Friday 29 May 2015

എന്റെ കുഞ്ഞു സൂര്യൻ



“അമ്മയെവിടെ?” 
സ്കൂൾബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഞാൻ ചേച്ചിയോട് ചോദിച്ചു. 
“അമ്മ ആശുപത്രിയിൽ പോയി. ജനി ചേച്ചിക്ക് കുഞ്ഞുണ്ടായി..” 
കേട്ടപാതി കേൾക്കാത്ത പാതി ഞാനോടി.അടക്കനാവാത്ത സന്തോഷം.ഒരു പക്ഷെ ജനിചേച്ചിയേക്കാൾ, അല്ലെങ്കിൽ ഇബ്രു ചേട്ടനെക്കാൾ അവന്റെ വരവിനായി കാത്തിരുന്ന വ്യക്തി ഞാൻ തന്നെയാണു. 
ജനി ചേച്ചിയും ഇബ്രു ചേട്ടനും ഞങ്ങളുടെ അയൽ വാസികളായിട്ട് മാസങ്ങളെ ആയിട്ടുള്ളു.രണ്ട് മതത്തിൽ പെട്ടവർ.പ്രേമിച്ച് വിവാഹം കഴിച്ചതിനു വീട്ടുകാർ പുറത്താക്കിയവർ.(പാതിരാത്രിയിൽ അപ്പന്റെയും അമ്മയുടെയും നടുക്ക് അട്ട ചുരുണ്ട് കെടക്കണപോലെ കിടക്കുമ്പോൾ കിട്ടുന്ന വാർത്തകളാണിതൊക്കെയും) 
ഒരു മതില്ക്കെട്ടിനുള്ളിൽ നാലു വീട്ടുകാർ ഒത്തൊരുമയോടെ കഴിഞ്ഞ ആ നല്ല നാളുകൾ.. 
ആ മതിലിനപ്പുറമാണു അമ്മാൾ ഡോക്ടറിന്റെ വീട്.അതിനും മൂന്നു വീടുകൾക്കപ്പുറം അമ്മാൾ ഡോക്ടറിന്റെ കൊച്ച് ആശുപത്രി.ആശുപത്രിയുടെ ഓരോ മണൽത്തരികൾക്കും ഞാൻ സുപരിചിതനാണു.എന്റെ തലയിലെ എണ്ണിയാലൊടുങ്ങാത്ത മുറിവുകള്‍ക്ക് (ഒക്കെയും എന്റെ ബാല്യത്തിൽ ഞാൻ തന്നെ വിതച്ച് ഞാൻ തന്നെ കൊയ്തെടുത്ത മുറിവുകൾ :) ) സാക്ഷിയാണു അമ്മാളു ഡോക്ടറിന്റെ ഈ ആശുപത്രി.അന്ന് സ്റ്റിച്ചിടുക എന്നു പറഞ്ഞാൽ ഭീകരമായ അവസ്ഥയാണു.മരവിപ്പിക്കുകയൊന്നുമില്ല.പച്ചയിറച്ചിയിൽ സൂചികുത്തിയിറക്കി അമ്മാളു ഡോക്ടർ തുന്നും.ആശുപത്രിയിലെ നഴ്സ്മാർ എനിക്കു ചുറ്റും നില്ക്കും.രണ്ട് പേർ കാല്പാദം, രണ്ട് പേർ കാൽ മുട്ട്, രണ്ട് പേർ കൈ എന്ന അനുപാതത്തിൽ..എന്ന് വച്ചാൽ എനിക്ക് അനങ്ങാൻ വയ്യാത്ത അവസ്ഥയിലാക്കും.അറ്റന്ററായിരുന്ന കുറിയ മനുഷ്യന്റെ ജോലി എന്റെ തല അനക്കാതെ പിടിക്കുക എന്നതായിരുന്നു. ആകെ ചെയ്യാൻ പറ്റുന്ന കാര്യം ആ കുഞ്ഞു പ്രായത്തിൽ ഞാൻ വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത തെറികൾ വിളിച്ചു കൊണ്ട് അലറുക മാത്രമായിരുന്നു.പിന്നെ തുപ്പുക. സത്യത്തിൽ ‘മലർന്ന് കിടന്ന് തുപ്പുക’ എന്ന പഴമൊഴി ഉത്ഭവിച്ചത് തന്നെ എന്റെ വരവോടെയായിരുന്നു എന്നുള്ളത് ചരിത്ര സത്യം. 
കഥയിലേക്ക് തിരികെയെത്താം. ഞാൻ ഓടിക്കിതച്ച് ആശുപത്രിയിലെത്തി. പഴയ ഒരു നാലു കെട്ടിന്റെ മാസ്മരിക സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു ആ ആശുപത്രി. നടുക്ക് ഒരു മുറ്റവും ചുറ്റും മുറികളുമായി ഒരു മനോഹര മന്ദിരം.മഴപെയ്താൽ അതിസുന്ദരം.എങ്ങോട്ട് ഒഴുകി പോകണമെന്നറിയാതെ കുഞ്ഞോളങ്ങളുണ്ടാക്കി വെള്ളക്കെട്ടുമായി ആ നടുമുറ്റം നില്ക്കും. 
അമ്മയെയും ഇബ്രു ചേട്ടനെയും വരാന്തയിൽ കണ്ടു.അമ്മയുടെ കയ്യിൽ ഒരു കുഞ്ഞു പൊതിക്കെട്ട്.എന്റെ ആകാംക്ഷ അതിർ കടന്നു. 
“ആഹാ ..ബാലചന്ദ്രമേനോൻ എത്തിയല്ലോ” - ചിര പരിചിതയായ നഴ്സ് എന്റെ കവിളിൽ തലോടി.( ബാലചന്ദ്രമേനോൻ സ്റ്റൈലിൽ സ്ഥിരമായി തലയിൽ മുറിവ് കെട്ടുമായി നടക്കുന്ന എനിക്ക് ആശുപത്രി അന്തേവാസികൾ ഇട്ടിരുന്ന പേരാണത്) 
“ ആൺകുട്ടിയായിരിക്കുമോ പെൺകുട്ടിയായിരിക്കുമോ..?” 
നഴ്സമ്മ ചോദിച്ചു. 
“ആൺ കുട്ടി..”- എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. 
ഇതിലെന്തിത്ര ചോദിക്കാനിരിക്കുന്നു? എന്റെ കുഞ്ഞനിയൻ തന്നെ. കളിക്കൂട്ടുകാരൻ ആവാൻ പോകുന്നവൻ.ഞാൻ എടുത്തു കൊണ്ട് നടക്കാൻ പോകുന്നവൻ.അതി സുന്ദരനായ എന്റെ സ്വന്തം ചക്കര.. 
നഴ്സമ്മ എന്നെ കവിളിൽ അമർത്തിപ്പിട്ച്ച് പറഞ്ഞു. 
“ എടാ കള്ളാ..നീ ആളു കൊള്ളാമല്ലൊ? 
ഞാൻ അമ്മയുടെ സാരിതുമ്പിൽ പിടിച്ച് വലിച്ച് കൊണ്ടിരുന്നു.അമ്മ പതിയെ താണു കുഞ്ഞിനെ കാണിച്ചു തന്നു. ആകെ മൊത്തം ഒരവലോകനം നടത്തി കുഞ്ഞ്, ചെറുക്കനെന്ന് കൺഫേം ചെയ്തു. പിന്നെയാണു മുഖത്തേക്ക് നോക്കിയത്.എന്റെ മുഖം വാടി. എന്റെ സങ്കല്പത്തിലെ സൗന്ദര്യം അവനുണ്ടായിരുന്നില്ല. കരുവാളുച്ച മുഖവും നീണ്ട തലയും മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരുവൻ. ഞാനെന്റെ മ്ളാനത മറച്ച് വെച്ചില്ല. 
” ഇതിനെ കാണാൻ ഒരു ഭംഗിയുമില്ല. തലയൊക്കെ നീണ്ട്..“ 
എന്റെ അമ്മ പതിവ് പോലെ വെളുത്ത് (വിളറി) സുന്ദരിയായി. അടുത്ത് നിന്നിരുന്ന ഇബ്രു ചേട്ടൻ പൊട്ടിച്ചിരിച്ചു. 
” എന്നാൽ നമുക്കിവനെ മാറ്റി അപ്പുറത്തുന്ന് ഒരു സുന്ദരനെ എടുത്തോണ്ട് വന്നാലൊ? 
നഷ്ടബോധത്തോടെ തിരികെ വീട്ടിലേക്ക് പോകുമ്പോൾ അമ്മ ഒരുപാട് വഴക്ക് പറഞ്ഞു എന്നാണെന്റെ ഓർമ്മ. 
‘എന്തായാലും നിന്നെക്കാൾ കാണാൻ കൊള്ളാം’ എന്ന എന്റെ സ്വന്തം ചേച്ചിയുടെ പ്രസ്താവന കൂടിയായപ്പോൾ, ഒന്നാമത് നിരാശനായി നിന്ന ഞാൻ അവളെ കടന്നാക്രമിക്കുക തന്നെ ചെയ്തു. ഞങ്ങളുടെ വഴക്കിനാൽ വീട് ആകെമൊത്തം കുലുങ്ങി മറിഞ്ഞു. അമ്മയുടെ ചൂരൽ കഷായത്തോടെ പ്രകമ്പനത്തിനു അറുതിയായി. 
പിന്നീടുള്ള ഒരാഴ്ച ഞാൻ ആശുപത്രി ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക കൂടി ഉണ്ടായില്ല.ശേഷമൊരുനാൾ പോയ ഞാൻ അവിടെ കണ്ട കാഴ്ചകളിൽ ചില്ലറയൊന്നുമല്ല അസ്വസ്ഥനായത്.ജനി ചേച്ചി നിറകണ്ണുകളോടെ വിതുമ്പുന്നു. ഇബ്രു ചേട്ടന്റെ കണ്ണുകളും ചുവന്ന് കലങ്ങിയിരിക്കുന്നു.എന്റെ പ്രതീക്ഷകൾ തകർത്ത കുഞ്ഞിനെ അവിടൊന്നും കാണുകയുണ്ടായില്ല. 

പാതിരാത്രിയിൽ പതിവ് പോലെ പുതപ്പും തലയണയുമായി അമ്മയുടെയും അപ്പന്റെയുമിടയിലേക്ക് നൂണ്ട് കയറി (അക്കാലങ്ങളിൽ അതൊരു സ്ഥിരം കലാപരിപാടിയായിരുന്നു. അവിടങ്ങളിലുള്ള കൊച്ചു കുട്ടികൾക്കും കൂട്ടുകാർക്കുമൊക്കെ നിറം പിടിപ്പിച്ച പ്രേതകഥകൾ പറഞ്ഞ് കൊടുത്ത് രാത്രിയാകുമ്പോൾ ഞാൻ പ്രേത സ്വപ്നം കാണും. പിന്നെ എന്റെ റൂമിൽനിന്ന് കുറ്റീം പറിച്ച് അപ്പന്റെയും അമ്മയുടെയും ഇടയിൽ കയറി ഒരു കാൽ അപ്പന്റെ കുടവയറിലും ഒരു കൈ അമ്മയുടെ വയറിനെ കെട്ടിപ്പിടിച്ചും സുഖ നിദ്ര. സത്യം പറഞ്ഞാൽ ആ ഒരു സുരക്ഷിതത്വം പിന്നീടൊരിക്കലും എവിടെയും എനിക്ക് കിട്ടിയിട്ടില്ല.) 
അങ്ങനെ കിടക്കുമ്പോളായിരുന്നു ആ കുഞ്ഞിനെ പറ്റി അവർ സംസാരിക്കുന്നത് ഞാൻ കേട്ടത്. അവന്റെ ഹൃദയത്തിനു കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പോവുകയാണത്രെ.കാര്യ ഗൗരവം പിടി കിട്ടിയില്ലെങ്കിലും എന്തോ വലിയ അപകടം നടക്കുകയാണെന്ന് എന്റെ മനസ് മന്ത്രിച്ചു. 
പിന്നീടുള്ള ദിവസങ്ങളിൽ പുതിയ ആശുപത്രിയിലേക്ക് പോയെങ്കിലും അവനെ കാണാൻ ഒത്തില്ല. 

ഒരു വലിയ യാത്രയ്ക്ക് ഞങ്ങൾ തയ്യാറെടുക്കുകയായിരുന്നു.അമ്മ​‍ൂമ്മയുടെ തറവാട് വീട്ടിലേക്ക്..ഒരുപാട് ദൂരം ട്രെയിനിൽ സഞ്ചരിക്കണം..ഞാൻ അതിന്റെ അവേശത്തിലായിരുന്നു.വല്ലപ്പൊഴും ലഭിക്കുന്ന അവസരമാണു. ട്രെയിൻ യാത്രകൾ അന്നും ഇന്നും എന്നും എനിക്ക് ഹരമാണു.ആ യാത്രയ്ക്കൊരുങ്ങുമ്പോൾ വിവരം കിട്ടി, കുഞ്ഞിനെ റൂമിലേക്ക് മാറ്റിയെന്ന്. എങ്കിലവനെ ഒന്ന് കേറി കണ്ടിട്ട് പോകാമെന്നായി അമ്മ. ഇതില്പരം ഒരു സന്തോഷം. ഒന്നാമത് ഞാൻ ട്രെയിൻ യാത്ര ചെയ്യാൻ പോകുന്നു. രണ്ടാമത്, കുറെ നാളുകൾക്ക് ശേഷമെങ്കിലും കുഞ്ഞനിയനെ കാണാൻ പോകുന്നു. ഇപ്പോഴെന്തൊ, അവനോടെനിക്ക് കാര്യമായ വിദ്വേഷമൊന്നും തോന്നുന്നില്ല. 
ഞങ്ങൾ ആശുത്രിയിലെത്തിയപ്പോൾ അവിടെ ആകെ കോലാഹലം. ദേഷ്യമൊക്കെ മാറി ജനിച്ചേച്ചിയുടെ വീട്ടുകാർ വന്നിട്ടുണ്ട്. അതിന്റെ ബഹളമാണു. ഞാൻ കിടക്കയിലേക്ക് ഏന്തി വലിഞ്ഞ് നോക്കി. തുണിക്കെട്ടിൽ ഒരനക്കം കണ്ടു.ജനിചേച്ചി എന്നെ അടുത്തേക്ക് വിളിച്ചിരുത്തി. 
“ദേണ്ടെടാ നിന്റെ കുഞ്ഞേട്ടൻ വന്നിരിക്കുന്നു..” -ജനിചേച്ചി കുഞ്ഞിനൊട് പറഞ്ഞു. 
ഞാനവനെ ഒന്ന് നോക്കി.ഞാൻ കണ്ട കാഴ്ചയെ എങ്ങനെ വിവരിക്കണമെന്ന് ഇന്നുമെനിക്ക് അറിയില്ല.അതിനുള്ള വാക്കുകൾ എവിടെയലഞ്ഞാലും എനിക്ക് കിട്ടില്ല. 
സൂര്യ തേജസ്സോടെ അവൻ. സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു. വട്ടമുഖം. ചോരപൊടിയുന്ന നേർത്ത ചുണ്ട്. അനിർവചനീയമായ ആ സൗന്ദര്യത്തിലേക്ക് നോക്കാൻ തന്നെ എനിക്ക് പേടിയായി.അതു പോലൊരു അഭൗമ സൗന്ദര്യം പിന്നീടുള്ള എന്റെ ജീവിതയാത്രയിൽ, എന്റെ കാഴ്ചകളിൽ കണ്ടിട്ടില്ലെന്ന് ഞാൻ ആണയിടട്ടെ. ഒരു ഭയപ്പാടോടെയും പറഞ്ഞറിയിക്കാനാവാത്ത വികാരത്തോടെയും ഞാൻ അമ്മയുടെ അടുക്കലേക്കോടി. സാരിത്തുമ്പിൽ പിടിച്ച് വലിച്ചു. 
“എന്ത് പറ്റിയെടാ കുട്ടാ?” - ജനിചേച്ചി വിളിച്ച് ചോദിച്ചു. 
“അവനെ കാണാൻ എന്തൊരു രസമാ..അവൻ തിളങ്ങുന്നു..സത്യം..”- ഞാനമ്മയുടെ ചെവിയിൽ പറഞ്ഞത് അവിടെയുണ്ടായിരുന്ന എല്ലവരും, ജനിചേച്ചിയടക്കം കേട്ടു. എനിക്കെന്റെ, പേരറിയാത്ത ആ വികാരത്തിനു കടിഞ്ഞാണിടാൻ സാധിച്ചില്ല. 
“ഇവനെ കാണാൻ കൊള്ളില്ലാന്ന് നീ പറഞ്ഞെന്ന് ഞാനറിഞ്ഞാരുന്നല്ലോ..” - ജനിചേച്ചി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 

ഞാൻ ചമ്മി നിന്നു. പിന്നെ മെല്ലെ വീണ്ടും അവന്റെ അടുക്കലേക്ക് ചെന്നു. അവനു ചുറ്റും ഒരു പ്രഭ പരക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. അത്ര തീക്ഷ്ണ സൗന്ദര്യം. ഇപ്പോൾ ഇതെഴുതുമ്പോഴും ആ സൗന്ദര്യത്തിന്റെ ചൂടും ചൂരും എനിക്കനുഭവിക്കാൻ സാധിക്കുന്നുണ്ട്. 
കൈകൾ പൊള്ളുമോ എന്ന ഭയം ഉണ്ടായിരുന്നിട്ട് കൂടി ,അവന്റെ കൈവെള്ളയിൽ ഞാനെന്റെ വിരൽ വെച്ചു. അഞ്ചു നേർത്ത വിരലുകൾ ഒരു പഞ്ഞിക്കെട്ട് കണക്കെ എന്റെ വിരലിൽ മുറുകെ മുറുകെ പിടിച്ചു.കണ്ണടച്ച് ഉറങ്ങുകയായിരുന്നെങ്കിലും അവന്റെ ചുണ്ടിൽ നേർത്തൊരു ചിരി മിന്നിത്തെളിഞ്ഞു വന്നു. 
“നോക്കെടാ..അവനു കുഞ്ഞേട്ടനെ ഇഷ്ടമായെന്ന് തോന്നുന്നു. ദേ ചിരിക്കുന്നു.”- ജനിചേച്ചിയുടെ വാക്കുകളിൽ ഞാൻ കൃതാർത്ഥനായ് നിന്നു. അവന്റെ ചോരതുടിക്കുന്ന കവിളിൽ ഒന്ന് അമർത്തി ചുംബിക്കുവാൻ കൊതിച്ചുവെങ്കിലും അത്ര ആളുകൾ നിന്നപ്പോൾ, അതും അപരിചിതരായ ആൾക്കാരെ കണ്ടപ്പോൾ വേണ്ടെന്ന് വച്ചു. അന്നാ റൂമിൽ ആരുമില്ലായിരുന്നെങ്കിൽ സത്യം സത്യമായി ഞാനവന്റെ കവിളുകളെ ഉമ്മകൾ കൊണ്ട് മൂടിയേനെ. 
“ട്രെയിനു സമയമായി...” - അപ്പൻ പറഞ്ഞു. 
അവന്റെ പഞ്ഞി വിരലുകളിക്കിടയിൽ നിന്ന് എന്റെ വിരലിനെ മോചിപ്പിക്കുവാൻ എനിക്കു തീരെ താല്പര്യമില്ലായിരുന്നു.അവനും. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ വാതില്പടിയിൽ വച്ച് തിരിഞ്ഞ് നോക്കിയപ്പോഴും ഒരു മായിക വലയം അവനു ചുറ്റുമായി ഞാൻ കണ്ടു. 
അമ്മയോട് ഞാനതിനെക്കുറിച്ച് പറഞ്ഞു. അവനു ചുറ്റും ഞാൻ കണ്ട പ്രഭാവലയത്തെപറ്റി. അമ്മ ചിരിച്ചു തള്ളി. ഞാൻ ആണയിട്ടു പറഞ്ഞു. വീട്ടിലെ യേശുവിന്റെ ചിത്രത്തിൽ തലയ്ക്ക് ചുറ്റും കണ്ട അതേ പ്രകാശവലയം, നന്ദന്റെ വീട്ടിലെ ചുമരിൽ തൂങ്ങിക്കിടക്കുന്ന ഗീതോപദേശ വചനത്തിൽ വിരൽ ചൂണ്ടി നില്ക്കുന്ന ശ്രീകൃഷ്ണനു ചുറ്റുമുള്ള അതേ വലയം...അതേ നിറത്തിൽ..ഒട്ടും ഒളിമങ്ങാതെ.. 
അമ്മ പ്രതീക്ഷാ ഭാവത്തോടെ അപ്പനെ നോക്കി പറഞ്ഞു. 
“ശരിയാ..എനിക്കും ആ കുഞ്ഞിനു നല്ല മാറ്റമുള്ളപോലെ തോന്നിയിരുന്നു. അവൻ രക്ഷപ്പെടുമായിരിക്കുമല്ലെ..” 
അപ്പൻ ഏതോ ചിന്തയിൽ മുഴുകി നടന്നു. പിന്നെ അമ്മയെ നോക്കി ഒരു കഥ പറഞ്ഞു. അപ്പന്റെ യൗവ്വന കാലത്തിൽ നടന്ന ഒരു സംഭവ കഥ. കഥകളെ അന്നുമിന്നും ഒരുപോലിഷ്ടപ്പെട്ടിരുന്ന ഞാൻ കാത് കൂർപ്പിച്ചു. ആ കാലത്ത് തറവാടിനടുത്ത് ഒരു വലിയ അപകടം നടന്നു. കടയിലേക്ക് ജീപ്പിടിച്ചു കയറി.കടക്കാരനും ഡ്രൈവറും അവിടെ വച്ച് തന്നെ മരിക്കുകയുണ്ടായി. കടയിലുണ്ടായിരുന്ന ഒരു ചേട്ടൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മരിച്ചവരും പരിക്കേറ്റവരുമൊക്കെ ഏവർക്കും പരിചിതർ (ഗ്രാമങ്ങളിൽ അങ്ങനെയാണു.എല്ലാവരും എല്ലാവർക്കും പരിചിതർ, സ്വന്തം..) വാർത്തയറിഞ്ഞ് അന്ന് യുവാവായിരുന്ന അപ്പനും അവിടെയെത്തി. അത്യാസന്ന നിലയിൽ കിടക്കുന്ന ആ ചേട്ടനെ കണ്ട് തിരിച്ചിറങ്ങിയ അപ്പൻ, കൂട വന്ന ഒരു അപ്പാപ്പനോട് തനിക്കുണ്ടായ അനുഭവം വിവരിച്ചു. 
“കറിയ ചേട്ടൻ രക്ഷപ്പെടും..അപ്പാപ്പനൊന്ന് കേറി നോക്കിയെ..ഒരു പരിക്കും പുറമെയില്ല. മാത്രമല്ല വല്ലാത്തൊരു സൗന്ദര്യം ചേട്ടനു വന്നപോലെ..ദേഹമൊക്കെ തിളങ്ങുന്ന പോലെ. ഇത്രമേൽ ഭംഗിയോടെ കറിയാ ചേട്ടനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല..നിങ്ങളൊന്ന് കേറി നോക്കിയെ...” 
പ്രായം ചെന്ന ആ അപ്പാപ്പൻ നിരാശ നിറഞ്ഞ മുഖത്തോടെ അന്ന് അപ്പനോട് പറഞ്ഞത്രെ. ‘ നിനക്കങ്ങനെ തോന്നിയോ?എങ്കിൽ പറയട്ടെ, അത് ഒരു നല്ല ലക്ഷണമല്ല...നേരം വെളുപ്പിച്ചാൽ അത്രയും ഭാഗ്യം’ 
നേരം പുലരും മുൻപേ കറിയാ ചേട്ടൻ പോയി.. കഥ പറഞ്ഞു തീർന്നപ്പോൾ അപ്പന്റെയും അമ്മയുടെയും മുഖം ഒരു പോലെ വാടി. ആ കഥയുടെ ആവശ്യമെന്തായിരുന്നെന്ന് എന്റെ പൊട്ട ബുദ്ധിക്ക് അപ്പോൾ തോന്നിയില്ല. എന്റെ മനസു നിറയെ സ്വർണ്ണ നിറമുള്ള അവനായിരുന്നു,അവന്റെ മാസ്മരിക സൗന്ദര്യമായിരുന്നു. 

യാത്ര തുടങ്ങും മുൻപെ അവന്റെ മരണവാർത്ത ഞങ്ങളെ തേടി എത്തി.ചങ്കിലൊരു വലിയ ഭാരം വന്ന് വീണപോലെ. വീടിന്റെ ടെറസ്സിൽ അന്നത്തെ മഴയിൽ, പായൽ പിടിച്ച ചുവരിൽ അവനായി ഞാനൊരു ശവമഞ്ചലിന്റെ ചിത്രം കോറിയിട്ടതായി ഓർക്കുന്നു. അത് വരയ്ക്കുമ്പോൾ ആ മഴയോടൊപ്പം ഞാൻ നന്നായി കരഞ്ഞിരുന്നതായും ഓർക്കുന്നു.ഒരു ജീവിതകാലം മുഴുവൻ ഓർമ്മിച്ചു വയ്ക്കാനായി അവനെനിക്കു സമ്മാനിച്ച ആ നേർത്ത പുഞ്ചിരി അതേ ശോഭയോടെ ഇന്നുമെന്നിലുണ്ട്. എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..ഇരുപതോ ഇരുപത്തിയഞ്ചൊ? ഇക്കാലത്തിനിടയിൽ എന്തൊക്കെ സംഭവിച്ചിരിക്കുന്നു? ആ വീടും നാടുമൊക്കെ എന്നേ ഉപേക്ഷിച്ചു.. ജനിചേച്ചിയും ഇബ്രു ചേട്ടനും ഇപ്പോൾ എവിടെയെന്ന് ഒരറിവുമില്ല..അമ്മാളു ഡോക്ടർ മരിച്ചിട്ട് കാലമെത്രയായിരിക്കുന്നു. ഇതിനിടയ്ക്ക് ഓർമ്മകളിലേക്ക് ഒരു തിരികെയാത്ര നടത്തിയപ്പോൾ ആ നാട്ടിലുമൊന്ന് പോയി.ആ ആശുപതി കെട്ടിടം പൊളിഞ്ഞ് വീണ​‍് കാട് പിടിച്ചിരിക്കുന്നു.ജീവിതമൊക്കെ മാറിമറിഞ്ഞു..എങ്കിലുമിന്നുമൊരു കുഞ്ഞിനെ കാണുമ്പോൾ അവനാണെന്റെ മനസിൽ ആദ്യം ഓടിയെത്തുക.എനിക്കു മാത്രമായി തന്ന ആ പുഞ്ചിരി..പഞ്ഞി വിരലുകൾ എന്നെ മുറുകെപ്പിടിച്ചതിന്റെ നിർവൃതിയിൽ ഇപ്പോഴും ഞാൻ അലിഞ്ഞു വീഴാറുണ്ട്. എങ്കിലും കുഞ്ഞേ നിന്റെയാ തുടുത്ത കവിളിണയിൽ ഒരിക്കൽ പോലും ഞാൻ ഉമ്മവച്ചില്ലലൊ എന്ന നിരാശമാത്രം എന്നിൽ നില്ക്കുന്നു. എങ്കിലുമെനിക്ക് സങ്കടമില്ല. നീയിപ്പോഴും സൂര്യ തേജസ്സുള്ള കുഞ്ഞായി എന്റെ ചങ്കത്ത് തന്നെയുണ്ട്. എത്രയോ വട്ടം നീയെന്റെ സ്വപ്നങ്ങളിൽ വന്നിരിക്കുന്നു. എന്റെ നെഞ്ചോട് ചേർത്ത് എത്രയോ തവണ ഞാൻ നിന്നെ ഉറക്കിയിരിക്കുന്നു. ഇനിയുമിനിയും നീ അതു പോലെ തന്നെ എന്റെ സ്വപ്നങ്ങളിൽ വന്ന് ആ ചെറു പുഞ്ചിരിയാൽ എന്റെ മനം നിറയ്ക്കുമെന്ന് എനിക്കുറപ്പാണു. കാരണം ഞാനുള്ളിടത്തോളം കാലം നീയുമുണ്ടാകും, നിന്റെ ചിരിയുമുണ്ടാകും... 

(ദുരന്ത ജീവിതാനുഭവങ്ങളെ മാറ്റി നിർത്തണമെന്ന് എപ്പോഴുമാലോചിക്കും.എന്ത് ചെയ്യാൻ?ഒരു ചാട്ടുളി കണക്കെ അവയൊക്കെയും എന്റെ ചങ്ക് തുളച്ച്, ചോര ചിതറിച്ച് പുറത്തേക്ക് വരും.എന്നിട്ടോ പനിനീർപ്പൂവിന്റെ ഗന്ധമാകെ പരത്തുകയും ചെയ്യും..നിസ്സഹായതയുടെ പേനയിൽ ഓർമ്മകളുടെ സത്ത് നിറച്ച് എഴുതുവാൻ ഞാൻ ശ്രമിക്കുന്നു.അത്ര മാത്രം!!) 

31 comments:

  1. വളരെ നന്നായി എഴുതി രാജാവേ......വാക്കുകള്‍ ഹൃദത്തില്‍ നിന്നായതു കൊണ്ട് നല്ല നീലിങ്ങുണ്ടായിരുന്നു.... നന്മള്‍ നേരുന്നു......

    ReplyDelete
    Replies
    1. വന്നു വായിച്ചതിലും നേർന്ന നന്മകൾക്കും നന്ദി!!

      Delete
  2. കഥ കൊള്ളാം
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകൾക്ക് അകമഴിഞ്ഞ നന്ദി!!

      Delete
  3. പരിചാരകരുടെ കണ്ണ് വെട്ടിച്ച് അടിയൻ കൊട്ടാരമതിൽ കടന്നത് പേരിലേയും, പ്രൊഫൈലിലേയും കുസൃതി പോസ്റ്റിലും കാണുമെന്ന മുൻവിധിയോടെയാണ് രാജാവേ.....

    വളരെ സീരിയസ് ആയ എഴുത്ത് പ്രതീക്ഷ തെറ്റിച്ചു. എഴുത്തിന് കുസൃതിത്തമാശകളുടെ ഭാവതലമല്ല. വളരെ സീരിയസ് ആയി കുട്ടിക്കാലത്തിന്റെ ഓർമ്മകൾ അവതരിപ്പിച്ചിരിക്കുന്നു. മരണം അടുക്കുന്നവരിലുണ്ടാവുന്ന ആ ചൈതന്യത്തെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്.....

    ReplyDelete
    Replies
    1. പരിചാരകരും കോട്ടവാതിലുകളുമൊന്നുമില്ലാത്ത ഒരു പാവം പട്ടിണി രാജാവാണു..ഏതു സമയത്തും ധൈര്യത്തോടെ കേറി വരാം..മതിലിൽ എന്തും വരച്ചിടാം...

      Delete
  4. ഒരു വേദനിക്കുന്ന ഓർമ്മ....
    മരണമടുക്കുംപോൾ ഉൻടാവുന്ന തേജസ്സിനെ കുറിച്ച് കേൾക്കുന്നതും ആദ്യം....
    കുഞ്ഞ് വായനക്കാരുടെ മനസ്സിലും സൂര്യ തേജസ്സോടെ നിൽക്കും വിധമുള്ള എഴുത്ത്.....

    ReplyDelete
    Replies
    1. മരണത്തിന്റെ തേജസ്സാണൊ അതോ അവനെ പരിഹസിച്ചതിനുള്ള മറുപടിയാണൊ എന്നിപ്പോഴും അറിയില്ല..

      Delete
  5. ഞാനും കേട്ടിട്ടുണ്ട്,മരണത്തിന്റെ ചൈതന്യത്തെ കുറിച്ച്.
    ഹൃദയത്തെ തൊടുന്നുണ്ട് രാജാവേ ,അങ്ങയുടെ സ്മരണകളുടെ ചൂട്

    ReplyDelete
  6. നന്ദി നല്ല വാക്കുകൾക്ക്

    ReplyDelete
  7. വായിച്ചു തുടങ്ങീപ്പോ ഓര്‍ത്തത്‌ എന്‍റെ ജനിചേച്ചിക്കും അടുത്ത മാസം കുഞ്ഞാവ ഉണ്ടാവൂല്ലോന്നാ...പക്ഷേ വായിച്ചു വായിച്ചു വന്നപ്പോ...:( :( നിങ്ങള്‍ മരണത്തെപ്പറ്റിപ്പറഞ്ഞിട്ടുള്ളപ്പോഴൊക്കയും, ഇത്തവണ പ്രത്യേകിച്ചും, നെഞ്ചില്‍ ഒരു ഭാരം കേറ്റിവച്ചപോലാ തോന്നുക...തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നപോലെ...:(
    എനിക്കുണ്ടാവേണ്ടിയിരുന്ന ഒരു കുഞ്ഞനിയത്തീം umbilical cord prolapse കാരണം ഇതുപോലെ...അവളുടെ മുഖം ഓര്‍മിക്കാനുംമാത്രം പ്രായം അന്നെനിക്കില്ലായിരുന്നെങ്കിലും ഇടയ്ക്കിടെ അമ്മ പറയും, ഒരു മാലാഖക്കുഞ്ഞിനെപ്പോലിരുന്നൂന്ന്...:(

    ReplyDelete
  8. എന്റെ ഫീലിങ്ങ്സ് അതേ പോലെ എഴുതുന്നെന്നെ ഉള്ളു..അതിന്റെ അതേ വികാരത്തോടെ വായിക്കാൻ സാധിക്കുന്നുണ്ടല്ലോ..അത് തന്നെ ധാരാളം.....

    ReplyDelete
  9. നല്ല കഥ. അനുഭവമായാലും അല്ലെങ്കിലും തന്മയത്തോടെ എഴുതി. കുടിക്കാലത്തെ കളിയും കുസൃതിയും വേദനയും എല്ലാം അതെ വികാരത്തോടെ വായനക്കാരിൽ എത്തിച്ചു. വേദന മുന്നില് നിൽക്കുന്നു എന്ന് മാത്രം. യാത്ര തുടങ്ങും മുമ്പേ..... എന്നഎന്ന് തുടങ്ങുന്ന വാചകം വേണ്ടായിരുന്നു. അടുത്തു വരുന്നത് അത് മനസ്സിലാക്കി തരുന്നുണ്ടല്ലോ.

    ഒരു കാര്യം. കറുപ്പിൽ വെളുപ്പ് വായിച്ചെടുക്കാൻ അൽപ്പം പാട് പെട്ടു. കഥയുടെ ആസ്വാദ്യതയെ അത് ബാധിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല.

    ReplyDelete
  10. നല്ല വായനയ്ക്കും ഹൃദയം തുറന്ന അഭിപ്രായങ്ങള്‍ക്കും നന്ദി!!

    ReplyDelete
  11. അണയാന്‍ പോകുന്ന ദീപങ്ങള്‍ ആളിക്കത്തുമല്ലോ

    ReplyDelete
  12. കഥ ആയാലും ജീവിതം ആയാലും കഥപറയുന്ന ശൈലി അപാരം തന്നെ ,ലാളിത്യത്തോടെ കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഒരു നോമ്പരാമുണര്‍ത്തി ... ആശംസകള്‍ ...

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി ഷിഹാബ്..ജീവിത കഥയാണ്..

      Delete
  13. രാജാവേ...
    രാജസദസ്സിലേക്ക് അടിയനും എത്തിയിരിക്കുന്നു....
    പ്രദീപ് മാഷ് പറഞ്ഞതു പോലെ കുസൃതിയാണ് പ്രതീക്ഷിച്ചത്.
    ഇതിപ്പോള്‍ ആദ്യം ചിരിപ്പിക്കുകയും പിന്നെ കരയിക്കുകയും ചെയ്യുന്ന എഴുത്ത്. ആ വരികളിലൂടെ കണ്ണോടിക്കുമ്പോഴറിയാം.. അവ ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന്...
    രണ്ടാമത് കുഞ്ഞിനെ കണ്ടതിനു ശേഷമുള്ള ഭാഗം വായിക്കുമ്പോള്‍ കുളിര്‍ന്ന് രോമകൂപങ്ങളെല്ലാം എഴുന്നുനിന്നു....
    മനസ്സില്‍ തട്ടി... വേദനിച്ചു..

    ദുഃഖമായാലും സന്തോഷമായാലും ഇനിയും എഴുതൂ...
    പങ്കുവയ്ക്കപ്പെടുമ്പോള്‍ ദുഃഖം കുറയുകയും സന്തോഷം ഇരട്ടിയാവുകയും ചെയ്യുമല്ലോ..!!
    എന്‍റെ അനിയനും ഇതുപോലെ പാതിരാത്രിക്ക് എഴുന്നേറ്റ് അച്ഛന്റെയും അമ്മയുടെയും നടുക്ക് പോയി കിടക്കുമായിരുന്നു..

    ReplyDelete
    Replies
    1. ഈ ലോകത്ത് അധിക നാള്‍ ജീവിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു പാട് പേര്‍ക്ക് അവനെ ഇഷ്ടമായി എന്നറിയുന്നതില്‍ നിറഞ്ഞ സന്തോഷം കല്ലോലിനി..

      Delete
  14. nannaayirikkunnu ormmakal...
    aazamsakal....

    ReplyDelete
  15. nannaayirikkunnu ormmakal...
    aazamsakal....

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി വീ.കെ. സാര്‍

      Delete
  16. സുന്ദരമായി എഴുതി. രാജാവിന് അടിയന്റെ പ്രണാമം!

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി ജ്യുവല്‍!!

      Delete
  17. കഥ നന്നായി ആസ്വദിച്ചു

    ReplyDelete
  18. രാജാവിന്റെ മതിലിൽ പതിച്ചത് ഒന്ന് ഒളിഞ്ഞ്
    നോക്കുവാൻ ഒരു പ്രജ എത്തി നോക്കിയതാണിത് കേട്ടൊ
    ദു:ഖമയം...!

    ReplyDelete
    Replies
    1. ഒളിഞ്ഞു നോക്കാന്‍ നില്‍ക്കേണ്ട...കൊട്ടാരവാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്..

      Delete