്യ ജീവികളല്ലെ.(അവരെ പറ്റി ഒരു documentary എടുക്കണമെന്നുള്ളത് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.)
പിന്നീടുള്ള യാത്രകളിലും വഴിയോരത്ത് നിരന്ന് നില്ക്കുന്ന മറ്റേടീമിനെ കണ്ടിട്ടുണ്ട്.സഹതാപമല്ലാതെ മറ്റൊരു വികാരവും അവരോട് തോന്നിയിട്ടുമില്ല.
പണത്തിനു വേണ്ടി ഐ.ടി. കമ്പനികളിൽ തലച്ചോറു വില്ക്കുന്ന ഞങ്ങളും അതേ പണത്തിനു വേണ്ടി വഴിയോരങ്ങളിൽ ശരീരം വില്ക്കുന്ന നിങ്ങളും ഒരേ സഹതാപമർഹിക്കുന്നു.
ഒരു കൊച്ചു പെൺകുട്ടിയുടെ ചിരികളികൾ ഓർമ്മകളിൽ നിന്നും പിടിച്ചുണർത്തി.സിസ്റ്ററുടെ ഒക്കത്തിരിക്കുന്ന ഒരു കുസൃതി.
“സതിയുടെ കുഞ്ഞാ..”- സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ സതിയെ പേരുനീട്ടി വിളിച്ചു.
കൂരയുടെ ഏതോ മുറിയിൽ നിന്ന് വിളികേട്ടുകൊണ്ട് സതി ഇറങ്ങി വന്നു.
വിളറിയ വെളുപ്പിലും സതി അതീവ സുന്ദരിയായിരുന്നു.ഇവരെങ്ങനെ ഈയൊരു കൂട്ടത്തിനെ ഭാഗമായി എന്ന് വെറുതെ ചിന്തിച്ചു.സതി കൈകൾ കൂപ്പി വന്ദനമറിയിച്ചു.ഞാനും തിരികെ കൈകൾ കൂപ്പി.
“സതി ഒരു എയ്ഡ്സ് രോഗിയാണു..”- സിസ്റ്റർ സതിയെ പരിചയപ്പെടുത്തിയ രീതി എന്നിൽ അമ്പരപ്പും ഞെട്ടലും ഒരുപോലുണ്ടാക്കി.
വേദനയിൽ തീർത്ത മറ്റൊരു കഥാപാത്രം എന്റെ മുന്നിൽ ജനിക്കുന്നു.
“സതി നല്ല കുടുംബത്തിൽ പിറന്നതാ..”-സിസ്റ്റർ
“പിന്നെ..നിങ്ങൾക്കെങ്ങനെ..??”- മുറിവുകളിൽ കുത്തിയാഴ്ത്തി കഥകൾ കണ്ടെത്താൻ ഞാൻ ക്രൂരമായി ശ്രമിച്ചു.
സതി എന്നെ നിർവികാരമായി നോക്കുക മാത്രം ചെയ്തു.
“ഭർത്താവ് കൊടുത്തതാ..”- സിസ്റ്ററാണു ഉത്തരം നല്കിയത്.
“എന്നിട്ടയാളെവിടെ..?”
സതിയുടെ നോട്ടത്തിനു ഒരു മാറ്റവുമില്ല.
“അയാളു പോയി..”- സിസ്റ്റർ.
‘എങ്ങോട്ട്’ എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാൽ ചോദിച്ചില്ല. ചോദിച്ചാൽ തന്നെയും സതി സംസാരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.
സതിയുടെ കുഞ്ഞ് എന്റെ കാല്ക്കൽ മുട്ടിയുരുമ്മി നിന്നു. വല്ലാത്തൊരു ഭയം എനിക്ക് തോന്നി എന്നുള്ളത് സത്യം സത്യമായി ഞാൻ പറഞ്ഞു കൊള്ളട്ടെ(എനിക്ക് മാത്രമല്ല..എന്റെ കൂടെയുണ്ടായിരുന്നവരിലും) .എയ്ഡ്സ് എന്ന ഭീകര രോഗത്തിന്റെ സന്താനമെന്ന് എന്റെ മനസ് പറഞ്ഞു.കാലുകൾ വലിച്ചില്ലെങ്കിലും വല്ലാത്തൊരു ഭാവത്തോടെയായിരിക്കണം ഞാനാ കുഞ്ഞിനെ നോക്കിയത്.
ആദ്യമായി സതി സംസാരിച്ചതപ്പോഴാണു.അതും അതീവ ദയനീയമായി.
“കുഞ്ഞിനു എയ്ഡ്സില്ല..അവൾക്ക് ഒരു കുഴപ്പവുമില്ല..”
സിസ്റ്റർ അത് ശരിവെച്ചുകൊണ്ട് എന്നെ നോക്കി.
എന്റെ ചിന്തകളിൽ എനിക്ക് അതീവ കുറ്റബോധം തോന്നി.കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.
“എയ്ഡ്സ് എന്ന രോഗത്തെ കുറിച്ചും അതെങ്ങനെ പകരും എന്നതിനെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം സതി..”
ശേഷം കുഞ്ഞിനെ ഞാൻ ചേർത്ത് പിടിച്ചപ്പോൾ സതിയിൽ ആദ്യമായി ചിരിയുടെ നേർത്ത അലകൾ ഞാൻ കണ്ടു.
കുഞ്ഞ് ഊർന്നിറങ്ങി സതിയുടെ അടുക്കലേക്കോടി.
ആയുസ്സ് എണ്ണപ്പെട്ട ഒരാളുടെ വേദന അവരുടെ മുഖത്തുണ്ടായിരുന്നില്ല
കയ്യിലവശേഷിച്ചിരുന്ന ചോക്ളേറ്റ് സതിയ്ക്ക് നല്കി.അവരത് സന്തോഷ പൂർവ്വം മേടിച്ച് ഏവർക്കും പകുത്ത് നല്കി.
ശേഷം കൂടെ ചെല്ലാൻ കരഞ്ഞ കുഞ്ഞിനെ കണ്ടില്ലെന്ന് നടിച്ച് അകത്തേക്ക് പോയി.
കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ സിസ്റ്റർ പറഞ്ഞു.
“ഒക്കെ അറിയാമെങ്കിലും ഒരു പരിധിയിൽ കൂടുതൽ അവളാ കുഞ്ഞിനെ അടുപ്പിക്കാറില്ല.അവളിലെ അമ്മയിലെ അതീവ ശ്രദ്ധ,വാൽസല്യം..കുഞ്ഞിനെക്കാൾ ഉച്ചത്തിൽ അവൾ നെഞ്ച് പൊട്ടി കരയുന്നുണ്ടാവാം."
സതിയുടെ ജീവിത കഥകൾ കൂടുതല്‍ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല. ചില കഥകളും കഥാപാത്രങ്ങളും ഒന്നും പറയാതെ ഇടയിൽ വച്ചു പിരിഞ്ഞു പോകുന്നതും നേരത്തെ പറഞ്ഞ സുഖകരമായ ഒരസ്വസ്ഥതയാണു.
* * *
(സതി അവൾക്ക് ഞാനിട്ട പേരാണു. ഭർത്താവൊരുക്കിയ തീക്കുണ്ഡത്തിൽ ചാടി മരിക്കാൻ വിധിക്കപ്പെട്ടവളെ മറ്റെന്ത് പേരിട്ട് വിളിക്കണം?)
Labels:
അനുഭവം
Subscribe to:
Post Comments (Atom)
അനുഭവം മനസ്സിനെ സ്പർശിച്ചു. നാം ബഹിഷ്കരിക്കുന്ന ചില മനുഷ്യരോടുള്ള ആർദ്രമായ ഇടപെടലുകൾ നല്ല സന്ദേശമാണ് നൽകുന്നത്. ഉചിതമായ പേരാണ് അവർക്കായി തിരഞ്ഞെടുത്തത്
ReplyDeleteനന്ദി!! നല്ല വായനയ്ക്ക്
Deleteഹൃദയസ്പര്‍ശിയായി ഈ അനുഭവവിവരണം,
ReplyDeleteഭ്രമണപഥം തെറ്റി ലക്ഷ്യമില്ലാതലയുന്ന വാല്‍നക്ഷത്രങ്ങള്‍.......
നന്ദി!! നല്ല വായനയ്ക്ക്
Delete"സതി" എന്നതിനേക്കാൾ അർത്ഥവത്തായ മറ്റൊരു പേരില്ല ഈ കഥയ്ക്കും , ആ പാവം സഹോദരിക്കും...!
ReplyDeletehmmm :(
Deleteരാജാവേ.....
ReplyDeleteമനസ്സീറനണിഞ്ഞു......
വേദനിപ്പിക്കുന്ന...കഥ
നന്നമകള്‍ നേരുന്നു......
നേര്‍ന്ന നന്മകള്‍ക്ക് നന്ദി!!
Deleteനൊമ്പരമുണർത്തിയ അനുഭവാവിഷ്കരണം
ReplyDeletethnx for the comment!!
Deleteനല്ല കഥ
ReplyDelete