സുവർണ്ണ സുന്ദരമായിരുന്ന കോളേജ് കാലഘട്ടത്തിൽ നടന്ന സംഭവ കഥയാണിത്. ഡാനിയെന്ന പരമ വിശ്വാസിയും ഞാനെന്ന ലൂസിഫറും കേന്ദ്ര കഥാപാത്രമായുള്ള കദന കഥ.കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ പത്ത് ദിവസത്തെ ക്യാമ്പിൽ വച്ചാണു ഞാൻ ഡാനിയെ പരിചയപ്പെടുന്നത്.നാഷണൽ സർവീസ് സ്കീമിൽ രണ്ട് തരത്തിലുള്ള ആൾക്കരുണ്ടാകും. അതിലൊന്ന് സേവന സന്നദ്ധരായ ഒരു കൂട്ടം. മറ്റൊന്ന് ഇതിൽ പങ്കെടുത്താൽ 10 മാർക്ക് എക്സാമിനു കൂടുതൽ കിട്ടുമെന്നറിഞ്ഞു വരുന്ന, പണിയെടുക്കാൻ താല്പര്യമില്ലാത്ത കൂതറ കൂട്ടങ്ങൾ.രണ്ടാമത്തെ കൂട്ടത്തിന്റെ രാജാവ് ആരായിരിക്കുമെന്ന് പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ലല്ലൊ.നോം തന്നെ.അത്തവണത്തെ ക്യാമ്പിൽ ഒരു ഗ്രാമത്തിനു റോഡ് വെട്ടി കൊടുക്കുക എന്ന പുണ്യമാണു ചെയ്യുന്നത്. നിസ്സാര കാര്യമല്ല.എന്നെ പോലെയുള്ള ചില വക്രബുദ്ധിക്കാരെ ഒഴിച്ചു നിർത്തിയാൽ നന്നായി സേവന മനോഭാവമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ.പിന്നെ സ്നേഹ നിധികളായ നാട്ടുകാർ.ഉച്ച വരെ ജോലി..ഉച്ചയ്ക്കു ശേഷം നാട്ടുകാർക്ക് വേണ്ടി കലാപരിപാടികൾ. പത്ത് ദിവസം ക്യാമ്പിൽ തന്നെ അങ്കം.ഭക്ഷണമുണ്ടാക്കുന്നതൊക്കെ ക്യാമ്പിലെ അന്നന്ന് തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകൾ. ആയതിനാൽ തന്നെയും ഉപ്പുമാവ്,ഉപ്പില്ലാത്ത മാവ്(ഇത് ഞങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കുന്നത്) ഇവ മാത്രമെ ക്യാമ്പിൽ ഉണ്ടാകാറുള്ളു.എന്നാൽ വിശപ്പിന്റെയും വിയർപ്പിന്റെയും അസുഖമുള്ള ഞങ്ങൾ ഈ കടമ്പയെ മനോഹരമായിട്ടാണു മറി കടന്നത്. മണ്ണിനു നോവിക്കാത്ത തരത്തിൽ തൂമ്പകൊണ്ട് രണ്ട് വെട്ട് വെട്ടിയ ശേഷം ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ആരും കാണാതെ മുങ്ങും, തൊട്ടടുത്ത വീടിന്റെ മുറ്റത്ത് പൊങ്ങും.പിന്നെ പിച്ചക്കാർ തോല്ക്കുന്ന തരത്തിൽ നീട്ടി വിളിക്കും..
“അമ്മാാാ....”
ഏതെലും അമ്മമാർ വാതിൽ തുറക്കും.ഞങ്ങ കുടിവെള്ളം ചോദിക്കും.അമ്മമാർ കൊണ്ടത്തരും. പണിയെടുക്കാൻ വന്ന പിള്ളേരാണെന്ന് അവർക്കറിയാം. സ്നേഹത്തോടെ വിശേഷങ്ങൾ ചോദിക്കും.ഈയവസരം ഒരുളുപ്പുമില്ലാതെ ഞങ്ങ മുതലെടുക്കും.
“അമ്മ കഴിച്ചൊ”?-ഏതെങ്കിലുമൊരുത്തൻ ചോദിക്കും.
“ഉവ്വ..ഇഡ്ഡലിയാരുന്നു”- അമ്മ.
“ഇഡ്ഡലി..” ആ പേരു പറഞ്ഞു ഞങ്ങൾ മൂവരും നഷ്ടപ്രണയ നായകനെ പോലെ ആകാശം നോക്കി , ഞങ്ങൾ പ്രതീക്ഷിക്കുന്ന ചോദ്യവും കാത്തിരിക്കും..
“കുറച്ച് ബാക്കിയിരിപ്പുണ്ട്..മക്കൾക്ക് വേണേൽ...”
ദാറ്റ്സ് ഇറ്റ്.
അമ്മ മുറ്റത്തുന്ന് അകത്തു കയറുന്ന നിമിഷം ഞങ്ങ കൈകഴുകി റെഡിയായി മേശയ്ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും.
അങ്ങനെ നാലു നേരവും അമ്മമാരുണ്ടാക്കി വെച്ച ഭക്ഷണവും കഴിച്ച് ഏമ്പക്കവും വിട്ട് ആസനത്തിൽ വാലുംചുരുട്ടിയിരുന്നു മറ്റുള്ളവർ ചെയ്യുന്ന ജോലിയിലെ ചെറിയ ചെറിയ കുറ്റങ്ങൾ കഷ്ടപ്പെട്ട് കണ്ട്പിടിച്ച് കൊണ്ടിരിക്കുന്ന സമയം.ഒരു പയ്യൻ വിയർത്ത് കുളിച്ച് അടുത്തെത്തി.
“ചേട്ടൻ ക്രിസ്ത്യാനിയാണല്ലെ..”
ഞാൻ ഞെട്ടി.എല്ലാരും ഞെട്ടി. ഇടയ്ക്ക് ആരെങ്കിലും ഇങ്ങനെ ഓർമ്മിപ്പിക്കുമ്പോഴാണു ഞാനും ആ സത്യം മനസിലാക്കുന്നത്.പക്ഷെ ഞെട്ടിയത് ഇവനിതെങ്ങനെ മനസിലാക്കി എന്നതിലാണു.ചിലപ്പോ മുഖത്തുള്ള ആ ദൈവവരപ്രസാദം കൊണ്ടായിരിക്കണം- ഞാൻ ആശ്വസിച്ചു.
“അതേ..എന്തേ..”
“ഞാൻ ഡാനി. ബികോം ഫസ്റ്റ് ഇയർ”
ബീകോം ഫസ്റ്റ് ഇയറും മാത് സ് സെക്കന്റിയറും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമെയുള്ളു. എന്നിട്ടും ഇവൻ ചേട്ടനെന്ന് വിളിച്ചത്...ചിലപ്പൊ മുഖത്തെ ഗാംഭീര്യം കണ്ടിട്ടായിരിക്കണം.- ഞാൻ വീണ്ടും ആശ്വസിച്ചു.
“ക്രിസ്മസ് അല്ലെ..പാതിരാ കുർബാനയ്ക്ക് പോകണമെന്ന് ഉണ്ടായിരുന്നു..”- ഡാനിമൊഴി.
“അതിനെന്താ..പൊയ്ക്കോളു..” - ഗുരുത്വമുള്ള പയ്യൻ. നോം അനുവദിച്ചു.
“അതല്ല..ചേട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരു കമ്പനിയായിരുന്നേനെ.”
“എന്റെ പൊന്നോാാ...”
ഞാൻ മനസ്സറിഞ്ഞ് വിളിച്ച് പോയി.
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇന്നലെ ക്യാമ്പിൽ നിന്ന് ലീവ് എടുത്ത് പള്ളിയിൽ പോയതാണു. അച്ചന്റെ താരാട്ട് പ്രസംഗം കേട്ട് ഞാനുറങ്ങിയ ഉറക്കം.
“ഇല്ല കുഞ്ഞാടെ.. ഞാനിന്നലെ പോയതാ..”
ഡാനിയുടെ മുഖം വാടി.
“ചേട്ടന്റെ ബൈക്കിൽ പോവാംന്ന് വിചാരിച്ചു. ഇനി രാത്രിയിൽ ഇവിടുന്നു പോകാൻ ഒരു വഴിയുമില്ല..”
ഓഹോ..അപ്പോ എന്നെ ഒരു ഡ്രൈവറായി കണ്ട് കൊണ്ടായിരുന്നു ലവന്റെ ചേട്ടൻ വിളി. ഞാനവനെ ആകമാനം ഒന്ന് നോക്കി. ഷർട്ടിന്റെ മുകൾ ബട്ടൺ മൂന്നെണ്ണം തുറന്നിരിക്കുന്നു.ഒരു പത്ത് പവൻ മതിപ്പുള്ള മാല. പിന്നെ വലിയൊരു കൊന്ത. ഓക്കെ!! ഒരു സത്യക്രിസ്ത്യാനിക്കു വേണ്ട ആദ്യ മൂന്ന് ലക്ഷണങ്ങൾ ഒത്ത് വന്നിട്ടുണ്ട്.അവന്റെ നില്പ്പിൽ എനിക്കല്പം അനുകമ്പ തോന്നി. ശരിയാണു..പാതിരാത്രിയിൽ ആ ഗ്രാമത്തിൽ നിന്ന് ഒരു വണ്ടിയും കിട്ടില്ല.
“ശരി ഡാനി..ഞാൻ ഡാനിയെ കൊണ്ടവിടാം..”- ഞാൻ വിനയ കുലീനനായി.
“അപ്പോ ഞാനെങ്ങനെ തിരിച്ചു വരും” ഡാനി വിനയ കുനയ കുലീന മലീനമായി.
“മാത്രമല്ല..ചേട്ടനും മുഴുവൻ കുർബാന കാണണം.."- അത് ശരി..അപ്പൊ ഇവനെന്നെ രണ്ടാമതും ക്രിസ്ത്യാനിയാക്കാനുള്ള ശ്രമമാണു.
എന്തെലുമാവട്ടെ..ക്രിസ്ത്മസ് ആയിട്ട് നല്ലൊരു കാര്യം ചെയ്തില്ലെന്ന് വേണ്ട.പ്രോഗ്രാം ഓഫ്ഫിസറുടെ അനുവാദത്തോടെ എന്റെ ശകട സുന്ദരിയിൽ കയറി ഞങ്ങൾ പാതിരാത്രിയിൽ പള്ളിയിലേക്ക് കുതിച്ചു.
"ചേട്ടൻ വിശ്വാസിയല്ലെ?"- ഡാനി ബൈക്കിനു പുറകിലിരുന്ന് എന്റെ പുറം മാന്തി.
"അതെ..പക്ഷെ പള്ളിയിൽ പോകുന്നതാണു യഥാർത്ഥ വിശ്വാസം എന്നൊരു വിശ്വാസത്തിൽ വിശ്വസിക്കുന്നതിൽ എനിക്ക് വിശ്വാസമില്ല.."
പറഞ്ഞതെന്താണെന്ന് എനിക്കോ കേട്ടതെന്താണെന്ന് ഡാനിക്കോ മനസിലായില്ല.
ഡാനിയുടെ വായ അതിന്റെ അണ്ടകടാഹം കാണുന്ന തരത്തിൽ തുറന്നിരിക്കണം. കുറച്ച് നേരത്തേക്ക് അനക്കമൊന്നുമില്ല.
"അതായത്.."- ഡാനി വീണ്ടും മാന്തി.
"അതായത് അത് തന്നെ.."
"അപ്പൊ ചേട്ടൻ പള്ളിയിൽ തീരെ പോവാറില്ല? ഒട്ടും വിശ്വാസമില്ല?"
"വിശ്വാസമില്ലാന്ന് മുഴുവനായി പറയാൻ പറ്റില്ല..പരീക്ഷ റിസൽട്ട് വരാറാവുന്ന ദിവസങ്ങളിൽ ഞാൻ വലിയ വിശ്വാസിയാകും..പള്ളിയിലും പോകും..മെഴുകു തിരീം കത്തിക്കും.."- ഞാൻ സത്യാവസ്ഥ ബോധിപ്പിച്ചു.
ഡാനി ചെറുതായി ഒന്ന് ആശ്വസിച്ചോ?
"പക്ഷെ ഡാനി..റിസൽട് വരുന്ന ദിവസം മുതൽ പിന്നങ്ങോട്ട് ഈശ്വര വിശ്വാസമൊക്കെ പമ്പ കടക്കും..അമ്മാതിരി ചെയ്ത്തല്ലയോ ചെയ്യുന്നത്.."- ഞാൻ പൂർത്തീകരിച്ചു.
"ഫലേച്ഛ കൂടാതെ പ്രാർത്ഥിക്കണമെന്നാ..."- ഡാനി.
"ഓഹോ..പിന്നെന്തിനാ പ്രാർത്ഥിക്കുന്നെ.." - ഞാൻ
"ദൈവരാജ്യത്തിൽ നല്ലൊരു ഇരിപ്പിടം കിട്ടുവാനായി.."
"ഓ..ഞാൻ സൈഡിലെങ്ങാനും നിന്നോളാം"- ഞാൻ തർക്കുത്തരിച്ചു.
"ഡാനി.. യഥാർത്ഥ പ്രാർത്ഥനയെന്നാൽ നമ്മൾ ചെയ്യുന്ന സത്കർമ്മങ്ങൾ എന്നാണർത്ഥം. അല്ലാതെ പാവത്തുങ്ങളുടെ കഷ്ടപ്പാടുകൾ കാണാതെ കണ്ണുകൾ ഇറുക്കിയടച്ച് തങ്ങളെ ചുമ്മാ സ്തുതിച്ചുകൊണ്ടിരിക്കുന്നവരെ ദൈവങ്ങൾക്ക് ഇഷ്ടപ്പെടത്തൊന്നുമില്ല.."- ഞാൻ ഉപദേശിയായി.
‘എന്നിട്ട് ചേട്ടൻ എന്നെങ്കിലും ഏതെങ്കിലും ഒരു പാവത്തിനെ സഹായിച്ചിട്ടുണ്ടോ’ എന്നൊരു ചോദ്യം ഡാനി ചോദിച്ചിരുന്നേൽ ഞാൻ തെണ്ടിപ്പോയേനെ..ഭാഗ്യം.അതുണ്ടായില്ല.
എന്തായാലും പള്ളിയിലെത്തുന്നവരെ ഡാനി എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു.ഒരു മൊബൈൽ ധ്യാനം കൂടിയ പ്രതീതി.ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അല്ലെങ്കിൽ തന്നെ, മതവിശ്വാസവും രാഷ്ട്രീയ ചിന്തകളും അതിരു കവിഞ്ഞാൽ അതിനോളം ലഹരി മറ്റൊന്നിനുമില്ല എന്ന് അപ്പൻ ഇടയ്ക്കിടെ പറയാറുണ്ട്. അങ്ങനെയുള്ളവരുമായി വാക്കു തർക്കത്തിൽ ഏർപ്പെടരുതെന്ന് പണ്ട് ചാണക്യനും പറഞ്ഞിട്ടുണ്ട്(എന്നോട്). അത് കൊണ്ട് ഞാൻ മൗനിയായി.എങ്കിലും ഇത്രയും പറഞ്ഞു ഞാൻ അവസാനിപ്പിച്ചു.
"ഡാനി..നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..എന്റേത് എന്നെയും.."
"അങ്ങനല്ല ചേട്ടാ..ഇന്ന് ഞാൻ ചേട്ടനു വേണ്ടി പ്രാർത്ഥിക്കും..ചേട്ടനു മറക്കാനാവാത്ത ഒരനുഭവം ദൈവം തരും.."- ഡാനി.
കർത്താവെ..ഇവൻ പ്രാകിയതാണോ? ഞാൻ ഒരു തമാശ പറഞ്ഞതല്ലെ.. ഞാൻ ആകാശത്തേക്കു നോക്കി. ദൈവം നക്ഷത്രങ്ങളായി പുഞ്ചിരി തൂകുന്നു. ഞാനും ചിരിച്ചു. ഞങ്ങൾ തമ്മിൽ അങ്ങനത്തെ ഒരു ബന്ധമാണേയ്..
പള്ളി മുറ്റത്തെത്തി. ഉച്ചഭാഷിണിയിലൂടെയുള്ള പ്രാർത്ഥനകൊണ്ട് ആ ഏരിയ മുഴുവൻ ഉറക്കമില്ലാതിരിക്കുകയാണു. അല്ലെങ്കിൽ തന്നെ എന്തിനാണിത്ര ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത്?നാട്ടുകാരെ കേൾപ്പിക്കാനോ? അതോ അങ്ങ് മുകളിൽ സ്വർഗ്ഗ രാജ്യത്തുള്ള ദൈവത്തിനു കേൾക്കാനോ? ഞാൻ വീണ്ടും മുകളിലേക്ക് നോക്കി.
"കേൾക്കുന്നുണ്ടോ? അതോ അച്ചനോട് പറഞ്ഞ് കുറച്ച് കൂടെ വോള്യം കൂട്ടണോ".
ദൈവം പുഞ്ചിരി തൂകി തന്നെ നില്ക്കുന്നു. ഞാനും ചിരിച്ചു.
"ഡാനി കേറിക്കോ..ഞാൻ പള്ളിയിൽ ഏറ്റവും പുറകിൽ മൂലയ്ക്കുണ്ടാകും. പോകാംനേരത്ത് വിളിച്ചാൽ മതി.." - ആ ഏരിയയിലാണു എന്നെ പോലുള്ള അല്പ വിശ്വാസികൾ സാധാരണ കൂടു കൂട്ടാറുള്ളത്. ചുമരു താങ്ങി ഉറങ്ങാൻ പറ്റിയ ഇടം.
"അത് പറ്റില്ല..ചേട്ടൻ മുന്നിലേക്ക് വരണം.." -ഡാനി എന്നെ പിടിച്ച് വലിച്ചു. സത്യത്തിൽ എനിക്ക് നല്ല കലി വന്നു.സ്വ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേല്പ്പിക്കുന്നവരോട് എനിക്ക് പണ്ട് മുതലേ വിദ്വേഷമാണു.ദേവാലയമാണു..ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
"ഡാനി..ഞാൻ ഉറങ്ങിപ്പോകും..മുന്നിലിരുന്ന് അച്ചൻ കണ്ടാ എന്നെ തൂക്കിയെടുത്ത് സെമിത്തേരിയിലേക്കെറിയും.."- ഞാൻ ഡാനിയുടെ ചെവിയിൽ മന്ത്രിച്ചു.
"ചേട്ടൻ ഉറങ്ങാതെ ഞാൻ നോക്കിക്കോളാം.." ഡാനി.
പ്രാർത്ഥനകളും പാട്ടുമായി ക്രിസ്ത്മസ് രാത്രി..
എല്ലാവരും വിശ്വാസത്തിൽ ആറാടുന്നു. കൈകൾ വിടർത്തി കണ്ണുകളടച്ച് വിശ്വാസികൾ. ഡാനിയും.
ഞാൻ ഡാനിയെ അല്പം അസൂയയോടെ തന്നെ നോക്കി. എങ്ങനെ ഇങ്ങനെ പ്രാർത്ഥിക്കാൻ സാധിക്കുന്നു.ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.പക്ഷെ സാധിച്ചിട്ടില്ല.
“അതെന്താ അങ്ങനെ”?- കുരിശിൽ കിടക്കുന്ന ദൈവരൂപത്തോട് ഞാൻ ചോദിച്ചു.
“നീ നിന്റേതായ രീതിൽ പ്രാർത്ഥിച്ചോ..ഞാൻ കേട്ട് കൊള്ളാം ..” - ദൈവം പ്രതി വചിച്ചു.
അല്ലപിന്നെ.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതേ പള്ളിയിൽ വെച്ച് എന്നെയും കൂട്ടുകാരൻ ജിനുവിനെയും ധ്യാനത്തിനിടയ്ക്ക് ഇറക്കി വിട്ടതാണു. ചിരിച്ചതിനു..എന്തിനാണു ചിരിച്ചതെന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ എന്തോ, മുഖത്തോട് മുഖം നോക്കുമ്പോൾ ചിരി അടക്കാൻ സാധിച്ചില്ല.അതാലോചിച്ചപ്പോ വീണ്ടും ചിരി പൊട്ടി.
അടുത്ത് നിന്ന ചേട്ടൻ കണ്ണുരുട്ടി ‘ചുമ്മാ നിന്ന് കിണുങ്ങാതെടാ നരുന്തേ’ എന്നെന്നോട് പറയാതെ പറഞ്ഞു.
‘എന്റെ മോന്തേലോട്ട് നോക്കാതെ നേരെ നോക്കി പ്രാർത്ഥിക്കടോ ’ എന്ന് ഞാനും കണ്ണുകൾ കൊണ്ട് റിപ്ളെ അയച്ചു.
അച്ചന്റെ പ്രസംഗം തുടങ്ങി.എന്റെ അവസ്ഥ അതി ഭീകരമായിരുന്നു.ഇതേ ശബ്ദത്തിൽ ഇതേ പ്രസംഗം വള്ളി പുള്ളി മാറാതെ ഞാൻ ഇന്നലെ കേട്ടതാണു.ഞങ്ങളുടെ ഇടവകയിൽ അന്നുണ്ടായിരുന്ന ആ അച്ചൻ അന്ന് മിമിക്സ് പരേഡിലൊക്കെ പറയാറുള്ളത് പോലെ വാക്കുകളോക്കെയും നീട്ടിപ്പറയുന്ന ഒരച്ചനായിരുന്നു.
“കർത്താവെ..പരീക്ഷിക്കരുതെ..എന്നെ ഉറക്കിക്കളയല്ലെ...” - കുറേ നാളു കൂടി ഞാൻ മനമുരുകി പ്രാർത്ഥിച്ചു.
അച്ചന്റെ പ്രസംഗം ഉച്ചസ്ഥായിയിലെത്തി. നൂറു കിലോ ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്നവനെക്കാൾ മസിലു പിടിച്ച് ഞാനെന്റെ അടഞ്ഞു വരുന്ന കൺപോളകളെ ഉയർത്തിക്കൊണ്ടിരുന്നു. ആ ഒരു നിമിഷത്തിൽ പള്ളി പറമ്പിൽ തേങ്ങ വീണു.
പ്ധിം!!!!
അച്ചന്റെ പ്രസംഗം ഒന്ന് നിലച്ചു. ഞാൻ അടുത്ത് നിന്ന ചേട്ടനെ ഒന്ന് നോക്കി. ചുവന്ന കണ്ണുകൾ മിഴിച്ച് ചുറ്റും നോക്കുന്നു.
'അത് ശരി..നല്ല ഉറക്കമായിരുന്നല്ലെ..'
ഞാൻ വലത്തോട്ട് തിരിഞ്ഞു ഡാനിയെ നോക്കി.
കർത്താവെ..ഡാനിയെ കാണുന്നില്ല..
താഴെ നിന്ന് ഒരു ഞരക്കം. ഞാൻ നോക്കി.
പാടവരമ്പത്ത് , ചാടണോ വേണ്ടയോ എന്ന ശങ്കയിൽ ഇരിയ്ക്കുന്ന മാക്കാൻ തവളയെപ്പോലെ, ആസനം മുകളിലേക്കുയർത്തി മൂക്കു കുത്തി കൈകൾ പിന്നോക്കം വച്ച് എന്റെ ഡാനി, വീണിതല്ലോ കിടക്കുന്നു ധരണിയിൽ.അപ്പോ തേങ്ങ വീണതല്ല.ഡാനി ഉറങ്ങി വീണതാണു!! ഭൂമി ദേവിയെ ചുംബിക്കാൻ പോയ പോക്കിൽ അടുത്തിരുന്ന പ്രാർത്ഥനാ പുസ്തകത്തിന്റെ കൊച്ചു മേശയടക്കം വീണിരിക്കുന്നു.
ഞാൻ ചുറ്റും നോക്കി. അച്ചൻ, കുരിശു കണ്ട ചെകുത്താനെപോലെ ഡാനിയെ നോക്കുന്നു. ആരൊക്കെയോ വന്ന് ഡാനിയെ പിടിച്ചെഴുന്നേല്പ്പിച്ചു.ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു. പുറത്തേക്ക് നടന്നു. ടോയ്‌ലറ്റിൽ കയറി കതകടച്ച് ടാപ്പു തുറന്നു. എന്നിട്ട് അത്ര നേരം അടക്കി വെച്ച ചിരിയും തുറന്നു വിട്ടു. ചിരിച്ച് ചിരിച്ച് എനിക്ക് ശ്വാസം മുട്ടി.ചെയ്യുന്നത് ക്രൂരതയാണെന്നറിയാം. ഞാൻ നിസ്സഹായനായിരുന്നു.ചില സമയത്ത് ചിരി വന്നാൽ എനിക്കു കണ്ട്രോൾ ചെയ്യാൻ പറ്റാറില്ല. അത് മരിച്ച വീട്ടിലായാൽ പോലും..
പത്ത് മിനുട്ട് നേരമെടുത്ത് ഞാൻ ചിരിയെ വരുതിയിലാക്കി. എന്നെ കൊണ്ട് ചിരി കണ്ട്രോൾ ചെയ്യാൻ സാധിക്കും എന്ന് മനസിനെ ആയിരം വട്ടം പറഞ്ഞ് പഠിപ്പിച്ച് പുറത്തേക്കിറങ്ങിയതും വീണ്ടും ചിരി തുടങ്ങി.
അത് വഴി വന്ന ഒരു ചേട്ടൻ ‘ ഇതിനകത്ത് ഇത്രമാത്രം ചിരിക്കാൻ എന്തുണ്ട്’ എന്ന ഭാവത്തിൽ ആ ടോയ്‌ലറ്റിലേക്ക് എത്തി നോക്കി.
അച്ചന്റെ താരാട്ട് പുനരാരംഭിച്ചു കഴിഞ്ഞു. പള്ളി മുറ്റത്ത് രണ്ട് മൂന്ന് പേർ കൂട്ടം കൂടി നില്പ്പുണ്ട്.
“ചേട്ടാ..ആ പയ്യൻ എവിടെ?”
ഞാൻ ചോദിച്ചു.
“മൂക്കിൽ പഞ്ഞി വെച്ചു കൊണ്ടിരിക്കുകയാ”- ചേട്ടൻ ദുഖത്തോടെ പറഞ്ഞു.
“ങെ!! കർത്താവെ..നീയവനെ കൊണ്ട് പോയോ?”- ഞാൻ മുകളിലേക്ക് നോക്കി.
“പേടിക്കണ്ട..മൂക്കിൽ നിന്നും ചെറുതായി രക്തം വന്നാരുന്നു. അതിനാ പഞ്ഞി വച്ചത്..കൂടെ വന്ന ആളാണല്ലെ..?” - ചേട്ടൻ.
“അതെ ..എങ്ങനെ മനസിലായി..”- ഞാൻ.
“കണ്ണുകൾ നിറഞ്ഞിരിക്കുന്നു. വിഷമിക്കെണ്ടാ..” - ചേട്ടൻ.
ഉവ്വുവ്വേ...ഞാൻ കണ്ണീരു തുടച്ചു.
ഡാനി വന്നു, മൂക്കിൽ പഞ്ഞിയുമായി.ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.ഡാനി പിന്നിൽ കയറി. ആരുമാരും ഒന്നും ഉരിയാടിയില്ല.ഡാനി ഇപ്പോൾ ഒന്നും സംസാരിക്കരുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു. ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല. ഡാനി പുറകിലിരുന്ന് മാന്തി വിളിച്ചു.
“ഹതേയ്..” - മൂക്കടഞ്ഞ ഡാനി ചൈനാക്കാരനെ പോലെ സംസാരിച്ചു തുടങ്ങി.
ഞാൻ വണ്ടി നിർത്തി.‘ഡാനി ഞാൻ ഒന്ന് ഒന്നിനു പോയിട്ട് വരാം എന്ന് പറഞ്ഞ് ദൂരെ മാറി ഒരു കുറ്റിക്കാട്ടിൽ കയറി ദിഗന്തം പൊട്ടുമാറു ഉച്ചത്തിൽ ചിരിച്ചു. കുറുക്കന്മാർ പേടിച്ചോടി.
തിരിച്ചെത്തി , ഗോഡ്ഫാദർ സിനിമയിൽ, ഒന്നുമറിയാത്തവനെ പോലെ നില്ക്കുന്ന ജഗദീഷിന്റെ മുഖഭാവത്തോടെ ചോദിച്ചു.
“എന്താ ഡാനി?”
“ൻഹാൻ പള്ള്ഹിയ്‌ല് വീഹ്ണ ഗാര്യം ആരോട് ഹും പറയല്ല്. ..” - ഡാനി.
“ഡാനി ഒരു മിനുട്ട്..ഞാൻ ഒന്നൂടെ ഒന്നിനു പോയിട്ട്..." -
പറഞ്ഞു തീർക്കാൻ ഡാനി സമ്മതിച്ചില്ല.
"വേണ്ട് ഹാ..ചേട്ടഹ്ൻ ചിരിക്കാൻ പോൂകുന്നതല്ലെ ..നേരത്തെ ചിരിച്ചത് ഞ്ഹാൻ ഇവിടെ കേട്ട് ഹു.."
"സോറി ഡാനി(ചിരി)..എനിക്ക് ചിരി നിയന്ത്രിക്കാൻ (ചിരി) പറ്റാത്തതു കൊണ്ടാ(ചിരി)..എന്നോട് ക്ഷമി(ചിരി).." ഞാൻ നടു റോഡിൽ കുത്തിയിരുന്നു ചിരിച്ചു.പുല്ല്..
"എന്നാലും ഡാനി ..ഞാൻ കുറച്ച് വിശ്വാസിയായി കേട്ടോ..എനിക്കു ജീവിതകാലം ഓർത്ത് വയ്ക്കാനുള്ള നീ പറഞ്ഞ ആ അത്ഭുതം ഇതായിരുന്നല്ലെ."
ഇത്തവണ ഞാനും ഡാനിയും ആകാശത്തെ നക്ഷത്രങ്ങളും ഒരുമിച്ച് ചിരിച്ച് മറിഞ്ഞു.
ക്യാമ്പിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
വഴിയോരത്തെ കടത്തിണ്ണയിൽ ഡിസംബറിന്റെ തണുപ്പിൽ ഒരു പുതപ്പ് പോലുമില്ലാതെ ചുരുണ്ട് കിടക്കുന്ന ദൈവങ്ങളെ ഞങ്ങൾ രണ്ട് പേരും കണ്ടില്ലെന്ന് നടിച്ചു.
"ഡാനി വിഷമിക്കെണ്ടാ..പള്ളിയിൽ ഉറക്കം തൂങ്ങി വീണ കാര്യം ഞാൻ ആരോടും പറയില്ല..“ - ഞാൻ ഡാനിക്കു വാക്ക് കൊടുത്തു. ഡാനിക്കു സന്തോഷമായി. എന്നാൽ അതിനിടയിൽ ഞാൻ ആകാശത്തേക്ക് നോക്കി ദൈവത്തെ കണ്ണിറുക്കി കാണിച്ചത് ഡാനി കണ്ടില്ല.
പിറ്റേന്ന്, ക്യാമ്പിൽ ഞാനിറക്കാറുള്ള ‘ തുരിശ് ’ ദിനപത്രത്തിന്റെ പ്രധാന തലക്കെട്ട് ഇതായിരുന്നു.
തൂങ്ങി മരിച്ചു
കണ്ണൂർ: ഇന്നലെ രാത്രിയിൽ പള്ളിയിൽ പാതിരാ കുർബാനയ്ക്കിടക്ക് ഡാനി(18 വയസ്) എന്ന മലയാളി യുവാവിനെ ഉറക്കം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....
എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ...