Saturday 8 April 2017

വനിതാ ദിനങ്ങൾ



ഏഴെട്ട് വർഷങ്ങൾക്ക് മുൻപാണ്. മഹാ ധൈര്യശാലിയായ ഞാൻ ഒൻപതാം നിലയിലെ ഓഫിസിലേക്കുള്ള മാർഗ്ഗമധ്യേ ലിഫ്റ്റിൽ കുടുങ്ങി.ലിഫ്റ്റ് അക്രമകരമായി പെരുമാറാൻ തുടങ്ങിയപ്പോ, ഏറു കൊണ്ട നാടൻ പട്ടിയെക്കാൾ ഭേഷായി ഞാൻ മോങ്ങി. കൂടെയുണ്ടായിരുന്നവരും നന്നെ പേടിച്ചെങ്കിലും എന്റെ തകർപ്പൻ പ്രകടനം നോക്കി നിന്നതിനാൽ അവർക്കൊന്നും കരയാൻ സമയം കിട്ടിയില്ല.എന്തോ ആവട്ടെ..ദയ തോന്നിയ ലിഫ്റ്റ് പാതി വളഞ്ഞു തുറക്കപ്പെടുകയും ഞങ്ങളെല്ലാവരും ചാടി രക്ഷപ്പെടുകയും ചെയ്തു.ശേഷം കുറെ നാൾ ലിഫ്റ്റിൽ കയറാതെ ഈ ഒൻപത് നിലയും ഞാൻ നടന്നു കയറുകയാണുണ്ടായത്.(അത് പേടി കൊണ്ടൊന്നുമല്ല😎..ഒൻപത് നില നടന്നുകയറുന്നത് ആരോഗ്യത്തിനു വളരെ വളരെ നല്ലതാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുള്ളത് പോലെ ഒരു തോന്നൽ...).

അങ്ങനെയൊരുനാൾ പടികൾ കയറി ക്ഷീണിച്ചു..I mean... സന്തോഷിച്ചു മുകളിലെത്താറായപ്പോഴാണ് ഞാനാ സ്ത്രീയെ കാണുന്നത്. ഓഫീസിൽ തറ തുടയ്ക്കാൻ വരുന്ന സ്ത്രീയാണ്.55-60 വയസ്സുണ്ടേലും നമ്മളെയൊക്കെ ഭയങ്കര ബഹുമാനമാണ്. അവരുടെ നിൽപ്പിൽ എനിക്കല്പം പന്തികേട് തോന്നി.ഗോവണി പിടിയിൽ കയ്യമർത്തി ആസ്മാ രോഗികളെ പോലെ ശ്വാസം വലിച്ചു വിടുന്നു.

"ഏനായിത്തു അമ്മാ..?" 
കന്നഡയിൽ എനിക്കറിയാവുന്ന ശുഷ്ക വാക്കുകൾ ഞാൻ കീച്ചി.

അവർ കണ്ണുകളുയർത്തി എന്നെ നോക്കി.സജലമായ കണ്ണുകൾ.

"എന്നാച്ചു..?യാവുദു പ്രോബ്ലം ഹെ?" ( ഇതേത് ഭാഷ എന്ന് ചോദിക്കരുത്..അറിയാവുന്നതല്ലേ നമുക്ക് പ്രയോഗിക്കാൻ പറ്റൂ..)

അവർ മറുപടിയൊന്നും പറയാതെ കുറച്ചു നേരം എന്നെ നോക്കി നിന്നു.അവർക്ക് നന്നേ ശ്വാസം മുട്ടുന്നപോലെ തോന്നി. പിന്നെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഒരു വലിയ കരച്ചിലോടെ അവർ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.അന്തം വിട്ട് നോക്കി നിന്ന എന്നെ അവർ കയ്യിലെ ചുവന്ന പാടുകൾ കാണിച്ചു തന്നു നിർത്തലില്ലാതെ കരഞ്ഞു. ആരോ തല്ലിയതാണ്. പിന്നെ പിന്നെ ഭാഷയ്ക്ക് തെല്ലും പ്രസക്തിയില്ലാതായി. തല്ലിയത് സ്വന്തം മകനാണെന്നു മനസിലായതോടെ സത്യത്തിൽ ഞാൻ ഞെട്ടി നിന്നു. പാതിയും മനസ്സിലായില്ലെങ്കിൽ കൂടിയും അവർ പറഞ്ഞതൊക്കെയും അരമണിക്കൂറോളം ഞാൻ മൂളിക്കേട്ടുകൊണ്ടിരുന്നു.കണ്ണീർമഴ ശമിച്ചപ്പോൾ അവരിൽ അല്പം ആശ്വാസം കണ്ടു.പറയുവാനൊന്നും എനിക്കില്ലായിരുന്നു.കയ്യിലുള്ള കുറച്ചു കാശ് അവർക്ക് നേരെ നീട്ടിയപ്പോൾ അവർ കണ്ണീരിൽ കുതിർന്ന ചിരിയോടെ 'ബേഡ സാർ'  എന്ന് പറഞ്ഞ് തറ തുടയ്ക്കാനുള്ള സാമഗ്രികളുമായി ഓഫീസിനകത്തേക്ക് കയറി.കുറച്ചു നാളത്തേക്ക് ആ കണ്ണുനീർ എന്നെ  ഉലച്ചിരുന്നു.സാക്ഷരതയിൽ പിന്നോക്കം നിൽക്കേണ്ടി വരുന്ന നാടുകളുടെ ദുരവസ്ഥയെന്നു നിരീച്ചു സമാധാനിച്ചു.

ഈ സംഭവം ഇപ്പോൾ ഓർക്കുവാൻ ഒരു കാരണമുണ്ട്.ഇക്കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോ ഒരു ബന്ധു വീട് സന്ദർശിച്ചു. അകന്ന ബന്ധത്തിലെ ഒരു വല്യമ്മാവന്റെ വീടാണ്.അമ്മാവൻ കാലങ്ങൾക്ക് മുന്നെ മരിച്ചതാണ്. വല്യമ്മായി ഒറ്റയ്ക്കാണ് താമസം.മക്കളൊക്കെ നല്ല നിലയിൽ. മക്കളെക്കുറിച്ചു ചോദിച്ചപ്പോൾ വല്യമ്മായി വളരെ ദൃഢമായ വാക്കുകളിൽ  പറഞ്ഞു. 

"ആ..അവർക്കൊന്നും ഇപ്പൊ എന്നെ വേണ്ട. കൊടുക്കേണ്ടതൊക്കെ,
അത് സ്നേഹമായാലും സ്വത്തായാലും കൊടുക്കേണ്ട സമയത്തു കൊടുത്തിട്ടുണ്ട്.ഇപ്പൊ ദേ..ഇക്കാണുന്ന കൊച്ചുപറമ്പിനും പൊളിഞ്ഞു വീഴാറായ കൂരയ്ക്കും വേണ്ടിയാ വഴക്ക്..അങ്ങനെ ഇതൊക്കെ കൊടുത്താലേ അവർക്ക് സ്നേഹിക്കാൻ പറ്റുള്ളൂവെങ്കിൽ ആ സ്നേഹം എനിക്ക് വേണ്ടന്ന്...!!".
അവരുടെ മറുപടി വളരെ ഉറച്ചതായിരുന്നു.

"എന്നാലും..ഒറ്റയ്ക്ക്..അതും ചുറ്റുവട്ടത്ത് ആൾ താമസം പോലുമില്ലാത്ത ഈ സ്ഥലത്തു..??" ഞാൻ ചോദിച്ചു.

"എടാ മോനെ..നെനക്കറിയാവോ..കഴിഞ്ഞ  കുറെ കാലമായി ഞാനിവിടെ ഒറ്റയ്ക്കാ..ഒരാളുടേം സഹായം തേടി ഞാൻ പോയിട്ടില്ല. സ്വന്തം മക്കള് തിരിഞ്ഞു നോക്കാത്ത ഞാനെങ്ങനാടാ വേറൊരാളുടെ അടുത്തു സഹായത്തിനു പോണത്..??"

അവരുടെ ഉറച്ച ശബ്ദത്തിൽ വിള്ളലുകൾ വീഴുന്ന പോലെ. ഒരു നിമിഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.

"കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ പനി പിടിച്ചു കിടപ്പിലായിരുന്നു.ഒന്നെഴുന്നേറ്റു നടക്കാൻ പോലും ത്രാണിയില്ലാരുന്നു. എന്നിട്ടും ഞാൻ പിടിച്ചു നിന്നു.ഒറ്റയ്ക്ക് കഞ്ഞിയുണ്ടാക്കി കുടിച്ചു. എന്റെ മക്കളെ ഒരു ദിവസം പോലും ഈ വഴിക്ക് കണ്ടില്ല.."

ഒരൊറ്റ നിമിഷം കൊണ്ട് ആ അമ്മ ചങ്ക് തടവി കരയാൻ തുടങ്ങി. കാലങ്ങളായി അവരടക്കി വെച്ചിരുന്ന കണ്ണുനീരൊക്കെയും അണപൊട്ടിയൊഴുകി.

ഇതേ കണ്ണുനീരും ഇതേ കരച്ചിലുമാണ് വർഷങ്ങൾക്ക് മുൻപ്  ഓഫിസ് ഗോവണിയിൽ വെച്ചു ഞാൻ കണ്ടത്. നിശബ്ദനായി ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതി. എന്നാൽ പിന്നീട് നാട്ടിൽ നിന്ന ഒരു മാസത്തിനുള്ളിൽ ഇങ്ങനെ ഒരുപാട് പേരെ കണ്ടു. 'ഒരുപാട് പേർ' എന്ന വാക്കിൽ അതിശയോക്തി അല്പം പോലുമില്ല!!
സത്യമാണ്!!ഒരുപാട് പേർ..സമ്പൂർണ്ണ സാക്ഷരതയെന്നാൽ എഴുത്തും വായനയും അറിയാമെന്നുള്ളത് മാത്രമല്ലെന്ന് എന്നാണു നമ്മൾ മനസിലാക്കുക? അമ്മ- അച്ഛൻ എന്ന വാക്കുകളുടെ വിലയറിയണമെങ്കിൽ ഒന്നോ രണ്ടോ അനാഥാലയങ്ങൾ സന്ദർശിച്ചാൽ തന്നെ ധാരാളം.ആ കുരുന്നുകളുടെ കണ്ണുകളിലെ,ഒരിക്കലും നടക്കാത്ത പ്രതീക്ഷകളാണ് നമ്മളിൽ പലരും പുച്ഛിക്കുന്ന ഈ വാർധക്യ ദേഹങ്ങൾ..
അമ്മമാരോട്  അവരുടെ ചങ്ക് തകർക്കുന്ന വാക്കുകൾ പുലമ്പുമ്പോൾ നമ്മുടെ ശൈശവ-ബാല്യ-കൗമാരങ്ങളെ പറ്റിയും ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്. അവർ കൈപിടിച്ച് തന്നാണ് നമ്മൾ നടന്നു തുടങ്ങിയത്. ഓരോ കരച്ചിലിലും ആദ്യം കണ്ണുനീരൊപ്പി തന്നത് അമ്മമാരാണ്.നമ്മുടെ ഓരോ മുറിവുകളിലും നമ്മളെക്കാൾ കരഞ്ഞത് അവരാണ്.ഒരു പനി വരുമ്പോൾ കൂടെ കെട്ടിപ്പിടിച്ചു കിടക്കാൻ അവരെ ഉണ്ടായിരുന്നുള്ളു. നമുക്ക് വേണ്ടി പല രാത്രികളും ഉറക്കമൊഴിച്ചിരുന്ന ഒരേയൊരു സ്‌ത്രീ അമ്മ മാത്രമാണ്. ഇന്നിതൊക്ക ഓർക്കുമ്പോൾ പുച്ഛം തോന്നുമായിരിക്കും.കാരണം നമ്മളൊക്കെ അവരെക്കാളും വിദ്യാഭ്യാസം നേടി..വളർന്നു..ലോകം ഒരുപാട് കണ്ടു.. പക്ഷെ കണ്ണടച്ചാൽ ഇരുട്ടാവില്ലെന്നു ഓർക്കുന്നത് നല്ലതാണ്..ഒക്കെയും നമ്മൾ വെട്ടിപ്പിടിച്ചത് അവർ തന്ന കരുതലുകൾ കൊണ്ടാണ്..സ്നേഹം കൊണ്ടാണ്..രാവിലെ നമുക്കും മുൻപേ എഴുന്നേറ്റു ഒരുക്കി വെച്ച ഭക്ഷണമാണ് നമ്മുടെ ഇന്നത്തെ ഈ തടി..ഈ ആരോഗ്യം..അമ്മമാരുടെ കണ്ണുനീരിന് നീറ്റൽ കൂടും..വീട്ടിലൊരു യുദ്ധമുണ്ടായാൽ പുരുഷഗണങ്ങൾ സാധാരണ ഇറങ്ങിപ്പോകാറാണ് പതിവ്. സ്വസ്ഥത കിട്ടുന്ന സ്ഥലം തേടി പോകും. അമ്മമാരൊക്കെയും അടുക്കളയെന്ന നാല് ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടി കരയാറെ ഉള്ളു. അവരുടെ ആ കണ്ണുനീരിനോളം വരുന്ന ശാപം മറ്റൊന്നുമുണ്ടാവില്ല. 

അമ്മൂമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. 'ആറും അറുപതും ഒരുപോലെ' യാണെന്ന്.. നമ്മുടെ ആറാം വയസിൽ നമ്മുടെ മാതാപിതാക്കന്മാർ എത്ര കരുതലോടെ നമ്മളെ നോക്കിയോ അത് പോലെ അവരുടെ അറുപത് വയസ്സിൽ നമ്മളവരോട് പെരുമാറണം..അതാണ് ഹീറോയിസം!!ശരിയും തെറ്റും ആരുടെ പക്ഷത്തു എന്ന വാദത്തിനു ഇവിടെ അല്പം പോലും പ്രസക്തിയില്ല. അവർ പറയുന്നതിലും ചെയ്യുന്നതിലും ഒരുപാട് ശരികേടുകൾ ഉണ്ടായേക്കാം..നമ്മുടെ മുൻകാലങ്ങളിൽ നമ്മൾ കാണിച്ച ശരികേടുകളൊക്കെയും ക്ഷമിച്ചവരാണവർ. തെമ്മാടിയും തന്നിഷ്ടക്കാരനുമായി ജീവിക്കാം. പക്ഷെ പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന തെമ്മാടിത്തരത്തെ ഒരിക്കലും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. 

...ഈ അമ്മമാരുടെ കണ്ണുനീരിനിടയിലും  ആരൊക്കെയോ 'വനിതാ ദിനം' ന്നൊക്കെ പറയുന്നു!എന്താത്..??

(Nb: ഇത്രയൊക്കെ പറഞ്ഞ ഞാൻ ഒരു ഭയങ്കര മാന്യനും സ്നേഹം വഴിഞ്ഞൊഴുകുന്നവനാണെന്നും ഒന്നും ആരും തെറ്റിദ്ധരിക്കേണ്ട... മാതാശ്രീ,പെങ്ങൾശ്രീ,സൗഹൃദശ്രീ  ഗണത്തിൽ പെടുന്ന എല്ലാ സ്ത്രീജനങ്ങളുമായി  ഒരുളുപ്പുമില്ലാതെ ഗംഭീര വഴക്കടിച്ചിട്ടുണ്ട്..ഇപ്പോഴും വഴക്കിടാറുണ്ട്!!
പക്ഷെ യുദ്ധങ്ങളൊക്കെയും, ഏറിയാൽ ഒരു മണിക്കൂർ..അതിനപ്പുറത്തേക്ക്  കൊണ്ട് പോവ്വാറില്ല!!വെള്ളക്കൊടിയുമായി ചെന്ന് ഞാൻ തന്നെ യുദ്ധം അവസാനിപ്പിക്കാറുണ്ട്..)