Friday, 29 May 2015

എന്റെ കുഞ്ഞു സൂര്യൻ



“അമ്മയെവിടെ?” 
സ്കൂൾബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഞാൻ ചേച്ചിയോട് ചോദിച്ചു. 
“അമ്മ ആശുപത്രിയിൽ പോയി. ജനി ചേച്ചിക്ക് കുഞ്ഞുണ്ടായി..” 
കേട്ടപാതി കേൾക്കാത്ത പാതി ഞാനോടി.അടക്കനാവാത്ത സന്തോഷം.ഒരു പക്ഷെ ജനിചേച്ചിയേക്കാൾ, അല്ലെങ്കിൽ ഇബ്രു ചേട്ടനെക്കാൾ അവന്റെ വരവിനായി കാത്തിരുന്ന വ്യക്തി ഞാൻ തന്നെയാണു. 
ജനി ചേച്ചിയും ഇബ്രു ചേട്ടനും ഞങ്ങളുടെ അയൽ വാസികളായിട്ട് മാസങ്ങളെ ആയിട്ടുള്ളു.രണ്ട് മതത്തിൽ പെട്ടവർ.പ്രേമിച്ച് വിവാഹം കഴിച്ചതിനു വീട്ടുകാർ പുറത്താക്കിയവർ.(പാതിരാത്രിയിൽ അപ്പന്റെയും അമ്മയുടെയും നടുക്ക് അട്ട ചുരുണ്ട് കെടക്കണപോലെ കിടക്കുമ്പോൾ കിട്ടുന്ന വാർത്തകളാണിതൊക്കെയും) 
ഒരു മതില്ക്കെട്ടിനുള്ളിൽ നാലു വീട്ടുകാർ ഒത്തൊരുമയോടെ കഴിഞ്ഞ ആ നല്ല നാളുകൾ.. 
ആ മതിലിനപ്പുറമാണു അമ്മാൾ ഡോക്ടറിന്റെ വീട്.അതിനും മൂന്നു വീടുകൾക്കപ്പുറം അമ്മാൾ ഡോക്ടറിന്റെ കൊച്ച് ആശുപത്രി.ആശുപത്രിയുടെ ഓരോ മണൽത്തരികൾക്കും ഞാൻ സുപരിചിതനാണു.എന്റെ തലയിലെ എണ്ണിയാലൊടുങ്ങാത്ത മുറിവുകള്‍ക്ക് (ഒക്കെയും എന്റെ ബാല്യത്തിൽ ഞാൻ തന്നെ വിതച്ച് ഞാൻ തന്നെ കൊയ്തെടുത്ത മുറിവുകൾ :) ) സാക്ഷിയാണു അമ്മാളു ഡോക്ടറിന്റെ ഈ ആശുപത്രി.അന്ന് സ്റ്റിച്ചിടുക എന്നു പറഞ്ഞാൽ ഭീകരമായ അവസ്ഥയാണു.മരവിപ്പിക്കുകയൊന്നുമില്ല.പച്ചയിറച്ചിയിൽ സൂചികുത്തിയിറക്കി അമ്മാളു ഡോക്ടർ തുന്നും.ആശുപത്രിയിലെ നഴ്സ്മാർ എനിക്കു ചുറ്റും നില്ക്കും.രണ്ട് പേർ കാല്പാദം, രണ്ട് പേർ കാൽ മുട്ട്, രണ്ട് പേർ കൈ എന്ന അനുപാതത്തിൽ..എന്ന് വച്ചാൽ എനിക്ക് അനങ്ങാൻ വയ്യാത്ത അവസ്ഥയിലാക്കും.അറ്റന്ററായിരുന്ന കുറിയ മനുഷ്യന്റെ ജോലി എന്റെ തല അനക്കാതെ പിടിക്കുക എന്നതായിരുന്നു. ആകെ ചെയ്യാൻ പറ്റുന്ന കാര്യം ആ കുഞ്ഞു പ്രായത്തിൽ ഞാൻ വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത തെറികൾ വിളിച്ചു കൊണ്ട് അലറുക മാത്രമായിരുന്നു.പിന്നെ തുപ്പുക. സത്യത്തിൽ ‘മലർന്ന് കിടന്ന് തുപ്പുക’ എന്ന പഴമൊഴി ഉത്ഭവിച്ചത് തന്നെ എന്റെ വരവോടെയായിരുന്നു എന്നുള്ളത് ചരിത്ര സത്യം. 
കഥയിലേക്ക് തിരികെയെത്താം. ഞാൻ ഓടിക്കിതച്ച് ആശുപത്രിയിലെത്തി. പഴയ ഒരു നാലു കെട്ടിന്റെ മാസ്മരിക സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു ആ ആശുപത്രി. നടുക്ക് ഒരു മുറ്റവും ചുറ്റും മുറികളുമായി ഒരു മനോഹര മന്ദിരം.മഴപെയ്താൽ അതിസുന്ദരം.എങ്ങോട്ട് ഒഴുകി പോകണമെന്നറിയാതെ കുഞ്ഞോളങ്ങളുണ്ടാക്കി വെള്ളക്കെട്ടുമായി ആ നടുമുറ്റം നില്ക്കും. 
അമ്മയെയും ഇബ്രു ചേട്ടനെയും വരാന്തയിൽ കണ്ടു.അമ്മയുടെ കയ്യിൽ ഒരു കുഞ്ഞു പൊതിക്കെട്ട്.എന്റെ ആകാംക്ഷ അതിർ കടന്നു. 
“ആഹാ ..ബാലചന്ദ്രമേനോൻ എത്തിയല്ലോ” - ചിര പരിചിതയായ നഴ്സ് എന്റെ കവിളിൽ തലോടി.( ബാലചന്ദ്രമേനോൻ സ്റ്റൈലിൽ സ്ഥിരമായി തലയിൽ മുറിവ് കെട്ടുമായി നടക്കുന്ന എനിക്ക് ആശുപത്രി അന്തേവാസികൾ ഇട്ടിരുന്ന പേരാണത്) 
“ ആൺകുട്ടിയായിരിക്കുമോ പെൺകുട്ടിയായിരിക്കുമോ..?” 
നഴ്സമ്മ ചോദിച്ചു. 
“ആൺ കുട്ടി..”- എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. 
ഇതിലെന്തിത്ര ചോദിക്കാനിരിക്കുന്നു? എന്റെ കുഞ്ഞനിയൻ തന്നെ. കളിക്കൂട്ടുകാരൻ ആവാൻ പോകുന്നവൻ.ഞാൻ എടുത്തു കൊണ്ട് നടക്കാൻ പോകുന്നവൻ.അതി സുന്ദരനായ എന്റെ സ്വന്തം ചക്കര.. 
നഴ്സമ്മ എന്നെ കവിളിൽ അമർത്തിപ്പിട്ച്ച് പറഞ്ഞു. 
“ എടാ കള്ളാ..നീ ആളു കൊള്ളാമല്ലൊ? 
ഞാൻ അമ്മയുടെ സാരിതുമ്പിൽ പിടിച്ച് വലിച്ച് കൊണ്ടിരുന്നു.അമ്മ പതിയെ താണു കുഞ്ഞിനെ കാണിച്ചു തന്നു. ആകെ മൊത്തം ഒരവലോകനം നടത്തി കുഞ്ഞ്, ചെറുക്കനെന്ന് കൺഫേം ചെയ്തു. പിന്നെയാണു മുഖത്തേക്ക് നോക്കിയത്.എന്റെ മുഖം വാടി. എന്റെ സങ്കല്പത്തിലെ സൗന്ദര്യം അവനുണ്ടായിരുന്നില്ല. കരുവാളുച്ച മുഖവും നീണ്ട തലയും മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരുവൻ. ഞാനെന്റെ മ്ളാനത മറച്ച് വെച്ചില്ല. 
” ഇതിനെ കാണാൻ ഒരു ഭംഗിയുമില്ല. തലയൊക്കെ നീണ്ട്..“ 
എന്റെ അമ്മ പതിവ് പോലെ വെളുത്ത് (വിളറി) സുന്ദരിയായി. അടുത്ത് നിന്നിരുന്ന ഇബ്രു ചേട്ടൻ പൊട്ടിച്ചിരിച്ചു. 
” എന്നാൽ നമുക്കിവനെ മാറ്റി അപ്പുറത്തുന്ന് ഒരു സുന്ദരനെ എടുത്തോണ്ട് വന്നാലൊ? 
നഷ്ടബോധത്തോടെ തിരികെ വീട്ടിലേക്ക് പോകുമ്പോൾ അമ്മ ഒരുപാട് വഴക്ക് പറഞ്ഞു എന്നാണെന്റെ ഓർമ്മ. 
‘എന്തായാലും നിന്നെക്കാൾ കാണാൻ കൊള്ളാം’ എന്ന എന്റെ സ്വന്തം ചേച്ചിയുടെ പ്രസ്താവന കൂടിയായപ്പോൾ, ഒന്നാമത് നിരാശനായി നിന്ന ഞാൻ അവളെ കടന്നാക്രമിക്കുക തന്നെ ചെയ്തു. ഞങ്ങളുടെ വഴക്കിനാൽ വീട് ആകെമൊത്തം കുലുങ്ങി മറിഞ്ഞു. അമ്മയുടെ ചൂരൽ കഷായത്തോടെ പ്രകമ്പനത്തിനു അറുതിയായി. 
പിന്നീടുള്ള ഒരാഴ്ച ഞാൻ ആശുപത്രി ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക കൂടി ഉണ്ടായില്ല.ശേഷമൊരുനാൾ പോയ ഞാൻ അവിടെ കണ്ട കാഴ്ചകളിൽ ചില്ലറയൊന്നുമല്ല അസ്വസ്ഥനായത്.ജനി ചേച്ചി നിറകണ്ണുകളോടെ വിതുമ്പുന്നു. ഇബ്രു ചേട്ടന്റെ കണ്ണുകളും ചുവന്ന് കലങ്ങിയിരിക്കുന്നു.എന്റെ പ്രതീക്ഷകൾ തകർത്ത കുഞ്ഞിനെ അവിടൊന്നും കാണുകയുണ്ടായില്ല. 

പാതിരാത്രിയിൽ പതിവ് പോലെ പുതപ്പും തലയണയുമായി അമ്മയുടെയും അപ്പന്റെയുമിടയിലേക്ക് നൂണ്ട് കയറി (അക്കാലങ്ങളിൽ അതൊരു സ്ഥിരം കലാപരിപാടിയായിരുന്നു. അവിടങ്ങളിലുള്ള കൊച്ചു കുട്ടികൾക്കും കൂട്ടുകാർക്കുമൊക്കെ നിറം പിടിപ്പിച്ച പ്രേതകഥകൾ പറഞ്ഞ് കൊടുത്ത് രാത്രിയാകുമ്പോൾ ഞാൻ പ്രേത സ്വപ്നം കാണും. പിന്നെ എന്റെ റൂമിൽനിന്ന് കുറ്റീം പറിച്ച് അപ്പന്റെയും അമ്മയുടെയും ഇടയിൽ കയറി ഒരു കാൽ അപ്പന്റെ കുടവയറിലും ഒരു കൈ അമ്മയുടെ വയറിനെ കെട്ടിപ്പിടിച്ചും സുഖ നിദ്ര. സത്യം പറഞ്ഞാൽ ആ ഒരു സുരക്ഷിതത്വം പിന്നീടൊരിക്കലും എവിടെയും എനിക്ക് കിട്ടിയിട്ടില്ല.) 
അങ്ങനെ കിടക്കുമ്പോളായിരുന്നു ആ കുഞ്ഞിനെ പറ്റി അവർ സംസാരിക്കുന്നത് ഞാൻ കേട്ടത്. അവന്റെ ഹൃദയത്തിനു കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പോവുകയാണത്രെ.കാര്യ ഗൗരവം പിടി കിട്ടിയില്ലെങ്കിലും എന്തോ വലിയ അപകടം നടക്കുകയാണെന്ന് എന്റെ മനസ് മന്ത്രിച്ചു. 
പിന്നീടുള്ള ദിവസങ്ങളിൽ പുതിയ ആശുപത്രിയിലേക്ക് പോയെങ്കിലും അവനെ കാണാൻ ഒത്തില്ല. 

ഒരു വലിയ യാത്രയ്ക്ക് ഞങ്ങൾ തയ്യാറെടുക്കുകയായിരുന്നു.അമ്മ​‍ൂമ്മയുടെ തറവാട് വീട്ടിലേക്ക്..ഒരുപാട് ദൂരം ട്രെയിനിൽ സഞ്ചരിക്കണം..ഞാൻ അതിന്റെ അവേശത്തിലായിരുന്നു.വല്ലപ്പൊഴും ലഭിക്കുന്ന അവസരമാണു. ട്രെയിൻ യാത്രകൾ അന്നും ഇന്നും എന്നും എനിക്ക് ഹരമാണു.ആ യാത്രയ്ക്കൊരുങ്ങുമ്പോൾ വിവരം കിട്ടി, കുഞ്ഞിനെ റൂമിലേക്ക് മാറ്റിയെന്ന്. എങ്കിലവനെ ഒന്ന് കേറി കണ്ടിട്ട് പോകാമെന്നായി അമ്മ. ഇതില്പരം ഒരു സന്തോഷം. ഒന്നാമത് ഞാൻ ട്രെയിൻ യാത്ര ചെയ്യാൻ പോകുന്നു. രണ്ടാമത്, കുറെ നാളുകൾക്ക് ശേഷമെങ്കിലും കുഞ്ഞനിയനെ കാണാൻ പോകുന്നു. ഇപ്പോഴെന്തൊ, അവനോടെനിക്ക് കാര്യമായ വിദ്വേഷമൊന്നും തോന്നുന്നില്ല. 
ഞങ്ങൾ ആശുത്രിയിലെത്തിയപ്പോൾ അവിടെ ആകെ കോലാഹലം. ദേഷ്യമൊക്കെ മാറി ജനിച്ചേച്ചിയുടെ വീട്ടുകാർ വന്നിട്ടുണ്ട്. അതിന്റെ ബഹളമാണു. ഞാൻ കിടക്കയിലേക്ക് ഏന്തി വലിഞ്ഞ് നോക്കി. തുണിക്കെട്ടിൽ ഒരനക്കം കണ്ടു.ജനിചേച്ചി എന്നെ അടുത്തേക്ക് വിളിച്ചിരുത്തി. 
“ദേണ്ടെടാ നിന്റെ കുഞ്ഞേട്ടൻ വന്നിരിക്കുന്നു..” -ജനിചേച്ചി കുഞ്ഞിനൊട് പറഞ്ഞു. 
ഞാനവനെ ഒന്ന് നോക്കി.ഞാൻ കണ്ട കാഴ്ചയെ എങ്ങനെ വിവരിക്കണമെന്ന് ഇന്നുമെനിക്ക് അറിയില്ല.അതിനുള്ള വാക്കുകൾ എവിടെയലഞ്ഞാലും എനിക്ക് കിട്ടില്ല. 
സൂര്യ തേജസ്സോടെ അവൻ. സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു. വട്ടമുഖം. ചോരപൊടിയുന്ന നേർത്ത ചുണ്ട്. അനിർവചനീയമായ ആ സൗന്ദര്യത്തിലേക്ക് നോക്കാൻ തന്നെ എനിക്ക് പേടിയായി.അതു പോലൊരു അഭൗമ സൗന്ദര്യം പിന്നീടുള്ള എന്റെ ജീവിതയാത്രയിൽ, എന്റെ കാഴ്ചകളിൽ കണ്ടിട്ടില്ലെന്ന് ഞാൻ ആണയിടട്ടെ. ഒരു ഭയപ്പാടോടെയും പറഞ്ഞറിയിക്കാനാവാത്ത വികാരത്തോടെയും ഞാൻ അമ്മയുടെ അടുക്കലേക്കോടി. സാരിത്തുമ്പിൽ പിടിച്ച് വലിച്ചു. 
“എന്ത് പറ്റിയെടാ കുട്ടാ?” - ജനിചേച്ചി വിളിച്ച് ചോദിച്ചു. 
“അവനെ കാണാൻ എന്തൊരു രസമാ..അവൻ തിളങ്ങുന്നു..സത്യം..”- ഞാനമ്മയുടെ ചെവിയിൽ പറഞ്ഞത് അവിടെയുണ്ടായിരുന്ന എല്ലവരും, ജനിചേച്ചിയടക്കം കേട്ടു. എനിക്കെന്റെ, പേരറിയാത്ത ആ വികാരത്തിനു കടിഞ്ഞാണിടാൻ സാധിച്ചില്ല. 
“ഇവനെ കാണാൻ കൊള്ളില്ലാന്ന് നീ പറഞ്ഞെന്ന് ഞാനറിഞ്ഞാരുന്നല്ലോ..” - ജനിചേച്ചി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 

ഞാൻ ചമ്മി നിന്നു. പിന്നെ മെല്ലെ വീണ്ടും അവന്റെ അടുക്കലേക്ക് ചെന്നു. അവനു ചുറ്റും ഒരു പ്രഭ പരക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. അത്ര തീക്ഷ്ണ സൗന്ദര്യം. ഇപ്പോൾ ഇതെഴുതുമ്പോഴും ആ സൗന്ദര്യത്തിന്റെ ചൂടും ചൂരും എനിക്കനുഭവിക്കാൻ സാധിക്കുന്നുണ്ട്. 
കൈകൾ പൊള്ളുമോ എന്ന ഭയം ഉണ്ടായിരുന്നിട്ട് കൂടി ,അവന്റെ കൈവെള്ളയിൽ ഞാനെന്റെ വിരൽ വെച്ചു. അഞ്ചു നേർത്ത വിരലുകൾ ഒരു പഞ്ഞിക്കെട്ട് കണക്കെ എന്റെ വിരലിൽ മുറുകെ മുറുകെ പിടിച്ചു.കണ്ണടച്ച് ഉറങ്ങുകയായിരുന്നെങ്കിലും അവന്റെ ചുണ്ടിൽ നേർത്തൊരു ചിരി മിന്നിത്തെളിഞ്ഞു വന്നു. 
“നോക്കെടാ..അവനു കുഞ്ഞേട്ടനെ ഇഷ്ടമായെന്ന് തോന്നുന്നു. ദേ ചിരിക്കുന്നു.”- ജനിചേച്ചിയുടെ വാക്കുകളിൽ ഞാൻ കൃതാർത്ഥനായ് നിന്നു. അവന്റെ ചോരതുടിക്കുന്ന കവിളിൽ ഒന്ന് അമർത്തി ചുംബിക്കുവാൻ കൊതിച്ചുവെങ്കിലും അത്ര ആളുകൾ നിന്നപ്പോൾ, അതും അപരിചിതരായ ആൾക്കാരെ കണ്ടപ്പോൾ വേണ്ടെന്ന് വച്ചു. അന്നാ റൂമിൽ ആരുമില്ലായിരുന്നെങ്കിൽ സത്യം സത്യമായി ഞാനവന്റെ കവിളുകളെ ഉമ്മകൾ കൊണ്ട് മൂടിയേനെ. 
“ട്രെയിനു സമയമായി...” - അപ്പൻ പറഞ്ഞു. 
അവന്റെ പഞ്ഞി വിരലുകളിക്കിടയിൽ നിന്ന് എന്റെ വിരലിനെ മോചിപ്പിക്കുവാൻ എനിക്കു തീരെ താല്പര്യമില്ലായിരുന്നു.അവനും. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ വാതില്പടിയിൽ വച്ച് തിരിഞ്ഞ് നോക്കിയപ്പോഴും ഒരു മായിക വലയം അവനു ചുറ്റുമായി ഞാൻ കണ്ടു. 
അമ്മയോട് ഞാനതിനെക്കുറിച്ച് പറഞ്ഞു. അവനു ചുറ്റും ഞാൻ കണ്ട പ്രഭാവലയത്തെപറ്റി. അമ്മ ചിരിച്ചു തള്ളി. ഞാൻ ആണയിട്ടു പറഞ്ഞു. വീട്ടിലെ യേശുവിന്റെ ചിത്രത്തിൽ തലയ്ക്ക് ചുറ്റും കണ്ട അതേ പ്രകാശവലയം, നന്ദന്റെ വീട്ടിലെ ചുമരിൽ തൂങ്ങിക്കിടക്കുന്ന ഗീതോപദേശ വചനത്തിൽ വിരൽ ചൂണ്ടി നില്ക്കുന്ന ശ്രീകൃഷ്ണനു ചുറ്റുമുള്ള അതേ വലയം...അതേ നിറത്തിൽ..ഒട്ടും ഒളിമങ്ങാതെ.. 
അമ്മ പ്രതീക്ഷാ ഭാവത്തോടെ അപ്പനെ നോക്കി പറഞ്ഞു. 
“ശരിയാ..എനിക്കും ആ കുഞ്ഞിനു നല്ല മാറ്റമുള്ളപോലെ തോന്നിയിരുന്നു. അവൻ രക്ഷപ്പെടുമായിരിക്കുമല്ലെ..” 
അപ്പൻ ഏതോ ചിന്തയിൽ മുഴുകി നടന്നു. പിന്നെ അമ്മയെ നോക്കി ഒരു കഥ പറഞ്ഞു. അപ്പന്റെ യൗവ്വന കാലത്തിൽ നടന്ന ഒരു സംഭവ കഥ. കഥകളെ അന്നുമിന്നും ഒരുപോലിഷ്ടപ്പെട്ടിരുന്ന ഞാൻ കാത് കൂർപ്പിച്ചു. ആ കാലത്ത് തറവാടിനടുത്ത് ഒരു വലിയ അപകടം നടന്നു. കടയിലേക്ക് ജീപ്പിടിച്ചു കയറി.കടക്കാരനും ഡ്രൈവറും അവിടെ വച്ച് തന്നെ മരിക്കുകയുണ്ടായി. കടയിലുണ്ടായിരുന്ന ഒരു ചേട്ടൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മരിച്ചവരും പരിക്കേറ്റവരുമൊക്കെ ഏവർക്കും പരിചിതർ (ഗ്രാമങ്ങളിൽ അങ്ങനെയാണു.എല്ലാവരും എല്ലാവർക്കും പരിചിതർ, സ്വന്തം..) വാർത്തയറിഞ്ഞ് അന്ന് യുവാവായിരുന്ന അപ്പനും അവിടെയെത്തി. അത്യാസന്ന നിലയിൽ കിടക്കുന്ന ആ ചേട്ടനെ കണ്ട് തിരിച്ചിറങ്ങിയ അപ്പൻ, കൂട വന്ന ഒരു അപ്പാപ്പനോട് തനിക്കുണ്ടായ അനുഭവം വിവരിച്ചു. 
“കറിയ ചേട്ടൻ രക്ഷപ്പെടും..അപ്പാപ്പനൊന്ന് കേറി നോക്കിയെ..ഒരു പരിക്കും പുറമെയില്ല. മാത്രമല്ല വല്ലാത്തൊരു സൗന്ദര്യം ചേട്ടനു വന്നപോലെ..ദേഹമൊക്കെ തിളങ്ങുന്ന പോലെ. ഇത്രമേൽ ഭംഗിയോടെ കറിയാ ചേട്ടനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല..നിങ്ങളൊന്ന് കേറി നോക്കിയെ...” 
പ്രായം ചെന്ന ആ അപ്പാപ്പൻ നിരാശ നിറഞ്ഞ മുഖത്തോടെ അന്ന് അപ്പനോട് പറഞ്ഞത്രെ. ‘ നിനക്കങ്ങനെ തോന്നിയോ?എങ്കിൽ പറയട്ടെ, അത് ഒരു നല്ല ലക്ഷണമല്ല...നേരം വെളുപ്പിച്ചാൽ അത്രയും ഭാഗ്യം’ 
നേരം പുലരും മുൻപേ കറിയാ ചേട്ടൻ പോയി.. കഥ പറഞ്ഞു തീർന്നപ്പോൾ അപ്പന്റെയും അമ്മയുടെയും മുഖം ഒരു പോലെ വാടി. ആ കഥയുടെ ആവശ്യമെന്തായിരുന്നെന്ന് എന്റെ പൊട്ട ബുദ്ധിക്ക് അപ്പോൾ തോന്നിയില്ല. എന്റെ മനസു നിറയെ സ്വർണ്ണ നിറമുള്ള അവനായിരുന്നു,അവന്റെ മാസ്മരിക സൗന്ദര്യമായിരുന്നു. 

യാത്ര തുടങ്ങും മുൻപെ അവന്റെ മരണവാർത്ത ഞങ്ങളെ തേടി എത്തി.ചങ്കിലൊരു വലിയ ഭാരം വന്ന് വീണപോലെ. വീടിന്റെ ടെറസ്സിൽ അന്നത്തെ മഴയിൽ, പായൽ പിടിച്ച ചുവരിൽ അവനായി ഞാനൊരു ശവമഞ്ചലിന്റെ ചിത്രം കോറിയിട്ടതായി ഓർക്കുന്നു. അത് വരയ്ക്കുമ്പോൾ ആ മഴയോടൊപ്പം ഞാൻ നന്നായി കരഞ്ഞിരുന്നതായും ഓർക്കുന്നു.ഒരു ജീവിതകാലം മുഴുവൻ ഓർമ്മിച്ചു വയ്ക്കാനായി അവനെനിക്കു സമ്മാനിച്ച ആ നേർത്ത പുഞ്ചിരി അതേ ശോഭയോടെ ഇന്നുമെന്നിലുണ്ട്. എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..ഇരുപതോ ഇരുപത്തിയഞ്ചൊ? ഇക്കാലത്തിനിടയിൽ എന്തൊക്കെ സംഭവിച്ചിരിക്കുന്നു? ആ വീടും നാടുമൊക്കെ എന്നേ ഉപേക്ഷിച്ചു.. ജനിചേച്ചിയും ഇബ്രു ചേട്ടനും ഇപ്പോൾ എവിടെയെന്ന് ഒരറിവുമില്ല..അമ്മാളു ഡോക്ടർ മരിച്ചിട്ട് കാലമെത്രയായിരിക്കുന്നു. ഇതിനിടയ്ക്ക് ഓർമ്മകളിലേക്ക് ഒരു തിരികെയാത്ര നടത്തിയപ്പോൾ ആ നാട്ടിലുമൊന്ന് പോയി.ആ ആശുപതി കെട്ടിടം പൊളിഞ്ഞ് വീണ​‍് കാട് പിടിച്ചിരിക്കുന്നു.ജീവിതമൊക്കെ മാറിമറിഞ്ഞു..എങ്കിലുമിന്നുമൊരു കുഞ്ഞിനെ കാണുമ്പോൾ അവനാണെന്റെ മനസിൽ ആദ്യം ഓടിയെത്തുക.എനിക്കു മാത്രമായി തന്ന ആ പുഞ്ചിരി..പഞ്ഞി വിരലുകൾ എന്നെ മുറുകെപ്പിടിച്ചതിന്റെ നിർവൃതിയിൽ ഇപ്പോഴും ഞാൻ അലിഞ്ഞു വീഴാറുണ്ട്. എങ്കിലും കുഞ്ഞേ നിന്റെയാ തുടുത്ത കവിളിണയിൽ ഒരിക്കൽ പോലും ഞാൻ ഉമ്മവച്ചില്ലലൊ എന്ന നിരാശമാത്രം എന്നിൽ നില്ക്കുന്നു. എങ്കിലുമെനിക്ക് സങ്കടമില്ല. നീയിപ്പോഴും സൂര്യ തേജസ്സുള്ള കുഞ്ഞായി എന്റെ ചങ്കത്ത് തന്നെയുണ്ട്. എത്രയോ വട്ടം നീയെന്റെ സ്വപ്നങ്ങളിൽ വന്നിരിക്കുന്നു. എന്റെ നെഞ്ചോട് ചേർത്ത് എത്രയോ തവണ ഞാൻ നിന്നെ ഉറക്കിയിരിക്കുന്നു. ഇനിയുമിനിയും നീ അതു പോലെ തന്നെ എന്റെ സ്വപ്നങ്ങളിൽ വന്ന് ആ ചെറു പുഞ്ചിരിയാൽ എന്റെ മനം നിറയ്ക്കുമെന്ന് എനിക്കുറപ്പാണു. കാരണം ഞാനുള്ളിടത്തോളം കാലം നീയുമുണ്ടാകും, നിന്റെ ചിരിയുമുണ്ടാകും... 

(ദുരന്ത ജീവിതാനുഭവങ്ങളെ മാറ്റി നിർത്തണമെന്ന് എപ്പോഴുമാലോചിക്കും.എന്ത് ചെയ്യാൻ?ഒരു ചാട്ടുളി കണക്കെ അവയൊക്കെയും എന്റെ ചങ്ക് തുളച്ച്, ചോര ചിതറിച്ച് പുറത്തേക്ക് വരും.എന്നിട്ടോ പനിനീർപ്പൂവിന്റെ ഗന്ധമാകെ പരത്തുകയും ചെയ്യും..നിസ്സഹായതയുടെ പേനയിൽ ഓർമ്മകളുടെ സത്ത് നിറച്ച് എഴുതുവാൻ ഞാൻ ശ്രമിക്കുന്നു.അത്ര മാത്രം!!) 

Wednesday, 22 April 2015

ചില ജന്മങ്ങൾ!!

രാവിലെ പതിനൊന്നായതെയുള്ളു.സ്കൈപ് ചിലച്ചു. ഒന്ന് നോക്കി. പെങ്ങളാണു. അറിയാത്ത ഭാവത്തിൽ നീക്കി വച്ച് തലവഴി പുതപ്പിട്ട് വീണ്ടും കിടന്നു.സ്കൈപ് പിന്നെയും ചിലച്ചു.
“എന്തോന്നാടീ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ?”

“മാമനേ.......”
“അയ്യോടാ..മാമന്റെ ചക്കരയായിരുന്നോ”

“മാമന്റെ ചക്ക്ടയാ..ൻ ..താ പബ്ബാഡി...”

“ഒരു പരിപാടിയുമില്ലെടാ...മാമൻ പാവം ഉറങ്ങട്ടെടാ..”

“മാമനേ...നാൻ പോലീശാ​‍ാ...മാമനോ..?”

“മാമൻ ഭയങ്കര കള്ളനാടാ ചക്കരെ..”

“ഡേയ്..നീ വീട്ടിലോട്ട് വിളിക്കാറില്ലെന്ന് അമ്മ സങ്കടം പറഞ്ഞു...നിനക്ക് വല്ലപ്പോഴുമെന്ന് വിളിച്ചാലെന്താ?” -പെങ്ങൾ സ്വരം..

“ആ..വിളിക്കാം..കഴിഞ്ഞ ആഴ്ച വിളിച്ചതല്ലെ..നീ വെയ്..ഞാൻ കെടക്കട്ടെ”

“വിളിക്കാൻ മറക്കല്ലെ...”

സ്കൈപ് കട്ടി വീണ്ടും ഉറങ്ങി.

വഴി വക്കിൽ നല്ല ബഹളം. ഒരമ്മയും കുട്ടിയും. കുട്ടിക്കൊരു ആറോ ഏഴോ വയസ്സുണ്ടാവണം. ഭയങ്കര കരച്ചിൽ..അല്ല കാറലോട് കാറൽ. കയ്യിലിരിക്കുന്ന മിഠായിയുടെ കളർ ഇഷ്ടപ്പെട്ടില്ലാത്രെ!! അതിനാണീ അലറൽ. പാവം അമ്മ ആവത് ആശ്വസിപ്പിക്കാൻ നോക്കുന്നു. അവനാ സ്ത്രീയുടെ തലമുടിയിൽ അള്ളിപ്പിടിച്ച് ആഞ്ഞ് വലിച്ച് കൊണ്ട് കരയുന്നു. വേദനയാലും അപമാനത്താലും സ്ത്രീ നിന്ന് പരുങ്ങുന്നു.
“ഇമ്മാതിരി ചീമ്പ്രാണികളെ തൂക്കിയെടുത്ത് തോട്ടിലേക്കിടണം..” - ഞാനെന്റെ സത്യ സന്ധമായ അഭിപ്രായം പറഞ്ഞു.കാഴ്ചക്കാരൊക്കെയും അമർഷം നിറഞ്ഞ മുഖത്തോടെ കുട്ടിയെ നോക്കി നില്ക്കുന്നു.
ചീളു ചെറുക്കൻ നിലത്ത് കിടന്നുരുളുകയാണിപ്പോൾ. ആത്മാവ് പോലും നാണിക്കുന്ന എലുമ്പ് ശരീരത്തിൽ നിന്നും ബഹിർഗമിക്കുന്ന ശബ്ദമോ..അതിഭീകരം. സമാധാനിപ്പിക്കാൻ ചെല്ലുന്ന ആ അമ്മയുടെ നേർക്ക് അവൻ തുപ്പാനും ആരംഭിച്ചു.
“ഹോ​‍ൂ​‍ൂ...അവനെ പിടിച്ച് ആസനം നോക്കി ഒരു തേമ്പ് തേമ്പണം..” എനിക്ക് ഈർഷ്യ അടക്കാനായില്ല.

ഇത്ര അലന്ന ഒരു കുട്ടിയെ ഞാനിതുവരെയും കണ്ടിട്ടില്ല. കാഴ്ചക്കാരും കണ്ടിരിക്കാൻ വഴിയില്ല. അവരുടെ മുഖത്തെ ദേഷ്യഭാവം അത് വിളിച്ചോതുന്നുണ്ടായിരുന്നു.

വഴിവക്കിൽ കിടന്ന ഒരു വിറകിൻ കഷ്ണമെടുത്ത് ആ ചെക്കന്റെ അടുത്തെത്തി വലം കയ്യിൽ അവനെ തൂക്കി ഞാനിങ്ങെടുത്തു. നല്ല നീർത്തി ഒന്ന് പൊട്ടിക്കാൻ തന്നെയായിരുന്നു. ഒരു നിമിഷം!! അന്ത മൂഞ്ചി എങ്കെയോ പാത്ത മാതിരി...ഞാനാ സ്ത്രീയെ നോക്കി. തലമുടി പിടിച്ചു വലിക്കപ്പെട്ടതിന്റെ വേദനയിൽ ഇരു കൈകളും തലയിൽ അമർത്തിയിരിക്കുകയാണവർ. ഞാനാ മുഖം മെല്ലെ പിടിച്ചൊന്നുയർത്തി.
അമ്മ!! എന്റെ അമ്മ!!

ഞെട്ടിയെഴുന്നേറ്റു. അതൊരു സ്വപ്നമായിരുന്നെന്ന് മനസിലാക്കാൻ നിമിഷങ്ങൾ പിന്നെയുമെടുത്തു. സ്വപ്നം മാത്രമല്ല..അതൊരു സത്യം കൂടിയായിരുന്നു. അങ്ങനൊരു ചെറുക്കൻ ജീവിച്ചിരുന്നു.മേല്ക്കണ്ടത് അവന്റെ ഏറ്റവും നിസ്സാര തെമ്മാടിത്തരങ്ങളിലൊന്ന് മാത്രം. ആ ചെറുക്കൻ എന്റെ ബാല്യമായിരുന്നു. അന്ത മൂഞ്ചി താൻ ഇന്ത മൂഞ്ചി!!

കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് പഴയതൊക്കെയും പിന്നെയുമോർത്തു. എത്ര മാത്രം പാവം അമ്മയെ അവമാനപ്പെടുത്തിയിരിക്കുന്നു. എന്തോരം ഉപദ്രവിച്ചിരിക്കുന്നു. അമ്മയുടെ വിട്ട് മാറാത്ത തല വേദനയ്ക്ക് പിന്നിൽ അക്കാലങ്ങളിലെ എന്റെ ഏറ്റവും വലിയ ഉപദ്രവങ്ങളിലൊന്നായ തലമുടി പിടിച്ചു വലിക്കൽ കാരണമായിരിക്കാമെന്ന് ഇതിനിടയ്ക്ക് കൂടി അമ്മൂമ്മ ഒരു തമാശ കണക്കെ പറയുകയുണ്ടായി..ഇടയ്ക്കൊക്കെയും അമ്മ തലവേദനയാൽ പുളയുമ്പോൾ അറിയാതെയെങ്കിലും ഒരു കുറ്റബോധം മനസിലുണ്ടാവാറുണ്ട്..ഞാനുമതിനൊരു കാരണക്കാരനല്ലെ എന്നൊരു സംശയം...

ഫോണെടുത്തു.അമ്മയെ വിളിച്ചു. വിശേഷങ്ങൾ ചോദിച്ചു.

“രാവിലെ മുതൽ തുടങ്ങിയതാടാ ..നല്ല തലവേദന..”

കുറച്ച് നേരത്തേക്ക് ഒന്നും ഞാൻ പറഞ്ഞില്ല.

“അമ്മ കിടന്നോ..ഞാൻ പിന്നെ വിളിക്കാം..”

“കൊഴപ്പമില്ലെടാ..നിന്റെ വിശേഷങ്ങളൊക്കെ പറ..നിന്നോട് സംസാരിക്കുമ്പോൾ തന്നെ തല വേദന പാതി മാറിക്കൊള്ളും...”

ഉള്ളിൽ തിളച്ച് മറിയുന്ന ഏതോ ഒരു വികാരത്തെ കടിച്ചമർത്തി ഞാനെന്തൊക്കെയോ സംസാരിച്ചു തുടങ്ങി.

Saturday, 21 March 2015

ഓർമ്മപ്പെടുത്തൽ

മാർക്കറ്റിലെ തട്ടുകൾക്ക് മുകളിൽ ഈച്ചയരിക്കുന്ന മീൻ മൃതദേഹങ്ങൾക്കും ചതഞ്ഞരഞ്ഞ് റോഡിലൊരു ഭൂപടമായി മാറിയ പൂച്ചയ്ക്കും തലയറുക്കപ്പെട്ട ആട്മാടുകൾക്കും എന്നോട് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം..

“നീയും വരും"

Tuesday, 17 March 2015

no pain no gain


എന്റെ തറവാട്ട് ഗ്രാമം ബഹു സുന്ദരിയാണു.എത്ര വർണ്ണിച്ചാലും എത്ര കണ്ടാലും മതി വരില്ല. ചുറ്റോട് ചുറ്റും മലകളുണ്ട്,എപ്പോഴും തണൽ തരുന്ന മരങ്ങളുണ്ട്,നിഷ്കളങ്കരായ ഗ്രാമവാസികളുണ്ട്, കുളങ്ങളുണ്ട്, പുഴകളുണ്ട്..ഒരു മനുഷ്യായുസിനു ആത്മ നിർവൃതി തരുന്ന എല്ലാമിവിടെയുണ്ട്.സ്കൂളടയ്ക്കുന്ന സമയങ്ങളിൽ,നീണ്ട അവധി ദിവസങ്ങളിൽ നഗരം ചാർത്തിതരുന്ന ചായക്കൂട്ടുകൾ കഴുകി കളയുവാൻ ഈ ഗ്രാമത്തിലേക്ക് അപ്പൻ ഞങ്ങളെ കോണ്ട് പോകാറുണ്ട്.കെ.എസ്.ആർ.ടി.സി. ബസ്സിന്റെ കുലുക്കം നിറഞ്ഞ ഒന്നരമണിക്കൂർ യാത്ര, പൊടി പറത്തിക്കൊണ്ട് എന്റെ ഗ്രാമത്തിലവസാനിക്കുമ്പോൾ അനിർവചനീയാനന്ദത്തിൽ ഞാൻ പുളകിതനാവാറുണ്ടായിരുന്നു. 
അന്നൊക്കെ തറവാട് എന്നും ഉൽസവാന്തരീക്ഷത്തിലായിരുന്നു.ചുറ്റോട് ചുറ്റും ബന്ധു ജനങ്ങളും കൂടെ കളിക്കാൻ എണ്ണിയാൽ തീരാത്ത കൂട്ടുകാരും കളിയാക്കലുകളിൽ പി.എച്ച്.ഡി. എടുത്തിരിക്കുന്ന ഇളയച്ഛന്മാരും,അതി രാവിലെയെഴുന്നേറ്റുള്ള മാമ്പഴം പെറുക്കലും, മണ്ണിരയെ കോർത്ത് പുഴയിൽ ചൂണ്ടയിടലും.. 
നീന്തൽ കഥയിലേക്ക് കടക്കാം.ആറിലോ മറ്റോ പഠിക്കുകയാണു.നല്ല മഴക്കാലം.തറവാട്ടിൽ അമ്മൂമ്മ ഒരുക്കി വച്ചിരിക്കുന്ന എല്ലും കപ്പയുമായി മല്പിടുത്തത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടപ്പുറം താമസിക്കുന്ന ഇളയച്ഛൻ കയറിവന്നത്.അപ്പന്റെ നേരനിയനല്ലെങ്കിലും കുട്ടിക്കാലത്തെ അമ്മ മരിച്ച ഇളയച്ഛനെ സ്വന്തം മകനായിട്ടാണു അമ്മൂമ്മ വളർത്തിയത്. ‘ഞങ്ങൾക്ക് കിട്ടേണ്ട പാലു കൂടി ദാ ഇവനൊറ്റയ്ക്ക് കുടിച്ച് തീർത്തെന്ന്’ എന്റെ മറ്റ് ഇളയച്ഛന്മാർ ചേർന്ന് കളിയാക്കുമായിരുന്നു. 
“കുട്ടാ ..നീ കുളിക്കാൻ വരുന്നോ? ഞാൻ പുഴയിലോട്ട് പോവുകയാ” 
ഇളയപ്പന്മാരുടെ കൂടെ കുളിക്കാൻ പോകുന്നതിൽ പരം റിസ്ക് ഈ ലോകത്ത് മറ്റൊന്നിലുമുണ്ടാവില്ല.കുട്ടികളാണോയെന്നൊന്നും നോക്കില്ല.ചിലപ്പോൾ പിടിച്ച് മുക്കും, നീന്തലറിയാത്ത ഞങ്ങളെ പിടിച്ച് വെള്ളത്തിൽ തള്ളിയിടും. ഉടുത്തിരിക്കുന്ന തോർത്ത് മുണ്ട് വലിച്ചൂരി വെള്ളത്തിലേക്ക് ഊളിയിട്ടു കളയും. വെള്ളത്തിലിറങ്ങാനും വയ്യ, കരയിൽ നില്ക്കാനും വയ്യ എന്ന അവസ്ഥയിലാവും നമ്മൾ.എങ്കിലും കൂടെപ്പോവും..പുഴയോരത്ത് നിന്ന് കുളിക്കുക എന്നതാലോചിക്കുമ്പോൾ മേല്പ്പറഞ്ഞ ക്രൂര പീഡനങ്ങൾ സഹിക്കാൻ ഞങ്ങൾ കുട്ടികൾ തയ്യാറായിരുന്നു.മാത്രമോ, ചിലപ്പോൾ വാഴപ്പിണ്ടികൾ ചേർത്ത് വച്ച് ഞങ്ങൾക്ക് വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കാൻ തോണികളുണ്ടാക്കി തരുമായിരുന്നു. 
എന്തായാലും പോവുക തന്നെ.തോർത്ത് മുണ്ടുടുത്ത് ഞാൻ റെഡിയായി. മുൻപിൽ ഇളയപ്പനും പിന്നിൽ ഞാനും നടന്നു. ഇളയപ്പനു എന്നേക്കാൾ അഞ്ചോ ആറൊ വയസ്സിന്റെ മൂപ്പെ ഉള്ളു. എങ്കിലും ആളു കില്ലാഡിയാണു.എത്ര വലിയ മരത്തിന്റെ മുകളിലും കയറും.വെള്ളത്തിലേക്ക് മുങ്ങാംകുഴിയിടും. എത്ര ആഴത്തിൽ നിന്നും വെള്ളാരം കല്ലുകൾ പെറുക്കി കൊണ്ട് വരും.കുറേ നേരം വെള്ളത്തിനടിയിൽ കിടക്കും. പലവട്ടം കറങ്ങി പുഴയിലേക്ക് ചാടും.കൈകാലുകളനക്കാതെ വെള്ളത്തിനു മുകളിൽ മലർന്നു കിടക്കും..അക്കാലത്തൊരു സൂപ്പർ ഹീറോ ഉണ്ടായിരുന്നെങ്കിൽ അതെന്റെ ഇളയപ്പനായിരുന്നു.ഇതൊക്കെ ഓർത്തപ്പോൾ നീന്തൽ പഠിക്കാൻ ഒരാഗ്രഹം.അന്നത്തെ ആറാം ക്ളാസുകാരൻ , ഇളയപ്പനെ പുറകിൽ നിന്നും തോർത്ത് മുണ്ടിൽ പിടിച്ച് വലിച്ച് നിർത്തി. 
“എന്താടാ..?” 
“ഇളയപ്പാ..എന്നെ നീന്തലു പഠിപ്പിക്കാമോ? കയ്യും കാലുമൊന്നുമനക്കാതെ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്ന അഭ്യാസം പറഞ്ഞു തരാമൊ”? 
ഇരയെ കിട്ടിയ സന്തോഷം ഇളയപ്പന്റെ മുഖത്ത്. 
“പിന്നെന്താ? എന്നാ നമുക്കു കുളത്തിലോട്ട് പോകാം. പുഴയിൽ നീന്തൽ പഠനം ശരിയാവില്ല. നീ വാ” 
അങ്ങനെ കുളം ലാക്കാക്കി നടക്കുമ്പോൾ കൈകാലുകളങ്ങാതെ മലർന്ന് കിടക്കുന്ന,പുഴയുടെ അടിയിൽ നിന്നും വെള്ളാരം കല്ലുകൾ വാരുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു. 

മഴക്കാലമായത് കൊണ്ട് കുളം നിറഞ്ഞ് കിടക്കുകയാണു. നാലാൾ താഴ്ചയുണ്ട്.കടും നീല നിറത്തിൽ കലങ്ങിക്കിടക്കുകയാണു.ഒരു ഭയം ഉള്ളിൽ നാമ്പെടുത്തു.അത് കണ്ട് കൊണ്ടായിരിക്കണം ഇളയപ്പൻ അടുത്തുള്ള കവുങ്ങിലേക്ക് വലിഞ്ഞു കയറി, പിടി വിട്ട്, അന്തരീക്ഷത്തിൽ നാലോ അഞ്ചോ തവണ കറങ്ങി ,കുളത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് പൊങ്ങിവന്ന് പരവതാനിയിലെന്ന പോലെ മലർന്നു കിടന്നു.ആ ഷോ ഓഫ്ഫിൽ ഞാൻ വീണു. മണ്ണു കൊണ്ട് വെട്ടിയുണ്ടാക്കിയ പടവിലേക്ക് ഇറങ്ങി നിന്നു... 
നീന്തൽ പഠനമിന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോൾ ഞാൻ കുളത്തിന്റെ ഒരു വശത്ത് നിന്നും അപ്പുറത്തേക്ക് ദുർബലമായി നീന്തും. കുളത്തിനു വ്യാസം കുറവായതിനാൽ ഒരാന്തലിനു ഞാൻ അപ്പുറമെത്തും. ഒറ്റശ്വാസത്തിലാണു ഈ കുതിപ്പ്. ഇടയ്ക്കൊന്ന് നിന്നാൽ പിന്നെ വെപ്രാളപ്പെട്ട് താഴേയ്ക്ക് പോകും. നീന്തലിനിടയിൽ ശ്വാസം വിടുന്നതെങ്ങനെയെന്നും പഠിക്കാനാവുന്നില്ല. എങ്കിലും ഇളയപ്പൻ കൂടെ നീന്തുന്നത് കൊണ്ട് (മിക്കപ്പോഴും ഒരു കൈകൊണ്ട് എന്നെ താങ്ങുന്നുണ്ട്) സമാധാനമാണു.അതാണെന്നെ അത്ഭുതപ്പെടുത്തിയത്..സാധാരണ ഗതിയിലാണെങ്കിൽ ഒരു നൂറു തവണ എന്നെ മുക്കേണ്ട സമയം കഴിഞ്ഞു. ഇളയപ്പൻ ആളു മാന്യനായ​‍ാ എന്ന് ഞാൻ സംശയിച്ചു. 
പഠനം നാലാം നാളിലേക്ക് കടന്നു.എങ്കിലും വെള്ളത്തിലേക്ക് ചാടാൻ നേരം ഒരു ഭയം ഇപ്പൊഴും ഉള്ളിൽ നില്ക്കുന്നു. തോർത്ത് മുണ്ടുമായി ഞാൻ കുളക്കടവിൽ റെഡിയായി. ഇളയപ്പൻ സ്വ ശരീരമാകമാനം എണ്ണ തേക്കുന്നു. 
“നീ ചാടിക്കോ..എന്തേലും പറ്റുകയാണേൽ ഞാനും ചാടിക്കോളാം..” 
“വേണ്ട..ആദ്യം ഇളയപ്പൻ കുളത്തിൽ ഇറങ്ങി നിക്ക്..എന്നിട്ട് ഞാൻ ചാടാം..” മൂന്നു ദിവസമായിട്ട് വെള്ളത്തിൽ മുക്കുന്നില്ലെങ്കിലും ഇളയപ്പനെ എനിക്കിനിയും അത്ര വിശ്വാസം പോര. 
“നിന്നോടല്ലേ ചാടാൻ പറഞ്ഞത്..” 
“ഇളയപ്പനിറങ്ങ്..” 
“ചാടെടാ...” 
കുളത്തിന്റെ ഓരത്തേക്ക് ഞാൻ നീങ്ങി നിന്നു. ചാടാനായി ശരീരം വളച്ചു. വെള്ളം കണ്ടപ്പോൾ ശരീരം താനെ നിവർന്നു. 
“ഇളയപ്പാ..ഇത്രെം ഉയരത്തീന്നു ചാടാനൊരു പേടി. ഇളയപ്പനിറങ്ങി നില്ക്കുകയാണേ...” 

പറഞ്ഞു മുഴുപ്പിച്ചില്ല. മാരുതി കാറിന്റെ പിൻ വശത്തേക്കാൾ ശുഷ്കിച്ചിരുന്ന എന്റെ ആസനത്തിൽ ഇളയപ്പന്റെ വക ഒരു തൊഴിത്തള്ള്..ഞാനുയർന്ന് പൊങ്ങി. അന്തരീക്ഷത്തിൽ ഏതൊക്കെയോ കഥകളി മുദ്രകൾ വരച്ചിട്ട്, നിലയില്ലാ കുളത്തിന്റെ ഒത്ത നടുവിലേക്ക് പതിച്ചു. 
ഇളയപ് ളാ​‍ാ....ഒരു നില വിളിയോടെ ഞാൻ കുളത്തിന്റെ അടിയിലേക്ക് കുതിച്ചു. ഒരായുസ്സിലേക്കുള്ള വെള്ളം കുടിച്ചു. പാവം മീനുകളെ വിഴുങ്ങി.കണ്ണുകൾ തുറിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞു.ഒരുപാട് സമയത്തിനു ശേഷം കുളത്തിന്റെ അടിത്തട്ട് എനിക്കിപ്പൊൾ വ്യക്തമായി കാണാം. തൊട്ടു തൊട്ടില്ല എന്നായാപ്പോൾ ഞാൻ തനിയെ ഉയർന്ന് പൊങ്ങി. എന്റെ തല വീണ്ടും പുറം ലോകം കണ്ടു. കുളത്തിന്റെ കരയിൽ ഇളയപ്പൻ, ശരപഞ്ചരത്തിൽ ജയൻ കുതിരയെത്തിരുമ്മുന്നത് പോലെ സ്വന്തം ശരീരത്തെ എണ്ണയിട്ട് തിരുമ്മുന്നു. 
“രക്ഷ്ളി ക്കള ൺളേള​‍്ള...” വായിൽ നിറയെ വെള്ളവുമായി ഞാനലറി.ഇളയപ്പൻ ഒരു ചെറു ചിരിയോടെ കൈകളുയർത്തി റ്റാറ്റ തന്ന് വീണ്ടും ശരീരം തിരുമ്മുന്നു. 
ഞാൻ വീണ്ടും കുളത്തിനടിയിലേക്ക്..ഇത്തവണ ആദ്യത്തെ അത്ര വേഗതയുണ്ടായിരുന്നില്ല. അധികം പിടയ്ക്കാനും പറ്റുന്നില്ല. കണ്ണുകൾ നല്ല രീതിയിൽ വിടർന്നു. അടുത്ത ജന്മത്തിലേക്കും വേണ്ടിയുള്ള വെള്ളം കുടിച്ചു. കുളത്തിന്റെ അടിത്തട്ടിലേക്ക് വീണു.ചളി മണ്ണും കൊച്ച് കല്ലുകളും എന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞമർന്നു. പായൽ പടർപ്പുകളിൽ കാലുകൾ ഒന്ന് കോർത്തു.പിന്നെ മെല്ലെ ഉയർന്ന് തുടങ്ങി. ഇത്തവണ തല മുഴുവനായി പുറം ലോകം കണ്ടില്ല. കണ്ണുകൾ തുറിച്ച് പുറത്തേക്ക് നോക്കിയപ്പോൾ ജയൻ അതേ രൂപത്തിൽ അതേ ഭാവത്തിൽ അവിടെ നില്ക്കുന്നത് കണ്ടു. കരയാനോ നിലവിളിക്കാനോ പറ്റിയില്ല.കാരണം എന്റെ മൂക്കോ വായോ പുറം ലോകം കണ്ടില്ല. കൈകളൊന്ന് ആയാസപ്പെട്ടുയർത്തി ഞാൻ വീണ്ടും താണു. ഇത്തവണ വളരെ വളരെ പതുക്കെയാണു ഞാൻ താഴേക്ക് പോയത്. അല്പം പോലും കുതറിയില്ല. ശ്വാസം മുട്ടിയില്ല (അല്ലെങ്കിൽ മുട്ടാൻ ശ്വാസമെവിടെ..) ചുറ്റിനും വെള്ള നിറം മാത്രം. നല്ല ഒരു സ്വപ്നം കണ്ട് ഉറങ്ങാൻ തയ്യാറെടുക്കുന്ന പോലെ..ഇതാണു മരണമെന്ന തിരിച്ചറിവ് എന്നിലുണ്ടായി. എന്നാൽ ആ ഒരു പ്രത്യേക വികാരത്തിൽ എനിക്കല്പം പോലും ഭയം തോന്നിയില്ല.അമ്മയെ ഓർത്തു..സ്കൂളോർത്തു..അങ്ങനെ പലതും..എന്നിട്ടും അല്പം പോലും നഷ്ടബോധം വന്നില്ല എന്നുള്ളതാണു സത്യം.ഒരു പഞ്ഞിക്കെട്ട് കണക്കെ താഴേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി. ഇനി മുകളിലേക്കുയരില്ലെന്ന് എനിക്കുറപ്പായിരുന്നു. അത്ര പതുക്കെയായിരുന്നു ഞാൻ സഞ്ചരിക്കുന്നത്. അപ്പോഴാണു വെള്ളത്തിനടിയിലൂടെ ആയിരം കുമിളകളാൽ അകമ്പടി സേവിച്ച് എന്തോ ഒന്നെനിക്കു നേരെ വന്നത്. പണ്ട് വായിച്ച കഥകളിലെ മൽസ്യ കന്യകമാരായിരിക്കണം. കന്യക അടുത്തടുത്തെത്തി. ഒരു നിമിഷം!! അതു മൽസ്യകന്യകയല്ല, ഇളയപ്പൻ കന്യകനായിരുന്നു എന്ന തിരിച്ചറിവ്, ജീവിക്കാനുള്ള തത്രപ്പാട് എന്നിൽ വീണ്ടുമുളവാക്കി.ഒരു കുതിപ്പിനു ഞാൻ ഇളയപ്പന്റെ മേലേക്ക് ചാടിപ്പിടിച്ചു. ശ്വാസമില്ലായ്മയുടെ വെപ്രാളം വീണ്ടുമെന്നിൽ. ഇളയപ്പന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. ഇത്തവണ ഇളയപ്പന്റെ കണ്ണുകളാണു തുറിച്ചത്. ബാലൻസ് നഷ്ടമായ ഇളയപ്പൻ എന്നെയും കൊണ്ട് കുളത്തിനടിയിലേക്ക്..കാലുകൾ ചെളിയിലമർത്തി ഇളയപ്പൻ മുകളിലേക്ക് കുതിച്ചുർന്നു, ഞാൻ ജീവിതത്തിലേക്കും. 
കുളത്തിന്റെ കരയിലേക്ക് എന്നെ വലിച്ചിടുമ്പോൾ സുതാര്യമല്ലാത്ത ഒരു അക്വേറിയമായിക്കഴിഞ്ഞിരുന്നു എന്റെ വയർ.ഇളയപ്പൻ നാലഞ്ചു തവണ ഉഴിഞ്ഞു.കുറേ വെള്ളം പോയിക്കിട്ടി. ഇളയപ്പൻ ബാക്കിയെണ്ണ തേക്കാൻ പോയ സമയത്ത് പ്രാണൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഞാൻ തറവാട്ടിലേക്കോടി.എന്റെ സ്വപ്ങ്ങളൊക്കെ സാക്ഷാത്കരിച്ചു.ഊളിയിടാൻ പഠിച്ചു. കുളത്തിന്റെ അടി വശം കണ്ടു. വെള്ളാരം കല്ലുകൾ (കൂടെ ചെളിയും പായലും) വാരിയെടുത്തു.ഒരു രണ്ട് നിമിഷം കൂടെ ഇളയപ്പൻ വരാൻ താമസിച്ചിരുന്നെങ്കിൽ കയ്യും കാലുമനക്കാതെ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന വിദ്യ കൂടെ ഞാൻ പഠിച്ചേനെ. 
പിന്നെ ഇളയപ്പന്മാറുടെ കൂടെ നീന്തൽ പഠിക്കാൻ അക്കാലങ്ങളിൽ പോയിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം. 
ഇളയപ്പന്മാർ മാറി മാറി ഉപദേശിച്ചു. 
“കുട്ടാ..നീ കേട്ടിട്ടില്ലെ? no pain no gain" . പേടിയെ ചങ്കുറപ്പോടെ നേരിടണം. ഇനി നീ നോക്കിക്കോ..എത്ര ആഴത്തിലേക്കിറങ്ങാനും നിനക്ക് പേടിയുണ്ടാവില്ല.നീ ഭയത്തെ പേടിച്ച് ഓടരുത്..ഭയം നിന്നെ പേടിച്ച് ഓടണം.” 

ഞാനൊന്നും പറയാൻ പോയില്ല. തർക്കുത്തരം പറഞ്ഞാൽ അടുത്തതെന്നെ കിണറ്റിലേക്കായിരിക്കും ഇടുന്നത്. അമ്മാതിരി കിടുവകളാണു ഇളയപ്പന്മാർ (ഇപ്പൊ ഞാനും :)). 

അന്നത്തെ സംഭവത്തിനു ശേഷം നീന്തൽ പഠനമെന്ന സ്വപ്നം ഞാൻ പാടെ ഉപേക്ഷിച്ചിരുന്നു.പക്ഷെ ഈ നീന്തൽ പഠന ദുരന്തത്തിനു അതി സുന്ദരമായ ഒരു പര്യവസാന ചിത്രമുണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാത്തത്, ഈ ഞാൻ പോലും. അത് സംഭവിച്ചത് ബാംഗ്ളൂർ നഗത്തിൽ വച്ചായിരുന്നു.എത്രയോ വർഷങ്ങൾക്ക് ശേഷം.കൂട്ടുകാരൊത്ത് സ്വിമ്മിങ്ങ് പുളിൽ കുളിക്കുവാൻ പോയി. കൂട്ടത്തിൽ നീന്തൽ അല്പമെങ്കിലും വശമുള്ള ഒരേയൊരു കൂട്ടുകാരൻ ‘കാട്ടാളരിൽ കാപ്പിരി കാമദേവൻ“ എന്ന് പറയുമ്പോലെ നീന്തലിന്റെ ബാലിശമായ പല സർക്കസ്സുകളും കാണിച്ച് തുടങ്ങിപ്പോൾ, വീണ്ടും നീന്തൽ പഠിക്കണമെന്ന ഒരാഗ്രഹം എന്നിൽ ഉടലെടുത്തു. സ്വിമ്മിങ്ങ് പൂളിന്റെ ആഴമില്ലാത്ത സ്ഥലത്ത് കൂടെ ഞാൻ നീന്താൻ ശ്രമിച്ചു. അത്ഭുതം..മഹാത്ഭുതം..ഒരു കുഴപ്പവുമില്ലാതെ ഞാൻ നീന്തുന്നു. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. ഒരു ധൈര്യത്തിനു ആഴമേറിയ വശത്തേക്ക് ഞാൻ നീന്തി. എനിക്ക് അല്പം പോലും ഭയമനുഭവപ്പെട്ടില്ല. നിലയില്ലാത്തിടത്ത് അല്പം പോലും താഴാതെ ഞാൻ നിന്നു.വെള്ളത്തിനു മുകളിൽ കൈകാലുകളനക്കാതെ വിടർന്നു ഞാൻ കിടന്നു. കൂട്ടുകാരൊക്കെയും അത്ഭുതാദരവോടെ എന്നെ നോക്കുന്നു. അവരെ പറയുന്നതെന്തിനു. ഈ ഞാൻ തന്നെ എന്നെ ബഹുമാനിച്ച നിമിഷങ്ങളായിരുന്നു, അത്. പിന്നെ പിന്നെ ഓരോ സർക്കസ്സുകൾ ഞാൻ പഠിച്ചെടുത്തു.കൈകൾ പിന്നിൽ കെട്ടി നീന്തി, മുങ്ങാങ്കുഴിയിട്ടു. ഏറെ സമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു കിടന്നു. അന്ന് ഇളയപ്പൻ തന്ന മഹാധൈര്യത്തിന്റെ വില എനിക്ക് മനസിലായി. ’ഭയം നമ്മളെ പേടിച്ചോടണം..‘ 
ഇപ്പോൾ മോശമല്ലാത്ത ഒരു നീന്തലുകാരനായി മാറി.അവധിക്കാലങ്ങളിൽ ഇപ്പോഴും ഇളയപ്പന്മാരുടെ കൂടെ പുഴയിൽ ചാടി മറിയുവാൻ പോവാറുണ്ട്.നീന്തി തുടിക്കാറുണ്ട്.ഭയമേതുമില്ലാതെ. ഇപ്പോഴെന്റെ ഇരകൾ ഇളയപ്പന്മാരുടെ കുഞ്ഞുമക്കളാണു. അവരെ ഭയമേതുമില്ലാതെ വളർത്താൻ ഞാൻ ശ്രമിക്കുന്നു..പാവങ്ങൾ!! :D

Saturday, 28 February 2015

കൂട്ടുകാരന​‍് ഒരു കത്ത്

പ്രിയ സുഹൃത്തിനു, 
     നമ്മൾ കണ്ട് പിരിഞ്ഞിട്ട് ഇന്നേക്ക് ഒന്നര വർഷത്തോളമായിരിക്കുന്നു.ടെക്നോ പർക്കിൽ നിന്ന് ഇന്റർവ്യൂ കഴിഞ്ഞ് നിന്റെ ബൈക്കിൽ നീയെന്ന ശ്രീകാര്യത്ത് ഇറക്കി യാത്ര പറഞ്ഞ് പോയതിൽ പിന്നെ നമ്മൾ കണ്ടിട്ടില്ല. പതിവ് പോലെ ആ യാത്രയിലും നമ്മൾ ഒരു പാട് സംസാരിച്ചു. നിന്റെ സ്വപ്നങ്ങൾ, എന്റെ സ്വപ്നങ്ങൾ, പുതുതായി ഇറങ്ങിയ സിനിമകൾ,പുസ്തകങ്ങൾ..ഓ അടുത്ത തവണ വരുമ്പോൾ നീയെനിക്ക് തരാമെന്നു പറഞ്ഞ ലോക സിനിമകളെപ്പറ്റി ഞാൻ മറന്നിട്ടില്ല.പിന്നെയെനിക്ക് തിരുവനന്തപുരത്തേക്ക് വരാൻ സമയം കിട്ടിയില്ല എന്നുള്ളതാണു സത്യം സുഹൃത്തെ...ഒരു തിരക്കുമില്ലാത്തവന്റെ തിരക്കുകളാണതിനു കാരണം :). 
       ആറേഴു മാസങ്ങൾക്ക് മുൻപ് ഞാൻ അറബിനാട്ടിലേക്ക് പോന്നു. സുഖ ജീവിതം. പണിയൊന്നുമെടുക്കാതെ ശമ്പളം കിട്ടുന്ന ഒരു ജോലിയെക്കുറിച്ച് സ്വപ്നം കാണുന്നതായി പണ്ട് ഞാൻ നിന്നോട് പറഞ്ഞതോർമ്മയുണ്ടോ?ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു(എത്ര നാളത്തേക്കെന്നറിയില്ല :) ).അറബീം ദിനാറും പിന്നെ ഞാനും!!ഇവിടെയിപ്പോൾ നല്ല തണുപ്പാണു.ഇടയ്ക്ക് മഞ്ഞ് എല്ലാം മറച്ചു കളയും.വിശിഷ്യാ ഒന്നുമില്ലെങ്കിൽ തന്നെയും ഈ നാടിനു അതിന്റേതായ ഭംഗിയുമുണ്ട്. ഇവിടെ ഏറ്റവും ആകർഷണം എന്ന് പറയാവുന്നത്  ‘ട്രീ ഓഫ് ലൈഫ്’ ആണു. മരുഭൂമിയിൽ ഒറ്റപ്പെട്ട് നില്ക്കുന്ന പച്ചിലകൾ നിറഞ്ഞ ഒരു മരം. മുന്നൂറോ നാനൂറോ വർഷം പഴക്കമുണ്ടെന്ന്!! അത്ഭുതം അതൊന്നുമല്ല..ഇത്രകാലം ജീവിക്കുവാൻ ഈ മരത്തിനു ആ മരുഭൂമിയിൽ നിന്നെവെടുന്നാണു വെള്ളം ലഭിക്കുന്നതെന്ന് ഇന്നും വ്യക്തമായി അറിവില്ല!! ദില്ലിയിൽ ഹ്യൂമയൂണിന്റെ ശവ കുടീരം പോലെ, ബാംഗ്ളൂരിൽ നൈസ് റോഡ് പോലെ ഇവിടെ ഈ നഗരത്തിൽ ‘ട്രീ ഓഫ് ലൈഫ്’ ഉം എനിക്ക് പ്രിയങ്കരമായിരിക്കുന്നു.ചുറ്റും സംസാരിക്കുവാൻ മറ്റ് മരങ്ങളൊ സസ്യജാലങ്ങളോ ഇല്ലാതെ നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ട് കഴിയുന്ന മരം. ഇപ്പോൾ വല്ലപ്പോഴുമെങ്കിലും സമയം കിട്ടുമ്പോൾ ഞാൻ ചെന്ന് വെറുപ്പിക്കാറുണ്ട് ആ പാവത്തിനെ :)

    മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുമ്പോൾ വന്ന വഴികളിലൂടെയൊക്കെയും സഞ്ചരിക്കുക എന്നതാണു മറ്റൊരു പ്രധാന വിനോദം.ഒരു സിനിമ കാണുന്ന ലാഘവത്തോടെ അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുന്ന പ്രതീതിയോടെയുള്ള യാത്ര. അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണു നീയും ഓർമ്മകളിലേക്ക് വന്നത്.ബാംഗ്ലൂർ നഗരത്തിൽ വച്ച് കേരളത്തിന്റെ അങ്ങേയറ്റത്തുള്ള ഞാനും ഇങ്ങേയറ്റത്തുള്ള നീയും ഒരു കുടുസു കമ്പനിയിൽ ഇന്റർവ്യൂവിനെത്തി പരിചയമായത്, ദേ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.പിന്നീടിങ്ങോട്ട് നല്ല സൗഹൃദത്തിന്റെ ഉത്തമോദാഹരണമായി നീ മാറിയത്. എന്തൊക്കെ തമാശകൾ പങ്കു വെച്ചു. ഏതൊക്കെ കഥകൾ പറഞ്ഞു. നീയുമായി സംസാരിച്ചത് കൂടുതലും ആദ്ധ്യാത്മിക കാര്യങ്ങളാണെന്നുള്ളത് ചൂണ്ടിക്കാണിക്കട്ടെ (കാര്യമായ ഒരറിവില്ലാഞ്ഞിട്ട് കൂടി എന്തൊക്കെ നമ്മൾ ചിന്തിച്ചു കൂട്ടി :))

          മറ്റെന്ത് വിശേഷങ്ങളാണു നിന്നോട് പറയുവാനുള്ളത്. നിന്റെ ഇഷ്ട മേഖലകളിലേക്ക് തന്നെ കടക്കാം. അഞ്ജലി മേനോന്റെ ‘ബാംഗ്ളൂർ ഡെയ്സ്’ എന്നൊരു സിനിമയിറങ്ങി. കൊള്ളാവുന്ന ഒരു പടം.പിന്നെ ലോക സിനിമയുമായി ബന്ധപ്പെട്ട് ഒരു പാട് ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായി.ഒക്കെയും പറഞ്ഞ് തീർക്കാൻ ഈയൊരു കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. ‘നൈറ്റ് ക്രൗളർ’, ‘ഇമിറ്റേഷൻ ഗെയിം’ ഇവ രണ്ടും എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായി. ഒരുപാട് മരണങ്ങളും നടന്നു ഈ കാലയളവിൽ, ലോക സിനിമയിലും പിന്നെ നമ്മുടെ മലയാളത്തിലും... 

വായന ഇപ്പോൾ മോശമല്ലാത്ത രീതിയിൽ തലയ്ക്ക് പിടിച്ചിരിക്കുന്നു.ഈ കത്തെഴുതുമ്പോഴും എൻ. മോഹനനും, സി.വി. ബാലകൃഷ്ണനും ആനന്ദും മീരയുമൊക്കെ കഥകളുമായി എന്റെ കട്ടിലിൽ എനിക്ക് ചുറ്റുമായി ചിതറി കിടപ്പുണ്ട്!!:) .ബ്ളോഗെഴുത്തിലെ പുലിയെഴുത്തുകാർ വേറെയും.പിന്നെ പുതിയൊരു അസുഖം തുടങ്ങിരിക്കുന്നു. ജീവിത സത്യമെന്തെന്നറിയാനുള്ള ഒരാകാംക്ഷ. നീ ചിരിക്കുമെന്നെനിക്കറിയാം..സത്യമാണു!! ഇപ്പോൾ വായന തുടങ്ങിയിരിക്കുന്നത് സ്റ്റുവർട്ട് വൈൽഡിന്റെ ബുക്കുകളാണു. എല്ലാം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ജീവിതത്തെ എങ്ങനെ കാണണം എന്നത് ഈ പുസ്തകങ്ങൾ എന്നെ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു.ആനന്ദത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമായിരിക്കുന്നു. നമുക്ക് നാം തന്നെ കൂട്ടെന്നും നമ്മുടെ മനസ്സാണു നമ്മുടെ ദൈവമെന്നുമുള്ള നഗ്നസത്യം ഞാൻ ഹൃദയത്തിലേറ്റിയിരിക്കുന്നു. പിന്നിട്ട വഴികളെ കുറിച്ചാലോചിച്ച് പരിതപിക്കുന്നതിന്റെയും നഷ്ട സ്വപ്ങ്ങളെപ്പറ്റി വേവലാതി കൊള്ളുന്നതിന്റെയും നിസ്സാരത ഞാൻ മനസ്സിലാക്കുന്നുണ്ട്. ഒരു പക്ഷെ നിന്നോട് ഞാൻ കടപ്പെടേണ്ടിയിരിക്കുന്നു. നിന്റെ മരണം എനിക്ക് നല്കിയ വലിയ അമ്പരപ്പാണു ഇത്തരം പുസ്തകങ്ങൾ തേടി പോകുവാൻ എന്നെ പ്രചോദിപ്പിച്ചതെന്ന് പറയാതെ വയ്യിഷ്ടാ!!..ഒരു ജനുവരിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ചേച്ചിയുടെ മരണം നടന്ന് അധികംവൈകാതെയാണു നീയും പോയത്. പക്ഷെ നീ യാത്രയായത് എത്രയോ നാളുകൾക്ക് ശേഷമാണു ഞാനറിഞ്ഞത്..നല്ല കൂട്ടുകാരനായിരുന്നിട്ടും നിന്റെ മരണം അറിയുവാൻ മൂന്നാഴ്ചകൾ പിന്നെയുമെടുത്തു.അതും അവിചാരിതമായി തികച്ചും അപരിചിതരായ ഒരു കൂട്ടം ആളുകൾക്കിടയിൽ നിന്ന് നീ മരിച്ച വിവരം ഞാനറിഞ്ഞപ്പോൾ സത്യമായും ഞാൻ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അമ്പരന്നു നില്ക്കുക മാത്രമാണുണ്ടായത്.അല്ലെങ്കിൽ തന്നെയും കണ്ണൂരുള്ള എന്നെയും തിരുവനന്തപുരത്തുള്ള നിന്നെയും ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും തന്നെയില്ലായിരുന്നുവല്ലൊ!!ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മുൻപിൽ വച്ച് നെഞ്ചത്ത് കയ്യമർത്തി തളർന്ന് വീണ​‍് പിന്നെ ശരീരം വിട്ട് നീ പോയത്..ഒരു ദുശ്ശീലത്തിനുമടിയല്ലാതിരുന്നിട്ട് കൂടി നിന്റെ ഈ മരണം!! 

എന്റെ ചേച്ചിയുടെയും പിന്നെ പ്രിയകൂട്ടുകാരനായ നിന്റെയും മരണ വാർത്തകൾ, മരണമെന്ന പാവത്തിനോടുള്ള എന്റെ ഭയത്തെ ഒരു പരിധിവരെ മായിച്ചു കളയാൻ സാധിച്ചിരിക്കുന്നു. എങ്ങു നിന്നോ വന്നവർ നമ്മൾ എങ്ങോട്ടൊ പോകേണ്ടവർ. അതിനിടയിലെ നിസ്സാരനിമിഷങ്ങളാണു ജീവിതമെന്ന പരമമായ സത്യത്തെ ഉൾക്കൊള്ളുവാനും ഞാൻ പഠിച്ചിരിക്കുന്നു.പഴകിയ പുരാണങ്ങളും നിലവാരമില്ലാത്ത ചിന്താഗതികളും പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിക്കുന്നുണ്ടോ? കൂടുതലെന്ത് പറയുവാൻ? നീയി കത്ത് എവിടെയിരുന്നെങ്കിലും വായിക്കുന്നുണ്ടാവും എന്ന് ചിന്തിക്കുവാന്മാത്രം വിഡ്ഡിയല്ല ഞാൻ. എന്നിരുന്നാലും എഴുതണമെന്ന് തോന്നി.വിലാസമറിയാത്ത ഈ എഴുത്ത് ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കാം. ഇനി എപ്പോഴെങ്കിലും കാണുവാനിടയുണ്ടെങ്കിൽ നിനക്ക് നല്കാം. അത്ര തന്നെ!! 


കൂടുതലൊന്നും പറയുവാനില്ല... 

നിർത്തുന്നു..