Wednesday, 22 April 2015

ചില ജന്മങ്ങൾ!!

രാവിലെ പതിനൊന്നായതെയുള്ളു.സ്കൈപ് ചിലച്ചു. ഒന്ന് നോക്കി. പെങ്ങളാണു. അറിയാത്ത ഭാവത്തിൽ നീക്കി വച്ച് തലവഴി പുതപ്പിട്ട് വീണ്ടും കിടന്നു.സ്കൈപ് പിന്നെയും ചിലച്ചു.
“എന്തോന്നാടീ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ?”

“മാമനേ.......”
“അയ്യോടാ..മാമന്റെ ചക്കരയായിരുന്നോ”

“മാമന്റെ ചക്ക്ടയാ..ൻ ..താ പബ്ബാഡി...”

“ഒരു പരിപാടിയുമില്ലെടാ...മാമൻ പാവം ഉറങ്ങട്ടെടാ..”

“മാമനേ...നാൻ പോലീശാ​‍ാ...മാമനോ..?”

“മാമൻ ഭയങ്കര കള്ളനാടാ ചക്കരെ..”

“ഡേയ്..നീ വീട്ടിലോട്ട് വിളിക്കാറില്ലെന്ന് അമ്മ സങ്കടം പറഞ്ഞു...നിനക്ക് വല്ലപ്പോഴുമെന്ന് വിളിച്ചാലെന്താ?” -പെങ്ങൾ സ്വരം..

“ആ..വിളിക്കാം..കഴിഞ്ഞ ആഴ്ച വിളിച്ചതല്ലെ..നീ വെയ്..ഞാൻ കെടക്കട്ടെ”

“വിളിക്കാൻ മറക്കല്ലെ...”

സ്കൈപ് കട്ടി വീണ്ടും ഉറങ്ങി.

വഴി വക്കിൽ നല്ല ബഹളം. ഒരമ്മയും കുട്ടിയും. കുട്ടിക്കൊരു ആറോ ഏഴോ വയസ്സുണ്ടാവണം. ഭയങ്കര കരച്ചിൽ..അല്ല കാറലോട് കാറൽ. കയ്യിലിരിക്കുന്ന മിഠായിയുടെ കളർ ഇഷ്ടപ്പെട്ടില്ലാത്രെ!! അതിനാണീ അലറൽ. പാവം അമ്മ ആവത് ആശ്വസിപ്പിക്കാൻ നോക്കുന്നു. അവനാ സ്ത്രീയുടെ തലമുടിയിൽ അള്ളിപ്പിടിച്ച് ആഞ്ഞ് വലിച്ച് കൊണ്ട് കരയുന്നു. വേദനയാലും അപമാനത്താലും സ്ത്രീ നിന്ന് പരുങ്ങുന്നു.
“ഇമ്മാതിരി ചീമ്പ്രാണികളെ തൂക്കിയെടുത്ത് തോട്ടിലേക്കിടണം..” - ഞാനെന്റെ സത്യ സന്ധമായ അഭിപ്രായം പറഞ്ഞു.കാഴ്ചക്കാരൊക്കെയും അമർഷം നിറഞ്ഞ മുഖത്തോടെ കുട്ടിയെ നോക്കി നില്ക്കുന്നു.
ചീളു ചെറുക്കൻ നിലത്ത് കിടന്നുരുളുകയാണിപ്പോൾ. ആത്മാവ് പോലും നാണിക്കുന്ന എലുമ്പ് ശരീരത്തിൽ നിന്നും ബഹിർഗമിക്കുന്ന ശബ്ദമോ..അതിഭീകരം. സമാധാനിപ്പിക്കാൻ ചെല്ലുന്ന ആ അമ്മയുടെ നേർക്ക് അവൻ തുപ്പാനും ആരംഭിച്ചു.
“ഹോ​‍ൂ​‍ൂ...അവനെ പിടിച്ച് ആസനം നോക്കി ഒരു തേമ്പ് തേമ്പണം..” എനിക്ക് ഈർഷ്യ അടക്കാനായില്ല.

ഇത്ര അലന്ന ഒരു കുട്ടിയെ ഞാനിതുവരെയും കണ്ടിട്ടില്ല. കാഴ്ചക്കാരും കണ്ടിരിക്കാൻ വഴിയില്ല. അവരുടെ മുഖത്തെ ദേഷ്യഭാവം അത് വിളിച്ചോതുന്നുണ്ടായിരുന്നു.

വഴിവക്കിൽ കിടന്ന ഒരു വിറകിൻ കഷ്ണമെടുത്ത് ആ ചെക്കന്റെ അടുത്തെത്തി വലം കയ്യിൽ അവനെ തൂക്കി ഞാനിങ്ങെടുത്തു. നല്ല നീർത്തി ഒന്ന് പൊട്ടിക്കാൻ തന്നെയായിരുന്നു. ഒരു നിമിഷം!! അന്ത മൂഞ്ചി എങ്കെയോ പാത്ത മാതിരി...ഞാനാ സ്ത്രീയെ നോക്കി. തലമുടി പിടിച്ചു വലിക്കപ്പെട്ടതിന്റെ വേദനയിൽ ഇരു കൈകളും തലയിൽ അമർത്തിയിരിക്കുകയാണവർ. ഞാനാ മുഖം മെല്ലെ പിടിച്ചൊന്നുയർത്തി.
അമ്മ!! എന്റെ അമ്മ!!

ഞെട്ടിയെഴുന്നേറ്റു. അതൊരു സ്വപ്നമായിരുന്നെന്ന് മനസിലാക്കാൻ നിമിഷങ്ങൾ പിന്നെയുമെടുത്തു. സ്വപ്നം മാത്രമല്ല..അതൊരു സത്യം കൂടിയായിരുന്നു. അങ്ങനൊരു ചെറുക്കൻ ജീവിച്ചിരുന്നു.മേല്ക്കണ്ടത് അവന്റെ ഏറ്റവും നിസ്സാര തെമ്മാടിത്തരങ്ങളിലൊന്ന് മാത്രം. ആ ചെറുക്കൻ എന്റെ ബാല്യമായിരുന്നു. അന്ത മൂഞ്ചി താൻ ഇന്ത മൂഞ്ചി!!

കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് പഴയതൊക്കെയും പിന്നെയുമോർത്തു. എത്ര മാത്രം പാവം അമ്മയെ അവമാനപ്പെടുത്തിയിരിക്കുന്നു. എന്തോരം ഉപദ്രവിച്ചിരിക്കുന്നു. അമ്മയുടെ വിട്ട് മാറാത്ത തല വേദനയ്ക്ക് പിന്നിൽ അക്കാലങ്ങളിലെ എന്റെ ഏറ്റവും വലിയ ഉപദ്രവങ്ങളിലൊന്നായ തലമുടി പിടിച്ചു വലിക്കൽ കാരണമായിരിക്കാമെന്ന് ഇതിനിടയ്ക്ക് കൂടി അമ്മൂമ്മ ഒരു തമാശ കണക്കെ പറയുകയുണ്ടായി..ഇടയ്ക്കൊക്കെയും അമ്മ തലവേദനയാൽ പുളയുമ്പോൾ അറിയാതെയെങ്കിലും ഒരു കുറ്റബോധം മനസിലുണ്ടാവാറുണ്ട്..ഞാനുമതിനൊരു കാരണക്കാരനല്ലെ എന്നൊരു സംശയം...

ഫോണെടുത്തു.അമ്മയെ വിളിച്ചു. വിശേഷങ്ങൾ ചോദിച്ചു.

“രാവിലെ മുതൽ തുടങ്ങിയതാടാ ..നല്ല തലവേദന..”

കുറച്ച് നേരത്തേക്ക് ഒന്നും ഞാൻ പറഞ്ഞില്ല.

“അമ്മ കിടന്നോ..ഞാൻ പിന്നെ വിളിക്കാം..”

“കൊഴപ്പമില്ലെടാ..നിന്റെ വിശേഷങ്ങളൊക്കെ പറ..നിന്നോട് സംസാരിക്കുമ്പോൾ തന്നെ തല വേദന പാതി മാറിക്കൊള്ളും...”

ഉള്ളിൽ തിളച്ച് മറിയുന്ന ഏതോ ഒരു വികാരത്തെ കടിച്ചമർത്തി ഞാനെന്തൊക്കെയോ സംസാരിച്ചു തുടങ്ങി.