Saturday 21 March 2015

ഓർമ്മപ്പെടുത്തൽ

മാർക്കറ്റിലെ തട്ടുകൾക്ക് മുകളിൽ ഈച്ചയരിക്കുന്ന മീൻ മൃതദേഹങ്ങൾക്കും ചതഞ്ഞരഞ്ഞ് റോഡിലൊരു ഭൂപടമായി മാറിയ പൂച്ചയ്ക്കും തലയറുക്കപ്പെട്ട ആട്മാടുകൾക്കും എന്നോട് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം..

“നീയും വരും"

Tuesday 17 March 2015

no pain no gain


എന്റെ തറവാട്ട് ഗ്രാമം ബഹു സുന്ദരിയാണു.എത്ര വർണ്ണിച്ചാലും എത്ര കണ്ടാലും മതി വരില്ല. ചുറ്റോട് ചുറ്റും മലകളുണ്ട്,എപ്പോഴും തണൽ തരുന്ന മരങ്ങളുണ്ട്,നിഷ്കളങ്കരായ ഗ്രാമവാസികളുണ്ട്, കുളങ്ങളുണ്ട്, പുഴകളുണ്ട്..ഒരു മനുഷ്യായുസിനു ആത്മ നിർവൃതി തരുന്ന എല്ലാമിവിടെയുണ്ട്.സ്കൂളടയ്ക്കുന്ന സമയങ്ങളിൽ,നീണ്ട അവധി ദിവസങ്ങളിൽ നഗരം ചാർത്തിതരുന്ന ചായക്കൂട്ടുകൾ കഴുകി കളയുവാൻ ഈ ഗ്രാമത്തിലേക്ക് അപ്പൻ ഞങ്ങളെ കോണ്ട് പോകാറുണ്ട്.കെ.എസ്.ആർ.ടി.സി. ബസ്സിന്റെ കുലുക്കം നിറഞ്ഞ ഒന്നരമണിക്കൂർ യാത്ര, പൊടി പറത്തിക്കൊണ്ട് എന്റെ ഗ്രാമത്തിലവസാനിക്കുമ്പോൾ അനിർവചനീയാനന്ദത്തിൽ ഞാൻ പുളകിതനാവാറുണ്ടായിരുന്നു. 
അന്നൊക്കെ തറവാട് എന്നും ഉൽസവാന്തരീക്ഷത്തിലായിരുന്നു.ചുറ്റോട് ചുറ്റും ബന്ധു ജനങ്ങളും കൂടെ കളിക്കാൻ എണ്ണിയാൽ തീരാത്ത കൂട്ടുകാരും കളിയാക്കലുകളിൽ പി.എച്ച്.ഡി. എടുത്തിരിക്കുന്ന ഇളയച്ഛന്മാരും,അതി രാവിലെയെഴുന്നേറ്റുള്ള മാമ്പഴം പെറുക്കലും, മണ്ണിരയെ കോർത്ത് പുഴയിൽ ചൂണ്ടയിടലും.. 
നീന്തൽ കഥയിലേക്ക് കടക്കാം.ആറിലോ മറ്റോ പഠിക്കുകയാണു.നല്ല മഴക്കാലം.തറവാട്ടിൽ അമ്മൂമ്മ ഒരുക്കി വച്ചിരിക്കുന്ന എല്ലും കപ്പയുമായി മല്പിടുത്തത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടപ്പുറം താമസിക്കുന്ന ഇളയച്ഛൻ കയറിവന്നത്.അപ്പന്റെ നേരനിയനല്ലെങ്കിലും കുട്ടിക്കാലത്തെ അമ്മ മരിച്ച ഇളയച്ഛനെ സ്വന്തം മകനായിട്ടാണു അമ്മൂമ്മ വളർത്തിയത്. ‘ഞങ്ങൾക്ക് കിട്ടേണ്ട പാലു കൂടി ദാ ഇവനൊറ്റയ്ക്ക് കുടിച്ച് തീർത്തെന്ന്’ എന്റെ മറ്റ് ഇളയച്ഛന്മാർ ചേർന്ന് കളിയാക്കുമായിരുന്നു. 
“കുട്ടാ ..നീ കുളിക്കാൻ വരുന്നോ? ഞാൻ പുഴയിലോട്ട് പോവുകയാ” 
ഇളയപ്പന്മാരുടെ കൂടെ കുളിക്കാൻ പോകുന്നതിൽ പരം റിസ്ക് ഈ ലോകത്ത് മറ്റൊന്നിലുമുണ്ടാവില്ല.കുട്ടികളാണോയെന്നൊന്നും നോക്കില്ല.ചിലപ്പോൾ പിടിച്ച് മുക്കും, നീന്തലറിയാത്ത ഞങ്ങളെ പിടിച്ച് വെള്ളത്തിൽ തള്ളിയിടും. ഉടുത്തിരിക്കുന്ന തോർത്ത് മുണ്ട് വലിച്ചൂരി വെള്ളത്തിലേക്ക് ഊളിയിട്ടു കളയും. വെള്ളത്തിലിറങ്ങാനും വയ്യ, കരയിൽ നില്ക്കാനും വയ്യ എന്ന അവസ്ഥയിലാവും നമ്മൾ.എങ്കിലും കൂടെപ്പോവും..പുഴയോരത്ത് നിന്ന് കുളിക്കുക എന്നതാലോചിക്കുമ്പോൾ മേല്പ്പറഞ്ഞ ക്രൂര പീഡനങ്ങൾ സഹിക്കാൻ ഞങ്ങൾ കുട്ടികൾ തയ്യാറായിരുന്നു.മാത്രമോ, ചിലപ്പോൾ വാഴപ്പിണ്ടികൾ ചേർത്ത് വച്ച് ഞങ്ങൾക്ക് വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കാൻ തോണികളുണ്ടാക്കി തരുമായിരുന്നു. 
എന്തായാലും പോവുക തന്നെ.തോർത്ത് മുണ്ടുടുത്ത് ഞാൻ റെഡിയായി. മുൻപിൽ ഇളയപ്പനും പിന്നിൽ ഞാനും നടന്നു. ഇളയപ്പനു എന്നേക്കാൾ അഞ്ചോ ആറൊ വയസ്സിന്റെ മൂപ്പെ ഉള്ളു. എങ്കിലും ആളു കില്ലാഡിയാണു.എത്ര വലിയ മരത്തിന്റെ മുകളിലും കയറും.വെള്ളത്തിലേക്ക് മുങ്ങാംകുഴിയിടും. എത്ര ആഴത്തിൽ നിന്നും വെള്ളാരം കല്ലുകൾ പെറുക്കി കൊണ്ട് വരും.കുറേ നേരം വെള്ളത്തിനടിയിൽ കിടക്കും. പലവട്ടം കറങ്ങി പുഴയിലേക്ക് ചാടും.കൈകാലുകളനക്കാതെ വെള്ളത്തിനു മുകളിൽ മലർന്നു കിടക്കും..അക്കാലത്തൊരു സൂപ്പർ ഹീറോ ഉണ്ടായിരുന്നെങ്കിൽ അതെന്റെ ഇളയപ്പനായിരുന്നു.ഇതൊക്കെ ഓർത്തപ്പോൾ നീന്തൽ പഠിക്കാൻ ഒരാഗ്രഹം.അന്നത്തെ ആറാം ക്ളാസുകാരൻ , ഇളയപ്പനെ പുറകിൽ നിന്നും തോർത്ത് മുണ്ടിൽ പിടിച്ച് വലിച്ച് നിർത്തി. 
“എന്താടാ..?” 
“ഇളയപ്പാ..എന്നെ നീന്തലു പഠിപ്പിക്കാമോ? കയ്യും കാലുമൊന്നുമനക്കാതെ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്ന അഭ്യാസം പറഞ്ഞു തരാമൊ”? 
ഇരയെ കിട്ടിയ സന്തോഷം ഇളയപ്പന്റെ മുഖത്ത്. 
“പിന്നെന്താ? എന്നാ നമുക്കു കുളത്തിലോട്ട് പോകാം. പുഴയിൽ നീന്തൽ പഠനം ശരിയാവില്ല. നീ വാ” 
അങ്ങനെ കുളം ലാക്കാക്കി നടക്കുമ്പോൾ കൈകാലുകളങ്ങാതെ മലർന്ന് കിടക്കുന്ന,പുഴയുടെ അടിയിൽ നിന്നും വെള്ളാരം കല്ലുകൾ വാരുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു. 

മഴക്കാലമായത് കൊണ്ട് കുളം നിറഞ്ഞ് കിടക്കുകയാണു. നാലാൾ താഴ്ചയുണ്ട്.കടും നീല നിറത്തിൽ കലങ്ങിക്കിടക്കുകയാണു.ഒരു ഭയം ഉള്ളിൽ നാമ്പെടുത്തു.അത് കണ്ട് കൊണ്ടായിരിക്കണം ഇളയപ്പൻ അടുത്തുള്ള കവുങ്ങിലേക്ക് വലിഞ്ഞു കയറി, പിടി വിട്ട്, അന്തരീക്ഷത്തിൽ നാലോ അഞ്ചോ തവണ കറങ്ങി ,കുളത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് പൊങ്ങിവന്ന് പരവതാനിയിലെന്ന പോലെ മലർന്നു കിടന്നു.ആ ഷോ ഓഫ്ഫിൽ ഞാൻ വീണു. മണ്ണു കൊണ്ട് വെട്ടിയുണ്ടാക്കിയ പടവിലേക്ക് ഇറങ്ങി നിന്നു... 
നീന്തൽ പഠനമിന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോൾ ഞാൻ കുളത്തിന്റെ ഒരു വശത്ത് നിന്നും അപ്പുറത്തേക്ക് ദുർബലമായി നീന്തും. കുളത്തിനു വ്യാസം കുറവായതിനാൽ ഒരാന്തലിനു ഞാൻ അപ്പുറമെത്തും. ഒറ്റശ്വാസത്തിലാണു ഈ കുതിപ്പ്. ഇടയ്ക്കൊന്ന് നിന്നാൽ പിന്നെ വെപ്രാളപ്പെട്ട് താഴേയ്ക്ക് പോകും. നീന്തലിനിടയിൽ ശ്വാസം വിടുന്നതെങ്ങനെയെന്നും പഠിക്കാനാവുന്നില്ല. എങ്കിലും ഇളയപ്പൻ കൂടെ നീന്തുന്നത് കൊണ്ട് (മിക്കപ്പോഴും ഒരു കൈകൊണ്ട് എന്നെ താങ്ങുന്നുണ്ട്) സമാധാനമാണു.അതാണെന്നെ അത്ഭുതപ്പെടുത്തിയത്..സാധാരണ ഗതിയിലാണെങ്കിൽ ഒരു നൂറു തവണ എന്നെ മുക്കേണ്ട സമയം കഴിഞ്ഞു. ഇളയപ്പൻ ആളു മാന്യനായ​‍ാ എന്ന് ഞാൻ സംശയിച്ചു. 
പഠനം നാലാം നാളിലേക്ക് കടന്നു.എങ്കിലും വെള്ളത്തിലേക്ക് ചാടാൻ നേരം ഒരു ഭയം ഇപ്പൊഴും ഉള്ളിൽ നില്ക്കുന്നു. തോർത്ത് മുണ്ടുമായി ഞാൻ കുളക്കടവിൽ റെഡിയായി. ഇളയപ്പൻ സ്വ ശരീരമാകമാനം എണ്ണ തേക്കുന്നു. 
“നീ ചാടിക്കോ..എന്തേലും പറ്റുകയാണേൽ ഞാനും ചാടിക്കോളാം..” 
“വേണ്ട..ആദ്യം ഇളയപ്പൻ കുളത്തിൽ ഇറങ്ങി നിക്ക്..എന്നിട്ട് ഞാൻ ചാടാം..” മൂന്നു ദിവസമായിട്ട് വെള്ളത്തിൽ മുക്കുന്നില്ലെങ്കിലും ഇളയപ്പനെ എനിക്കിനിയും അത്ര വിശ്വാസം പോര. 
“നിന്നോടല്ലേ ചാടാൻ പറഞ്ഞത്..” 
“ഇളയപ്പനിറങ്ങ്..” 
“ചാടെടാ...” 
കുളത്തിന്റെ ഓരത്തേക്ക് ഞാൻ നീങ്ങി നിന്നു. ചാടാനായി ശരീരം വളച്ചു. വെള്ളം കണ്ടപ്പോൾ ശരീരം താനെ നിവർന്നു. 
“ഇളയപ്പാ..ഇത്രെം ഉയരത്തീന്നു ചാടാനൊരു പേടി. ഇളയപ്പനിറങ്ങി നില്ക്കുകയാണേ...” 

പറഞ്ഞു മുഴുപ്പിച്ചില്ല. മാരുതി കാറിന്റെ പിൻ വശത്തേക്കാൾ ശുഷ്കിച്ചിരുന്ന എന്റെ ആസനത്തിൽ ഇളയപ്പന്റെ വക ഒരു തൊഴിത്തള്ള്..ഞാനുയർന്ന് പൊങ്ങി. അന്തരീക്ഷത്തിൽ ഏതൊക്കെയോ കഥകളി മുദ്രകൾ വരച്ചിട്ട്, നിലയില്ലാ കുളത്തിന്റെ ഒത്ത നടുവിലേക്ക് പതിച്ചു. 
ഇളയപ് ളാ​‍ാ....ഒരു നില വിളിയോടെ ഞാൻ കുളത്തിന്റെ അടിയിലേക്ക് കുതിച്ചു. ഒരായുസ്സിലേക്കുള്ള വെള്ളം കുടിച്ചു. പാവം മീനുകളെ വിഴുങ്ങി.കണ്ണുകൾ തുറിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞു.ഒരുപാട് സമയത്തിനു ശേഷം കുളത്തിന്റെ അടിത്തട്ട് എനിക്കിപ്പൊൾ വ്യക്തമായി കാണാം. തൊട്ടു തൊട്ടില്ല എന്നായാപ്പോൾ ഞാൻ തനിയെ ഉയർന്ന് പൊങ്ങി. എന്റെ തല വീണ്ടും പുറം ലോകം കണ്ടു. കുളത്തിന്റെ കരയിൽ ഇളയപ്പൻ, ശരപഞ്ചരത്തിൽ ജയൻ കുതിരയെത്തിരുമ്മുന്നത് പോലെ സ്വന്തം ശരീരത്തെ എണ്ണയിട്ട് തിരുമ്മുന്നു. 
“രക്ഷ്ളി ക്കള ൺളേള​‍്ള...” വായിൽ നിറയെ വെള്ളവുമായി ഞാനലറി.ഇളയപ്പൻ ഒരു ചെറു ചിരിയോടെ കൈകളുയർത്തി റ്റാറ്റ തന്ന് വീണ്ടും ശരീരം തിരുമ്മുന്നു. 
ഞാൻ വീണ്ടും കുളത്തിനടിയിലേക്ക്..ഇത്തവണ ആദ്യത്തെ അത്ര വേഗതയുണ്ടായിരുന്നില്ല. അധികം പിടയ്ക്കാനും പറ്റുന്നില്ല. കണ്ണുകൾ നല്ല രീതിയിൽ വിടർന്നു. അടുത്ത ജന്മത്തിലേക്കും വേണ്ടിയുള്ള വെള്ളം കുടിച്ചു. കുളത്തിന്റെ അടിത്തട്ടിലേക്ക് വീണു.ചളി മണ്ണും കൊച്ച് കല്ലുകളും എന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞമർന്നു. പായൽ പടർപ്പുകളിൽ കാലുകൾ ഒന്ന് കോർത്തു.പിന്നെ മെല്ലെ ഉയർന്ന് തുടങ്ങി. ഇത്തവണ തല മുഴുവനായി പുറം ലോകം കണ്ടില്ല. കണ്ണുകൾ തുറിച്ച് പുറത്തേക്ക് നോക്കിയപ്പോൾ ജയൻ അതേ രൂപത്തിൽ അതേ ഭാവത്തിൽ അവിടെ നില്ക്കുന്നത് കണ്ടു. കരയാനോ നിലവിളിക്കാനോ പറ്റിയില്ല.കാരണം എന്റെ മൂക്കോ വായോ പുറം ലോകം കണ്ടില്ല. കൈകളൊന്ന് ആയാസപ്പെട്ടുയർത്തി ഞാൻ വീണ്ടും താണു. ഇത്തവണ വളരെ വളരെ പതുക്കെയാണു ഞാൻ താഴേക്ക് പോയത്. അല്പം പോലും കുതറിയില്ല. ശ്വാസം മുട്ടിയില്ല (അല്ലെങ്കിൽ മുട്ടാൻ ശ്വാസമെവിടെ..) ചുറ്റിനും വെള്ള നിറം മാത്രം. നല്ല ഒരു സ്വപ്നം കണ്ട് ഉറങ്ങാൻ തയ്യാറെടുക്കുന്ന പോലെ..ഇതാണു മരണമെന്ന തിരിച്ചറിവ് എന്നിലുണ്ടായി. എന്നാൽ ആ ഒരു പ്രത്യേക വികാരത്തിൽ എനിക്കല്പം പോലും ഭയം തോന്നിയില്ല.അമ്മയെ ഓർത്തു..സ്കൂളോർത്തു..അങ്ങനെ പലതും..എന്നിട്ടും അല്പം പോലും നഷ്ടബോധം വന്നില്ല എന്നുള്ളതാണു സത്യം.ഒരു പഞ്ഞിക്കെട്ട് കണക്കെ താഴേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി. ഇനി മുകളിലേക്കുയരില്ലെന്ന് എനിക്കുറപ്പായിരുന്നു. അത്ര പതുക്കെയായിരുന്നു ഞാൻ സഞ്ചരിക്കുന്നത്. അപ്പോഴാണു വെള്ളത്തിനടിയിലൂടെ ആയിരം കുമിളകളാൽ അകമ്പടി സേവിച്ച് എന്തോ ഒന്നെനിക്കു നേരെ വന്നത്. പണ്ട് വായിച്ച കഥകളിലെ മൽസ്യ കന്യകമാരായിരിക്കണം. കന്യക അടുത്തടുത്തെത്തി. ഒരു നിമിഷം!! അതു മൽസ്യകന്യകയല്ല, ഇളയപ്പൻ കന്യകനായിരുന്നു എന്ന തിരിച്ചറിവ്, ജീവിക്കാനുള്ള തത്രപ്പാട് എന്നിൽ വീണ്ടുമുളവാക്കി.ഒരു കുതിപ്പിനു ഞാൻ ഇളയപ്പന്റെ മേലേക്ക് ചാടിപ്പിടിച്ചു. ശ്വാസമില്ലായ്മയുടെ വെപ്രാളം വീണ്ടുമെന്നിൽ. ഇളയപ്പന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. ഇത്തവണ ഇളയപ്പന്റെ കണ്ണുകളാണു തുറിച്ചത്. ബാലൻസ് നഷ്ടമായ ഇളയപ്പൻ എന്നെയും കൊണ്ട് കുളത്തിനടിയിലേക്ക്..കാലുകൾ ചെളിയിലമർത്തി ഇളയപ്പൻ മുകളിലേക്ക് കുതിച്ചുർന്നു, ഞാൻ ജീവിതത്തിലേക്കും. 
കുളത്തിന്റെ കരയിലേക്ക് എന്നെ വലിച്ചിടുമ്പോൾ സുതാര്യമല്ലാത്ത ഒരു അക്വേറിയമായിക്കഴിഞ്ഞിരുന്നു എന്റെ വയർ.ഇളയപ്പൻ നാലഞ്ചു തവണ ഉഴിഞ്ഞു.കുറേ വെള്ളം പോയിക്കിട്ടി. ഇളയപ്പൻ ബാക്കിയെണ്ണ തേക്കാൻ പോയ സമയത്ത് പ്രാണൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഞാൻ തറവാട്ടിലേക്കോടി.എന്റെ സ്വപ്ങ്ങളൊക്കെ സാക്ഷാത്കരിച്ചു.ഊളിയിടാൻ പഠിച്ചു. കുളത്തിന്റെ അടി വശം കണ്ടു. വെള്ളാരം കല്ലുകൾ (കൂടെ ചെളിയും പായലും) വാരിയെടുത്തു.ഒരു രണ്ട് നിമിഷം കൂടെ ഇളയപ്പൻ വരാൻ താമസിച്ചിരുന്നെങ്കിൽ കയ്യും കാലുമനക്കാതെ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന വിദ്യ കൂടെ ഞാൻ പഠിച്ചേനെ. 
പിന്നെ ഇളയപ്പന്മാറുടെ കൂടെ നീന്തൽ പഠിക്കാൻ അക്കാലങ്ങളിൽ പോയിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം. 
ഇളയപ്പന്മാർ മാറി മാറി ഉപദേശിച്ചു. 
“കുട്ടാ..നീ കേട്ടിട്ടില്ലെ? no pain no gain" . പേടിയെ ചങ്കുറപ്പോടെ നേരിടണം. ഇനി നീ നോക്കിക്കോ..എത്ര ആഴത്തിലേക്കിറങ്ങാനും നിനക്ക് പേടിയുണ്ടാവില്ല.നീ ഭയത്തെ പേടിച്ച് ഓടരുത്..ഭയം നിന്നെ പേടിച്ച് ഓടണം.” 

ഞാനൊന്നും പറയാൻ പോയില്ല. തർക്കുത്തരം പറഞ്ഞാൽ അടുത്തതെന്നെ കിണറ്റിലേക്കായിരിക്കും ഇടുന്നത്. അമ്മാതിരി കിടുവകളാണു ഇളയപ്പന്മാർ (ഇപ്പൊ ഞാനും :)). 

അന്നത്തെ സംഭവത്തിനു ശേഷം നീന്തൽ പഠനമെന്ന സ്വപ്നം ഞാൻ പാടെ ഉപേക്ഷിച്ചിരുന്നു.പക്ഷെ ഈ നീന്തൽ പഠന ദുരന്തത്തിനു അതി സുന്ദരമായ ഒരു പര്യവസാന ചിത്രമുണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാത്തത്, ഈ ഞാൻ പോലും. അത് സംഭവിച്ചത് ബാംഗ്ളൂർ നഗത്തിൽ വച്ചായിരുന്നു.എത്രയോ വർഷങ്ങൾക്ക് ശേഷം.കൂട്ടുകാരൊത്ത് സ്വിമ്മിങ്ങ് പുളിൽ കുളിക്കുവാൻ പോയി. കൂട്ടത്തിൽ നീന്തൽ അല്പമെങ്കിലും വശമുള്ള ഒരേയൊരു കൂട്ടുകാരൻ ‘കാട്ടാളരിൽ കാപ്പിരി കാമദേവൻ“ എന്ന് പറയുമ്പോലെ നീന്തലിന്റെ ബാലിശമായ പല സർക്കസ്സുകളും കാണിച്ച് തുടങ്ങിപ്പോൾ, വീണ്ടും നീന്തൽ പഠിക്കണമെന്ന ഒരാഗ്രഹം എന്നിൽ ഉടലെടുത്തു. സ്വിമ്മിങ്ങ് പൂളിന്റെ ആഴമില്ലാത്ത സ്ഥലത്ത് കൂടെ ഞാൻ നീന്താൻ ശ്രമിച്ചു. അത്ഭുതം..മഹാത്ഭുതം..ഒരു കുഴപ്പവുമില്ലാതെ ഞാൻ നീന്തുന്നു. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. ഒരു ധൈര്യത്തിനു ആഴമേറിയ വശത്തേക്ക് ഞാൻ നീന്തി. എനിക്ക് അല്പം പോലും ഭയമനുഭവപ്പെട്ടില്ല. നിലയില്ലാത്തിടത്ത് അല്പം പോലും താഴാതെ ഞാൻ നിന്നു.വെള്ളത്തിനു മുകളിൽ കൈകാലുകളനക്കാതെ വിടർന്നു ഞാൻ കിടന്നു. കൂട്ടുകാരൊക്കെയും അത്ഭുതാദരവോടെ എന്നെ നോക്കുന്നു. അവരെ പറയുന്നതെന്തിനു. ഈ ഞാൻ തന്നെ എന്നെ ബഹുമാനിച്ച നിമിഷങ്ങളായിരുന്നു, അത്. പിന്നെ പിന്നെ ഓരോ സർക്കസ്സുകൾ ഞാൻ പഠിച്ചെടുത്തു.കൈകൾ പിന്നിൽ കെട്ടി നീന്തി, മുങ്ങാങ്കുഴിയിട്ടു. ഏറെ സമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു കിടന്നു. അന്ന് ഇളയപ്പൻ തന്ന മഹാധൈര്യത്തിന്റെ വില എനിക്ക് മനസിലായി. ’ഭയം നമ്മളെ പേടിച്ചോടണം..‘ 
ഇപ്പോൾ മോശമല്ലാത്ത ഒരു നീന്തലുകാരനായി മാറി.അവധിക്കാലങ്ങളിൽ ഇപ്പോഴും ഇളയപ്പന്മാരുടെ കൂടെ പുഴയിൽ ചാടി മറിയുവാൻ പോവാറുണ്ട്.നീന്തി തുടിക്കാറുണ്ട്.ഭയമേതുമില്ലാതെ. ഇപ്പോഴെന്റെ ഇരകൾ ഇളയപ്പന്മാരുടെ കുഞ്ഞുമക്കളാണു. അവരെ ഭയമേതുമില്ലാതെ വളർത്താൻ ഞാൻ ശ്രമിക്കുന്നു..പാവങ്ങൾ!! :D