Thursday 7 July 2016

വെറുമൊരു മോഷ്ടാവായോരെന്നെ...

ചില സമയത്ത് വണ്ടികളു പണി തരും.നല്ല എട്ടിന്റെ പണി.അയലോത്തെ സുന്ദരിയും അപ്പനും അമ്മയും ഇപ്പൊ താഴെ എത്തും.എയർപോർട്ടിലേക്ക് ടാക്സിക്ക് പോകാൻ പ്ളാൻ ചെയ്ത അവരെ പിന്തിരിപ്പിച്ച് ,കഴിഞ്ഞ ആഴ്ച മേടിച്ച എന്റെ സ്വന്തം കാറിലു...(എന്താ പറഞ്ഞെ..??)എന്റെ സ്വന്തം കാറിലു കൊണ്ട് വിടാംന്നൊരു വാഗ്ദാനം കൊടുത്തു.രാത്രി പതിനൊന്ന് മണിക്കാണു ഫ്ളൈറ്റ്.നേരത്തെ എറങ്ങേണ്ട ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് വൈകിപ്പിച്ചത് ഈയുള്ളവൻ തന്നെ.വണ്ടിയുടെ ഡിക്കിയിലുള്ള ആക്രി സാധനങ്ങളൊക്കെ ഒന്നെടുത്ത് മാറ്റി ലഗ്ഗേജ് വയ്ക്കാനുള്ള സ്ഥലമൊരുക്കാൻ താഴേക്ക് വന്നതാണു ഞാൻ.ദേ മുട്ടൻ പണി.ഡിക്കി തുറക്കുന്നില്ല.അത് പോട്ടെ.ഡോറും പണിമുടക്കി.ഹൊ!! ഇന്നലെ വരെ എന്തൊരു ആർമ്മാദിപ്പായിരുന്നു.വണ്ടിയുടെ ഗുണഗണങ്ങൾ വർണ്ണിപ്പിച്ച് കേൾപ്പിക്കൽ,സൗന്ദര്യ വിവരണം...ഈ അവസ്ഥ അവരു കണ്ടാ..നാണം കെട്ട് ചാവും.വണ്ടിയുടെ ചില്ലു പൊളിച്ച് അകത്ത് കടന്നാലോന്ന് വരെ ആലോചിച്ചു.ടയറിനിട്ട് നാലു ചവിട്ടും കൊടുത്ത് തലയിൽ കയ്യ് വെച്ച് കുന്തിച്ചിരുന്നു.സുന്ദരി വരെ കളിയാക്കും.ആദ്യമായിട്ട് ഐ ലവ് യൂ ന്നു പറഞ്ഞവളാണു.ഒരു ചോക്കളേറ്റ് ബിസ്കറ്റ് കൊടുത്തതിനാണു അത് പറഞ്ഞതെങ്കിലും ആദ്യായിട്ട് ഒരാളു മുഖത്ത് നോക്കി ഐ ലവ് യു ന്നൊക്കെ പറയുന്നത്.അവളുപോലും കളിയാക്കും.എന്തും ഞാൻ സഹിക്കും..കുഞ്ഞു പിള്ളേരുടെ കളിയാക്കലുകൾ താങ്ങാൻ എന്റെ ഇളം മനസ്സിനു പറ്റൂല്ല.
ഇനിയെന്തു ചെയ്യും!!തലപുകച്ചു.മൊബൈലെടുത്ത് ചുണ്ണാമ്പു തേച്ചു.യൂ ട്യൂബ് ദൈവങ്ങളെ!!
താക്കോലില്ലാതെ എങ്ങനെ ഡോർ തുറക്കാം..
ചോദ്യം ചോദിച്ചതെ ഉള്ളു.ആയിരക്കണക്കിനു ഉത്തരങ്ങൾ.വടിവാൾ,പാറക്കഷ്ണം, സ്കെയിൽ,നൂൽ..കൊള്ളാവുന്നതും അധികം അപകടകാരിയുമല്ലാത്ത ഒരു ഓപ്ഷനു വേണ്ടി പരതി.
ദേ വരുന്നു സുന്ദരി. പതിവ് പോലെ ഒരു കള്ളച്ചിരിയും ചിരിച്ച്..
എന്റെ കാറിനെ അശേഷം മൈന്റ് ചെയ്യാതെ തൊട്ടപ്പുറത്തെ കൂതറ കാറിന്റെ ഡോറിൽ പിടിച്ച് തൂങ്ങുന്നു.വൃത്തിയും മെനയുമില്ലന്നെയുള്ളു.കണ്ടാൽ ഏതാണ്ട് എന്റെ കാറു പോലെ തന്നെ.പാവം തെറ്റിദ്ധരിച്ച് പോയതാണു.നാലു വയസ്സിന്റെ ബുദ്ധികേട്!!
“അരുണങ്കിളെ പാം..” സുന്ദരിയതിൽ തൂങ്ങിയാടുന്നു.
ദൈവമെ..അതിന്റെ ഓണറെങ്ങാനും ഇത് കണ്ടാൽ..
“മക്കളെ ഇങ്ങട്ട് വാ...അതേലൊന്നും തൊടാതെ..ദേ മേലു നിറയെ അഴുക്കാകും..”- ഏതോ അലമ്പു ടീമിന്റെ വണ്ടിയാണു..അത്രയ്ക്ക് ചെളി.അറബി നാട്ടിൽ ഇങ്ങനത്തെ വണ്ടിയൊക്കെ...?
പരമ കഷ്ടം!!

അവളു വരുന്നില്ല.
“ഡോറു തൊറക്ക് ..ഞാം കേറട്ടെ..”- അവളാ ഡോറിന്ന് പറിച്ചെടുക്കും.
ഞാനടുത്ത് ചെന്നു.അവളെ കുറ്റം പറയാൻ പറ്റൂല്ല.ഏതാണ്ട് എന്റെ വണ്ടി പോലെ തന്നെ.എന്തിനു.. നമ്പർ പ്ളേറ്റ് വരെ കറക്ട്!!

ങെ!!!

ഉള്ളിൽ ഇടിവെട്ടും മഴ പെയ്ത്തും ഒരുമിച്ചാരുന്നു.
ദൈവമെ ഇതാണല്ലൊ എന്റെ വണ്ടി.അപ്പൊ ഇത്ര നേരവും അക്രമം കാണിച്ചത്...?

ഒന്നും അറിയാത്തവനെ പോലെ അപ്പുറോം ഇപ്പുറോം നോക്കി.ഭാഗ്യം രാത്രിയായതു കൊണ്ട് ആൾശൂന്യം.മോളിലൊട്ട് നോക്കി.ക്യാമറയൊന്നും കാണുന്നില്ല. അപ്പഴേക്കും കൂട്ടുകാരനും ഭാര്യയും താഴേക്കെത്തി. "ഡാ..ഡിക്കി നിറയെ സാധനങ്ങളാണല്ലൊ.."- ലവന്‍.
“ലഗ്ഗേജ് അതിന്റെ മോളിലോട്ട് ചാമ്പീട്ട് വണ്ടീലോട്ട് ചാടി കേറിക്കൊ..”- ഞാൻ അലറി.ശൂന്യതയിൽ നിന്നെവിടുന്നോ ഒരു കാർ ഓണർ എന്റെ നേരെ ദംഷ്ട്രയും കാണിച്ചു കൊണ്ട് ഓടി വരുന്ന പോലെ ഒരു തോന്നൽ...
* * *
ബാംഗ്ളൂർ നഗരത്തിൽ വെച്ച് സമാന സംഭവം ഉണ്ടായി.അന്നെനിക്കു ബൈക്കായിരുന്നു ശകട സഹായി.എന്നും ഓഫീസിൽ വളരെ കറക്ട് സമയത്ത് എത്തിക്കൊണ്ടിരുന്നത് കൊണ്ട് എന്റെ ബൈക്കിനു ടെക്ക്  പാര്‍ക്കി ന്റെ ഉൾവശം കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. പുറത്ത് നിരത്തി വെച്ചിരിക്കുന്ന ലക്ഷക്കണക്കിനു(സോറി ആവേശം കൂടിപ്പോയി) ബൈക്കുകളിൽ ഒരാളായി വെയിലും മഴയുമേറ്റ് അവനങ്ങനെ കാത്തിരിക്കും.അന്ന് നല്ല മഴയായിരുന്നു. ഓഫീസിൽ നിന്നും ഇമ്മിണി നേരത്തെ ഇറങ്ങാൻ പറ്റി(എന്ന് വെച്ചാ പാതി രാത്രി.). മഴയൊന്നും നമ്മക്ക് വിഷയമല്ല.അല്ലെങ്കിൽ തന്നെ മഴ നനഞ്ഞ് ബൈക്കോടിക്കുന്നതിന്റെ ത്രില്ല് വേറെന്തുണ്ട്.ബൈക്കിൽ കയറി.താക്കോലിട്ടു.തിരിച്ചു.വണ്ടി സ്റ്റാർട്ടായി.ഓടിച്ച് പോയി.മഴ നനഞ്ഞതു കൊണ്ടൊ എന്തോ വണ്ടി നല്ല സ്മൂത്ത് ആയി ഓടുന്നു.പതിവ് മ്യൂസിക്കൊന്നും ഇടുന്നില്ല.
“ഓഹൊ..ഒന്ന് വെള്ളം തളിച്ചാൽ തീരുന്ന പ്രശ്നമെ നിനക്കുണ്ടായിരുന്നുള്ളു അല്ലെ കൊച്ചു ഗള്ളി..”- വണ്ടിയെ ഒന്ന് പുന്നാരിച്ച് ഞാൻ മിന്നിച്ച് വിട്ടു.
എന്നാലും എന്തോ ഒരു അസ്കിത..വണ്ടിയോടിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമില്ലായ്മയുടെ സുഖം കിട്ടുന്നില്ല. എന്ത് പറ്റി??
വണ്ടി നിർത്തി ഒന്ന് പരിശോധിച്ചു.
എല്ലാം ഓക്കെ.ഇതിലും നമ്പർ പ്ളേറ്റ് ചതിച്ചു.ആരാണു എന്റെ വണ്ടിയിൽ പുതിയ നമ്പർ പ്ളേറ്റ് കൊണ്ട് വെച്ചത്?

ഇടി വെട്ടി.ബോധം വന്നു.

വണ്ടി തിരിച്ച് പറപ്പിച്ചു.ഏതാണ്ട് മൂന്ന് നാലു കിലോമീറ്റർ ഞാൻ വന്ന്.
ഈശ്വരാ..ഇന്നാട്ടുകാരെ ആലോചിച്ചാണു എനിക്ക് പേടി.ഭയങ്കര സ്നേഹമുള്ളോരാണു. സമയത്തെ ഒരു പാട് ബഹുമാനിക്കുന്നവരും.ആയതിനാൽ തന്നെയും സംസാരത്തിനു അധികം പ്രാധാന്യമുണ്ടാവില്ല.പ്രവർത്തിയായിരിക്കും ആദ്യം.ഹൊ!! ഇന്ന് രാവിലെ കഴിച്ച പരട്ട പഫ്സ് വരെ അവരിടിച്ച് പുറത്തെത്തിക്കും.വണ്ടി ഒരു ഡസൻ ബ്രേക്കിട്ട് നിർത്തി.ദേ നില്ക്കുന്നു ഘടാഘടിയൻ മാരായ നാലഞ്ചു പേർ അവിടെ.
അടിപൊളി!!
കന്നടയിൽ മാപ്പിനു എന്താണാവോ പറയുക. തല്ക്കാലം ലേലു അല്ലു വിൽ പിടിക്കാം.
വണ്ടിയിൽ നിന്നിറങ്ങി, മെല്ല തള്ളി വണ്ടികൾക്കിടയിലോട്ട് കേറി. ശേഷം തിരിഞ്ഞു നിന്ന് കൈകൾ കൂപ്പി..“ബ്രദർ..ലേലു അല്ലു..ബൈക്കുലു മാറിപ്പോകലു..”

“ഏനു?? ഏനായിത്തു..?” -ഘടാഘടിയന്റെ തൊണ്ടയിൽ നിന്നും പൂച്ച കരയുന്ന ശബ്ദം..

പകുതി ആശ്വാസമായി.

“അ യാം സോറി ബ്രദർ..ഐ..ബൈക്ക്..ഗൊ..മിസ് അണ്ടർസ്റ്റാന്റിങ്ങ്..” പുല്ല്!! പേടിച്ചാ പിന്നെ ഇംഗ്ളീഷ് ഔട്ട് കമ്പ്ളീറ്റ്ലി!!

ഡയലോഗ് അടിക്കുമ്പോ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. സ്നേഹം കൊണ്ടല്ല.ഒരക്രമം തടയുനുള്ള ഏക മാർഗ്ഗം.

അയാൾ കൈകുടഞ്ഞ് മാറിപ്പൊയി.എഹ്!! അപ്പൊ ലവനല്ലെ ഓണർ. ശ്ശെ!! ഇനിയിപ്പൊ സോറി പറഞ്ഞതിനും സോറി പറയേണ്ടി വരുമല്ലൊ!!

ഒരു കൂതറ ചിരി ചിരിച്ച് എന്റെ ബൈക്കിലൊട്ട് നോക്കി. ദെ ഇരിക്കുന്നു ഒന്നുമറിയാത്ത പോലെ.

എടാ..പരട്ടെ..ഞാൻ ആ ബൈക്കിൽ കേറിപ്പോകുന്നത് നീ കണ്ടതല്ലെ..എന്നിട്ട് വായും പൊളിച്ച് നൊക്കി നിക്ക്യാർന്നല്ലെ..- സൈലൻസറിനു ഒരു തൊഴി കൊടുത്ത് ഞാൻ അതിൽ ചാടി ക്കേറി. പിന്നെ പറത്തി വിട്ടു.

എനിക്ക് പ്രാന്തു തന്നെയെന്നുറപ്പിച്ച് കാണും അവിടെയുണ്ടായിരുന്ന ഗഡികൾ!!

എന്തൊ ആവട്ടെ..ഞാനീ രണ്ട് കഥകളും മൊഴിഞ്ഞതെന്തിനെന്ന് വെച്ചാ..നാളെ ചെലപ്പൊ നിങ്ങളുടെ വണ്ടി മോഷണം പോയേക്കാം..അങ്ങനെയെങ്കിൽ പോലീസിനെ വിളിക്കുന്നതിനു മുൻപ് ഒരു പത്ത് മിനുറ്റ് കാത്തിരിക്കണം. അപേക്ഷയാണു..ഉപേക്ഷിക്കരുത്!! 

4 comments:

  1. ഹാ ഹാ ഹാാ.

    രാജാവ്‌ ചിരിപ്പിച്ചു മണ്ണുകപ്പിച്ചു.കുറേനാൾ കൂടി ഒരു ബ്ലോഗ്‌ വായിച്ച്‌ ചിരിച്ചിട്ട്‌.ദയവായി രാജാവെങ്കിലും ചിരിയൻ പോസ്റ്റുമായി മാത്രം വരണേ.

    (ഒരു കഠിന ആരാധകൻ)

    ReplyDelete
  2. സംഭവം നന്നായി.
    സ്വന്തം എന്നു കരുതി അന്യന്റെ വണ്ടിയിൽ അക്രമം ചെയ്യുന്നത് വിശദമായി എഴുതേണ്ടിയിരുന്നു. സ്കെയിൽ വച്ചുതുറക്കാൻ ശ്രമിക്കുന്നത്. അങ്ങിനെ പലതും. കാരണം അതാണ് കഥയുടെ മെയിൻ സാധനം.അത് വളരെ ഷോർട് ആയി.

    മുകളിൽ നിന്നും സുഹൃത് ഇറങ്ങി വരുന്നതിനു മുൻപ് പഴയ ബൈക്ക് കാര്യം വരേണ്ടിയിരുന്നു.

    ReplyDelete
  3. പ്രിയപ്പെട്ട രാജൻ... ബാംഗ്ളൂരിലെ അങ്ങയുടെ ബൈക്ക് കഥയും , അറബി നാട്ടിലെ കാറു കഥയും , പതിവ് പോലെ തന്നെ അതീവ രസകരമായി , പൊളിച്ചടുക്കി ... :)

    ReplyDelete
  4. ചിരിക്കാം ചിരിക്കാം....
    ആശംസകള്‍

    ReplyDelete